അനില്‍ രാധാകൃഷ്ണമേനോന്‍ സുകുമാരന്‍ നായരെ തോല്‍പ്പിക്കരുത്

Web Desk
Posted on November 06, 2019, 10:58 pm

ഭാരതത്തിലെ ഒരു ദേശത്തിനും അവകാശപ്പെടാനാകാത്ത തരത്തില്‍ ഗുരുക്കന്‍മാരെയും നവോത്ഥാന നായകരെയും ദാര്‍ശനികരെയും ലഭിച്ച ഭൂവിഭാഗമാണ് കേരളം. അതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ നിലനില്‍ക്കുന്ന സ­ഹവര്‍ത്തിത്വവും സഹിഷ്ണുതയും. സമഭാവനയുടെ ഈ ബാഹ്യരൂപത്തിനുള്ളില്‍ ഇപ്പോഴും ജാതീയതയുടെ മായാക്കറകള്‍ നിലനില്‍ക്കുന്നുവെന്നാണ് പുതുതലമുറയുടെ വ്യവഹാരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഫാസിസ്റ്റ് പ്രവണതകളും ന്യൂനപക്ഷ വര്‍ഗീയതയുടെ വിഘടന, രാജ്യ വിരുദ്ധവാദങ്ങളും രാജ്യത്തിന്റെ ഇതരകോണുകളില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ജാതീയമായ കെട്ടുപാടുകളുടെ വിഴുപ്പുകളാണ് ഒഴിയാതെ നില്‍ക്കുന്നത്. ഇവിടെ ജാതിഭേദം മനുഷ്യന്റെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തില്‍ ജാതിവ്യവസ്ഥ വളരെ നിഷ്ഠുരമായിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നില്ലെങ്കിലും സ്വത്വഭാവങ്ങള്‍ മലയാളിമനസില്‍ ഒളിപാർക്കുന്നുവെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പാലക്കാട് മെഡിക്കല്‍ കോളജില്‍ കോളജ്ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദിപങ്കിടാന്‍ അനില്‍ രാധാകൃഷ്ണ‍ മേനോന്‍ എന്ന സംവിധായകന്‍ തയാറാകാത്ത സംഭവം കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിലേക്ക് വിസര്‍ജ്യം വലിച്ചെറിഞ്ഞതുപോലെയായി.

