കശ്മീരിലെ നിലവിലെ സ്ഥിതി നല്ലതും സുസ്ഥിരവുമല്ല : ഏഞ്ചല മെർക്കൽ

Web Desk
Posted on November 02, 2019, 2:25 pm

ന്യൂഡൽഹി: കശ്മീരിലെ നിലവിലെ സ്ഥിതി നല്ലതല്ലെന്നും അവിടെയുള്ള ജനങ്ങളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ അഭിപ്രായപ്പെട്ടു. ഭീകരതെയും തീവ്രവാദത്തെയും ന്യൂഡൽഹിയും ബെർലിനും ഒരുമിച്ച് നിന്ന് പ്രതിരോധിക്കാനായി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യ സന്ദർശനത്തിനെത്തിയ ഏഞ്ചല ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കശ്മീരിലെ സംഭവങ്ങളെക്കുറിച്ച് ഹൈദരാബാദ് ഹൗസിൽ മോഡിയുായി നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നില്ല. അത്താഴവിരുന്നിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൂടിക്കാഴ്ചക്ക് ശേഷം ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെച്ചു.

പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവെച്ചത്. ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ആവശ്യമാണെന്നും മോഡി പറഞ്ഞു. കയറ്റുമതി നിയന്ത്രണ വിഷയങ്ങളിലും വിവിധ അന്താരാഷ്ട്ര വേദികളിലും ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകിയതിന് ജർമ്മനിയോട് നന്ദിയുള്ളവരായിരിക്കുമെന്നും ഹൈദരബാദ് ഹൗസിൽ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ മോഡി പറഞ്ഞു.
ഇന്ത്യയുടെ നാഷണൽ മ്യൂസിയം, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ഇന്ത്യൻ മ്യൂസിയം, കൊൽക്കത്ത, പ്രഷ്യൻ കൾച്ചറൽ ഹെറിറ്റേജ് ഫൗണ്ടേഷന്‍ തുടങ്ങിയ കരാറുകളും ഒപ്പിട്ടു.കൂടാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഡച്ച് ഫ്യൂബോൾ — ബണ്ടും തമ്മിൽ മറ്റൊരു കരാറിലും ഒപ്പുവെച്ചു.