8 October 2024, Tuesday
KSFE Galaxy Chits Banner 2

വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
December 3, 2021 9:37 pm

ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.buymysun.com എന്ന പോർട്ടൽവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽവഴിയാണ് നടക്കുന്നത്.

പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി അനുവദിക്കുന്നത്. മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ‑പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40 ഉം തുടർന്ന് 20 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ(ഒരു വീടിന് 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലിൽനിന്ന് പ്രതിമാസ ഉപയോഗം മനസിലാക്കി വീടുകളിൽ സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം.

വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലു മുതൽ ഏഴു വരെ വർഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം തിരികെ ലഭിക്കും. പ്ലാന്റിൽനിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ കെഎസ്ഇബിയുടെ ഗ്രിഡിലേക്കു കടത്തിവിടാൻ കഴിയും. ഓരോ വർഷവും ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള ഒരു വർഷം ഇങ്ങനെ അധികം ഗ്രിഡിലേക്കു നൽകിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെഎസ്ഇബി നൽകും. പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനും അനെർട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിക്കുന്നുണ്ട്.

eng­lish sum­ma­ry; Anert’s ‘SolarTe­jas’ plan to set up a solar plant at home

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.