ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് എന്റെ പരസ്യ വാചകത്തെ: അനീസ് സലിം

Web Desk
Posted on July 30, 2020, 3:27 pm

കൊണ്ടോട്ടി സ്വദേശി ഫായിസിന്റെ വരികള്‍ നിഷ്പ്രഭമാക്കിയത് താൻ വര്‍ഷങ്ങള്‍ക്ക് മുമ്പ് മില്‍മയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണെന്ന് ഇംഗ്ലീഷ് സാഹിത്യകാരൻ അനീസ് സലിം. തന്റെ വാചകത്തെ നിഷ്പ്രഭമാക്കിയെങ്കിലും വളരെ സന്തോഷമുണ്ടെന്നും അനീസ് സലീം പറഞ്ഞു.

“ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് ഞാൻ വർഷങ്ങൾക്ക് മുമ്പ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം.” അനീസ് സലീം ഫെയ്സ്ബുക്കിൽ കുറിച്ചു.


. ജൂലൈ 22നാണ് വീഡിയോ ചിത്രീകരിച്ചത്. വീട്ടുകാര്‍ ഭക്ഷണം കഴിക്കുവാന്‍ ഫായിസിനെ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് കക്ഷി ഒഴിഞ്ഞു മാറിയത് മറ്റൊന്നിനും അല്ല. ഉമ്മയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് ആരും കാണാതെ മുറിയില്‍ കയറി പുസ്തകം അടുക്കി വച്ച് ഉയരമുണ്ടാക്കി അതില്‍ ഫോണ്‍ വച്ച് വീഡിയോ എടുക്കുകയായിരുന്നു. രണ്ട് മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ പേപ്പറുകൊണ്ട് പൂവുണ്ടാക്കാന്‍ പഠിപ്പിക്കുകയായിരുന്നു അവന്‍.

‘ഹായ് ഫ്രണ്ട്സ്, ഞമ്മ ഉണ്ടാക്കാന്‍ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്’ എന്ന് പറഞ്ഞാണ് വീ‍ഡിയോ തുടങ്ങുന്നത്. പൂവുണ്ടാക്കി ശരിയായില്ലെന്ന് പറയുമ്പോഴും പൂവ് ശരിയാവുന്നാണ് വിചാരിച്ചതെന്ന് അവന്‍ പറയുന്നുണ്ട്. എന്നാല്‍ ശരിയായില്ല, ചെലത് റെഡ്യാവും ചെലത് റെഡ്യായീല, ഇന്റത് മോഡലാ വന്നതെന്ന് തളരാതെയാണ് കുഞ്ഞ് ഫാരിസ് പറയുന്നത്. ഒരു നിമിഷം കാഴ്ചക്കാരില്‍ അത്ഭുതവും ചിന്തയും ഉണ്‍ത്തും. ഇത്ര കുഞ്ഞ് പ്രായത്തിലും തളരാത്ത അവന്റെ ആത്മവിശ്വാസത്തെ പ്രശംസിക്കാതെ വയ്യ. ഒരു പരാജയത്തോടു കൂടി എല്ലാം അവസാനിച്ചു എന്ന് കരുതുന്നവർക്ക്‌ ഏറ്റവും മികച്ച പ്രചോദനം തന്നെയാണ്‌ അവന്‍.

പൂവ് ശരിയായീല. അത് ഉപ്പച്ചിക്ക് അയച്ച് കൊടുത്തു എന്നാണ് ഫായിസ് പറഞ്ഞത്. പിതാവ് മുനീര്‍ ജിദ്ദയാണ് ജോലി ചെയ്യുന്നത്. പിതാവിന് അയച്ച് നല്‍കിയ വീഡിയോയയാണ് പിന്നീട് വൈറലായത്. വീഡിയോ കുടുംബക്കാര്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇടുകയും നാട്ടുകാര്‍ പിന്നീട് അത് പങ്കുവയ്ക്കുകയും ചെയ്തതോടെ സംഭവം ക്ലിക്ക് ആയി. പിന്നീട് ഫേസ്ബുക്കിലൂടെ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.

നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. ആളുകള്‍ ഫായിസിനെ കാണുവാന്‍ എത്തുകയും ചിലര്‍ സമ്മാനവുമായി വരാമെന്ന് അറിയിക്കുകയും ചെയ്തു. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ വിദ്യാര്‍ഥിയായ ഈ പത്തുവയസുകാരന്‍ കൂട്ടുകാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും താരമായി മാറിയിരിക്കുകയാണ് ഇതോടെ. അധ്യാപകര്‍ അടക്കമുള്ളവര്‍ ഫായിസിന്റെ വീഡിയോ സ്റ്റാറ്റസാക്കിയിരുന്നു. ഇനിയും വീഡിയോകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ഫായിസ് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഫായിസ് മനു എന്റർടെയ്ൻമെന്റ് എന്നാണ് ചാനലിന് പേര് നൽകിയിരിക്കുന്നത്.

ENGLISH SUMMARY: aneez sal­im face­book post on faiz

YOU MAY ALSO LIKE THIS VIDEO