Web Desk

കൊച്ചി

January 16, 2020, 4:49 pm

ബുള്ളറ്റിൽ ഹൈറേഞ്ച് സാഹസികതയ്ക്കൊരുങ്ങി ആൻഫിയും മെഴ്‌സിയും

Janayugom Online

രാത്രി യാത്രയും ബൈക്ക്  യാത്രയും പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചവരാണ് ഇവർ രണ്ടുപേരും. ഒരാൾ പതിനെട്ടാം വയസിൽ ഏഴായിരം കിലോമീറ്റർ താണ്ടി ബുള്ളറ്റിൽ ഹിമാലയൻ യാത്ര നടത്തി മടങ്ങിയെത്തിയ ആൻഫി മരിയ ബേബിയാണ് രണ്ടാമത്തെയാൾ എറണാകുളം സ്വദേശി മേഴ്‌സി ജോർജ്ജാണ് ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ ദീർഘദൂര ബൈക്ക്‌ റൈഡ് ഇഷ്ട്ടപെടുന്നയാൾ. 46 വയസിലുംമേഴ്‌സിയും ആൻഫിയും ഇടുക്കിയിലേയ്ക്ക് ഹൈറേഞ്ച് യാത്ര നടത്തുന്നത് വലിയ കാര്യമൊന്നുമല്ല എന്ന് നമുക്ക് തോന്നിയേക്കാം.

പക്ഷെ ഇവരെ കാത്തിരിക്കുന്നത് ദുർഘടം നിറഞ്ഞ പാതകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളിൽ ഒന്നാണ് പാൽകുളമേട്. സമുദ്ര നിരപ്പിൽ നിന്ന് 3125 അടി ഉയരമുള്ള പാൽക്കുളമേട് ഇടുക്കി ജില്ലയിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്‌ഥലമാണിത്. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവർ പാൽക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂർത്തിയാക്കുന്നവർ അപൂർവം. ഉരുളൻ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീർത്തും അപകടം നിറഞ്ഞ പാതയാണിത്. പാതി വഴിയിൽ ദൗത്യം ഉപേക്ഷിച്ച് മടങ്ങുന്നവരും ഏറെയാണ്. 40 കിലോമീറ്റർ ഓഫ്‌ റോഡാണിത്. കൊടും കാടിന് നടുവിലൂടെയാണ് രണ്ട് വനിതകൾ മാത്രമടങ്ങുന്ന സംഘത്തിന്റെ യാത്ര.

you may also like this video;

ജീപ്പുകൾ പോലും അതീവ സാഹസികമായാണ് ഈ വഴിയിൽ  ഓഫ് റോഡ് റൈഡ് നടത്തുന്നത്. പാൽക്കുളമേട്ടിലേക്ക് ബുള്ളറ്റിൽ ഓഫ് റോഡ് റൈഡ് നടത്തുന്ന ആദ്യ വനിതകളാണ് ആൻഫിയും മെഴ്‌സിയും. ഇന്ന് രാവിലെ 7 ന് കൊടുങ്ങലൂരിൽ നിന്നാണ്  യാത്ര തിരിച്ചത്. ഇരുപതുകാരിയായ ആൻഫിയും നാല്പത്തിയാറുകാരിയായ മേഴ്‌സിയും യാത്രയ്ക്കിടയിൽ പരിചയപ്പെട്ടവരാണ്. പിന്നീട് പല യാത്രകളിലും പങ്കാളികളായി. പതിനെട്ടാമത്തെ വയസിൽ ലൈസൻസ് എടുത്തയുടനെ 20 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് ഹിമാലയത്തിലേയ്ക്കും തിരിച്ചും ബുള്ളറ്റിൽ യാത്ര ചെയ്ത ശേഷം ബുള്ളറ്റ് യാത്രയെ ഇഷ്ടപ്പെടുന്ന പെൺകുട്ടികൾക്കായി ആൻഫി റോയൽ ട്യൂൺ റൈഡേഴ്‌സ് എന്ന ഗ്രൂപ്പ് ആരംഭിച്ചു.

ലേഡി ഓൺ റോഡ് എന്ന പേരിൽ യു ട്യൂബ് ചാനലും ആരംഭിച്ചു.  വൈധവ്യം നേരിട്ടപ്പോഴും മനക്കരുതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയ മെഴ്‌സി ഇപ്പോൾ ഡ്രൈവിങ്ങ്  ഇൻസ്ട്രുക്റ്റർ ആണ്. മുതിർന്ന രണ്ട് ആൺമക്കളാണ്‌ അമ്മയ്ക്ക് എല്ലാ പ്രോത്സാഹനവുമായി രംഗത്തുള്ളത്. 18 മുതൽ 60 വയസ് വരെയുള്ള യാത്രയെ സ്നേഹിക്കുന്ന സ്ത്രീകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. വീടുകളിൽ ഒതുങ്ങിക്കൂടുന്ന വീട്ടമ്മമാരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് യു ട്യൂബ് ചാനലിൻറെ പ്രധാന ലക്ഷ്യം. തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിനുള്ള ധൈര്യവും മാർഗ നിർദേശങ്ങളും ലേഡി ഓൺ റോഡ് എന്ന യു ട്യൂബ് ചാനലിൽ ലഭിക്കും.

you may also like this video;


സ്ത്രീകൾ വിചാരിച്ചാലും ഇത്തരം കാര്യങ്ങൾ സാധിക്കും എന്ന് ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യമെന്ന് ആൻഫിയും മെഴ്‌സിയും പറയുന്നു. വനിതാശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങാതെ ഓരോ പെൺകുട്ടിയും സ്വയം മാതൃക കാട്ടണം എന്ന ചിന്തയിൽ നിന്നാണ് സാഹസികത ഇഷ്ട്ടപ്പെട്ടു തുടങ്ങിയതെന്ന് ആൻഫി പറയുന്നു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഇത്തരം സാഹസിക യാത്രകൾ കഴിയുമ്പോൾ മനസിന് കൂടുതൽ കരുത്ത് കൈവരും. യാത്രകളോട് വല്ലാത്ത പ്രണയമാണ്. യാത്രകൾ ആസ്വദിക്കുമ്പോൾ തന്നെ  സമൂഹത്തിനു ചില സന്ദേശങ്ങൾ നല്കാൻ നമുക്ക് കഴിയും.

ആത്മവിശ്വാസം കൈമുതലായുണ്ടെങ്കിൽ പെൺകുട്ടികൾക്ക് കഴിയാത്തതായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് അതീവ ദുർഘടമായ പാൽക്കുളമേട് തെരഞ്ഞെടുത്തതെന്നും ആൻഫി പറയുന്നു. യാത്രകൾ പോകുമ്പോൾ ആദ്യമൊക്കെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു. എന്നാൽ ഇപ്പോൾ ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും ആൻഫി പറഞ്ഞു. യാത്രയെ ഇഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുമായി ഈ യാത്ര സമർപ്പിക്കുകയാണെന്നും ആൻഫിയും മെഴ്‌സിയും പറഞ്ഞു. ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് പാൽകുളമേട്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടമിടം കൂടിയാണിത്. പക്ഷെ ഓഫ് റോഡ് റൈഡ് ഏറെ ദുർഘടം പിടിച്ചതാണ്. കുന്നിൻ മുകളിലെ ശുദ്ധജല തടാകമാണ് പാൽക്കുളമേട് എന്ന പേര് ലഭിക്കാൻ കാരണം.

you may also like this video;