16 April 2024, Tuesday

അനില്‍ അംബാനിക്ക് ഓഹരിവിപണിയില്‍ വിലക്ക്

Janayugom Webdesk
മുംബൈ
February 12, 2022 10:20 pm

അനില്‍ അംബാനിയെ ഓഹരിവിപണിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്കി സെബി. കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ കടം തിരിച്ചടച്ചതിനാണ് അനില്‍ അംബാനിയെയും അദ്ദേഹത്തിന്റെ മൂന്ന് അസോസിയേറ്റുകളെയും റിലയന്‍സ് ഹോം ഫിനാന്‍സിനെയും വിലക്കിയിരിക്കുന്നത്.

അനില്‍ അംബാനിക്കു പുറമേ അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരെയാണ് ലിസ്റ്റുചെയ്ത കമ്പനികളില്‍ ഇടപെടുന്നതില്‍ നിന്നു വിലക്കിയിരിക്കുന്നത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. തട്ടിപ്പ് കണ്ടെത്തിയതോടെ കമ്പനിയുടെ അന്നത്തെ ഓഡിറ്റര്‍മാരായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) വാര്‍ഷിക അക്കൗണ്ടുകളില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

കടങ്ങള്‍ തിരിച്ചടച്ച് തിരിച്ചുവരവിനു ശ്രമിക്കുന്ന അനില്‍ അംബാനിയെ സംബന്ധിച്ച് സെബിയുടെ നടപടി വലിയ തിരിച്ചടിയായി മാറി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവര്‍ നേരിട്ടോ അല്ലാതെയോ ഓഹരികള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമാണ് സെബി വിലക്കിയിട്ടുള്ളത്.

സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരുമായോ, ലിസ്റ്റുചെയ്ത പൊതു കമ്പനികളുമായോ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും പബ്ലിക് കമ്പനിയുടെ ഡയറക്ടര്‍മാര്‍/ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും വിലക്ക് ബാധകമാണ്.

കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജ്‌മെന്റും ചേര്‍ന്ന് കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്ന് ആരോപിച്ച് ആളുകളില്‍ നിന്നും സെബിക്ക് പരാതി ലഭിച്ചിരുന്നു. വിവിധ വായ്പാദാതാക്കളില്‍ നിന്ന് റിലയന്‍സ് ഹോം ഫിനാന്‍സ് കടമെടുത്ത ഫണ്ടുകള്‍ മറ്റു കമ്പനികളുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും മറ്റും ഭാഗികമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബാങ്കുകളില്‍ നിന്നും ഒന്നിലധികം പരാതികളും സെബിക്ക് ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Anil Ambani banned from trad­ing in stock market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.