മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കാനുള്ള 68 കോടി ഡോളര്‍ വായ്പാ കേസില്‍ 10 കോടി ഡോളര്‍ കെട്ടിവയ്ക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയോട് ബ്രിട്ടീഷ് കോടതി നിര്‍ദേശിച്ചു. തന്റെ മൊത്തം ആസ്തി വട്ടപ്പൂജ്യമാണെന്ന് നേരത്തെ അംബാനി കോടതിയെ ബോധിപ്പിച്ചു. കോടതിയില്‍ പണം കെട്ടിവയ്ക്കാതെ രക്ഷപ്പെടാനുള്ള ശ്രമം അവഗണിച്ചാണ് കോടതി ഉത്തരവ്. അനില്‍ അംബാനിയുടെ ആര്‍കോം ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈനാ ഡവലപ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയില്‍ നിന്നും സ്വന്തം ഉറപ്പില്‍ 2012 ല്‍ 92 കോടി ഡോളര്‍ വായ്പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നാണ് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സുപ്രിംകോടതി എറിക്സണ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിനു നല്‍കാനുള്ള 550 കോടി രൂപയ്ക്ക് അനില്‍ അംബാനിയെ ജയിലിലടയ്ക്കാന്‍ മുതിര്‍ന്നിരുന്നു. മുതിര്‍ന്ന അംബാനി സഹോദരന് മുകേഷ് പ്രസ്തുത തുക തിരിച്ചുനല്‍കിയാണ് ജയില്‍വാസം ഒഴിവാക്കിയത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറും എട്ടും സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന അനില്‍ അംബാനിയുടെ വ്യവസായ സാമ്രാജ്യം വന്‍ തകര്‍ച്ചയെയാണ് നേരിട്ടത്. മൊബൈല്‍ ഫോണ്‍ രംഗത്തുനിന്ന് പുറത്തായ അനില്‍ 2015ല്‍ 2,082 കോടി രൂപയ്ക്ക് പ്രതിരോധ വ്യവസായരംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ രംഗത്ത് യാതൊരു അനുഭവസമ്പത്തുമില്ലാത്ത അനില്‍ അംബാനിക്ക് മോഡി സര്‍ക്കാര്‍ റഫാല്‍ യുദ്ധവിമാന കരാറില്‍ 800 കോടി ഡോളറിന്റെ അനുബന്ധ കരാര്‍ നല്‍കിയത് വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
English Summary: Anil ambani said to court his net worth is zero
You may also like this video