പ്രണയവും വിരഹവും പ്രമേയമായ അനിൽ മുട്ടാറിന്റെ കവിതകൾ സമാഹാരമാകുന്നു 

Web Desk
Posted on April 15, 2019, 6:04 pm
കൊച്ചി : പ്രണയവും വിരഹവും നൊമ്പരങ്ങളും പരിസ്ഥിതിയും പീഡനങ്ങളും  പ്രമേയങ്ങളാക്കി ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും  പ്രസിദ്ധപ്പെടുത്തിയ കവിതകളിലൂടെ  ശ്രദ്ധേയനായ യുവകവി അനിൽ മുട്ടാറിന്റെ  കവിതകൾ സമാഹാരമാകുന്നു. കേരളത്തിലെ കവിയരങ്ങുകളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായി മാറിയ അനിലിന്റെ കവിതകൾ പുസ്തകമാക്കണമെന്ന കാവ്യാസ്വാദകരുടെ നിരന്തരമായ ആവശ്യമാണ്  ഇതോടെ യാഥാർഥ്യമാകുന്നത്.  ചിത്രകാരൻ  അശാന്തനിൽ നിന്നും ചിത്രകലയുടെ ബാലപാഠങ്ങൾ  വിദ്യാർത്ഥിയായിരിക്കവേ  അഭ്യസിച്ചുകൊണ്ടാണ് കലാ , സാംസ്‌കാരിക രംഗത്തേക്കുള്ള അനിലിന്റെ കടന്നുവരവ്. പിന്നീട് ഏകാങ്കനാടകങ്ങൾ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും മുന്നോട്ടുപോകുന്നതിനിടെയാണ് കവിതകളിലേക്ക്  തിരിയുന്നത്. നാടകത്തിനും കവിതക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൈരളി ചാനലിനായി 30  എപ്പിസോഡുകളുണ്ടായ  നമസ്കാരത്തിന് കഥയും തിരക്കഥയുമെഴുതി ഈ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടു.ഫോട്ടോഗ്രാഫർ കൂടിയായ അനിൽ ഇതിനകം നിരവധി ചിത്രപ്രദർശനങ്ങളും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഡോക്യൂമെന്ററി, ഷോർട് ഫിലിം എന്നിവയും കഥയും തിരക്കഥയുമെഴുതി  സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രകല, നാടകം,കവിത,  തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളുമെടുക്കാറുമുണ്ട്. അനിൽ മുട്ടാറിന്റെ ശ്രദ്ദേയമായ   അൻപതോളം കവിതകൾ ഉൾപ്പെടുത്തി തൃശൂർ നുറുങ്ങു പ്രസാധകരാണ്  പവിത്രൻ തീക്കുനിയുടെ അവതാരികയോടെ : മരണപ്പെട്ടവന്റെ കുമ്പസാരം ” എന്ന പേരിൽ കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ മാസം 17 ന്  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കവിതാ പുസ്തകത്തിന്റെ പ്രകാശനം നടക്കും. പ്രഫ ടി എം ശങ്കരന്റെ അദ്ധ്യക്ഷതയിൽ  ചേരുന്ന സമ്മേളനം  കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  കവി പവിത്രൻ തീക്കുനിക്ക് നൽകി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ  പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. എം പി വേണു വൈറ്റില പുസ്തക പരിചയം നടത്തും. സത്യൻ കോമല്ലൂർ, ഡോ  ഹരികുമാർ ചങ്ങമ്പുഴ, ഹിമശങ്കർ , എ ആർ രതീശൻ, വി എ സക്കീർ ഹുസ്സൈൻ, ഷാജി ഇടപ്പള്ളി, കവിത കെ എസ്,  മധു നുറുങ് ഉൾപ്പെടയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിമുതൽ സംസ്ഥാനത്തെ അറിയപ്പെടുന്ന  അൻപതോളം കവികൾ പങ്കെടുക്കുന്ന കവിയരങ്ങും അരങ്ങേറും.