വേദിപങ്കിടാന്‍ തയാറാകാത്തതിന്, പേരില്‍ ജാതിവാലുള്ള അനില്‍ രാധാകൃഷ്ണന്‍ പറയുന്നത് ബിനീഷ് ബാസ്റ്റിന്‍ എന്ന നടന്‍ തന്നോട് അവസരം ചോദിച്ചു വന്നയാളാണെന്നാണ്. ബിനീഷിന് പേരിനൊപ്പം വാല്‍ ഇല്ലാത്തതും ഒരു കുറവായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്തായാലും വേദിയില്‍ അപമാനിക്കപ്പെട്ട ബിനീഷിനൊപ്പം കേരളസമൂഹം നിലകൊണ്ടുവെന്നത് ആശാവഹമാണ്. എന്നാല്‍ ഒരു മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിരിക്കുന്ന ഡോ. കലാസ്, അനില്‍ രാധാകൃഷ്ണനെക്കാ­ള്‍ മ്ലേച്ഛമായാണ് പ്രശ്നത്തെ കെെകാര്യം ചെയ്തതെന്നത് പരിതാപകരമാണ്.ഹൃദയം എന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമെന്നതിനേക്കാള്‍ നമ്മുടെ പൊരുളിന്റെ അമൂര്‍ത്തഭാവമാണെന്ന് വെെ­ദ്യശാസ്ത്രം പഠിപ്പിക്കുന്നവര്‍ മറന്നുപോകരുത്. ചലച്ചിത്രലോകത്ത് വിരാജിക്കുന്നവരെ പൊതുവെ താരങ്ങളോടാണ് ഉപമിക്കാറ്. കാരണം അതിന് ഒരു രാവിന്റെ ആയുസേ ചിലപ്പോള്‍ ഉണ്ടാവൂ. അല്ലെങ്കില്‍ ശക്തനായ സൂര്യന്റെ ഉദയത്തില്‍ പ്രഭ മങ്ങാനാണ് വിധി. ഇങ്ങനെ നിഷ്പ്രഭമാകുന്ന,പൊലിഞ്ഞുപോകുന്ന എത്രയോ താരകഥകള്‍ക്ക് കാലം സാക്ഷിയായിരിക്കുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലൂടെ മലയാള സി­നിമയിലേക്ക് എത്തിയവരാണ് ശങ്കറും, മോഹന്‍ലാലും. ഇതില്‍ ശങ്കര്‍ നായകനും മോഹന്‍ലാല്‍ പ്രതിനായകനുമായിരുന്നു. ശങ്കര്‍ ഇന്നെവിടെ? സംവിധായകന്‍ അനില്‍ രാധാകൃഷ്ണ‍ മേനോന്‍ സിനിമാ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഒന്നോ, രണ്ടോ ചിത്രങ്ങള്‍ സംവിധാനം ചെയ്തു എന്ന ധാവള്യം എപ്പോഴും നിലനില്‍ക്കില്ല എന്ന് മനസിലാക്കാം, അങ്ങനെ സ്വയം തിരുത്താം. രജനീകാന്ത് എന്ന കറുത്തുമെലിഞ്ഞ മനുഷ്യന്‍ ഒരു പ്രെെവറ്റ് ബസ് കണ്ടക്ടര്‍ മാത്രമായിരുന്നുവെന്നത് മറന്നുപോകരുത്. ബിനീഷ് ബാസ്റ്റിനെന്ന തുടക്കക്കാരന്റെ വിധി നിശ്ചയിക്കാന്‍ ആര്‍ക്കാണ് കഴിയുക? നദികളുടെയും മഹാന്‍മാരുടെയുമൊക്കെ ഉറവിടം തേടുന്നത് അര്‍ത്ഥശൂന്യമാണെന്നും താമര ചെളിയിലാണ് തണ്ട് ആഴ്ത്തിയിരിക്കുന്നത് എന്നുമൊക്കെ നമ്മള്‍ കുടിപള്ളിക്കുടം മുതല്‍ കേള്‍ക്കുന്ന വസ്തുതകളാണ്. കലാകാരന്‍മാരുടെ മഹത്വം അവരുടെ കലയിലാണ്. അവരുടെ ജാതിക്കും മതത്തിനും എന്ത് പ്രസക്തി? നമ്മുടെ സംഗീത ചക്രവര്‍ത്തിനിമാരായ എം എസ് സുബ്ബലക്ഷ്മിയും എം എല്‍ വസന്തകുമാരിയും ജാതിയില്‍ പിന്നാക്കക്കാര്‍ ആയതിനാല്‍ അവരുടെ ആലാപനം ആരെങ്കിലും കേള്‍ക്കാതിരിക്കുമോ? മുഹമ്മദ് റാഫിയും യേശുദാസും പിന്നാക്കക്കാരായതുകൊണ്ട് അവരുടെ ശ്രുതിശുദ്ധവും ഭാവദീപ്തവുമായ പിന്നണി ഗാനങ്ങള്‍ക്ക് കാതോര്‍ക്കാതിരിക്കുമോ? കലാകാരന്‍മാര്‍ക്ക് കല തന്നെയായിരിക്കണം അവരുടെ ദെെവം, കൂട്ടായ്മയായിരിക്കണം ജാതി, അതിന്റെ ശുദ്ധിയായിരിക്കണം മതം. അനില്‍ രാധാകൃഷ്ണന് പേരിന് പിന്നില്‍ വാലുണ്ട്, വാലില്ലാത്ത ബിനീഷ് ബാസ്റ്റിന് മുന്നില്‍ അഭിമാനമായി അനില്‍ അത് അവതരിപ്പിക്കുന്നു.ആള്‍ക്കൂട്ടത്തിന്റെ കലയായ സിനിമയില്‍ നില്‍ക്കുന്നൊരാള്‍ക്ക്, പ്രത്യേകിച്ചു സംവിധായകന്റെ കര്‍മ്മം നിര്‍വഹിക്കുന്നയാള്‍ക്ക് അല്‍പ്പം സാമൂഹിക,സാംസ്കാരിക, ചരിത്രബോധം അനിവാര്യമാണ്. മഹാഭാരതം എന്ന നമ്മുടെ ഇതിഹാസത്തിന്റെ കഥാപരിണാമങ്ങള്‍ തന്നെ തേജോവധങ്ങളിലും അവഹേളനങ്ങളിലും അ­ധിഷ്ഠിതമാണ്. (കര്‍ണ്ണന്റെ ജനനം, അരങ്ങേറ്റം, ശ്രീകൃഷ്ണന്റെ ദൂത് പോകല്‍, അശ്വത്ഥാമാവിന്റെ പക…) അനില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മേനോന്‍ എന്ന ജാതി ചാതുര്‍വര്‍ണ്യസംഹിത അനുസരിച്ച് പ്രജാപതിയുടെ പാദങ്ങളില്‍ നിന്ന് ഉത്ഭവിച്ചവരാണ്. അതുകൊണ്ട് ശൂദ്രര്‍ എന്ന് വിളിക്കപ്പെടുന്നു. ജാതിശ്രേണി അനുസരിച്ച് മുകള്‍ത്തട്ടിലുള്ള നമ്പൂതിരിമാരുടെ പാദസേവയാണ് ശൂദ്രജാതികള്‍ക്ക് വിധിച്ചിട്ടുള്ള കുലത്തൊഴില്‍. നമ്പൂതിരിമാരുടെ അടിമകളായിരിക്കുന്നവര്‍, അവരുടെ വീട്ടുജോലികളും സംബന്ധം എന്ന സൗജന്യവേശ്യാ സേവനവും വീട്ടുകാവലും മറ്റ് ഭൃത്യജോലികളുമാണ് ചെയ്തുവന്നിരുന്നത്.

ബ്രാഹ്മണ മേധാവിത്തം എന്ന സവര്‍ണ സാമൂഹ്യ വ്യവസ്ഥിതി നിലനിര്‍ത്തുന്നതിനായുള്ള മാടമ്പി-ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നതിന് മാത്രമായി തീറ്റിപ്പോറ്റിയിരുന്ന ഭൃത്യ/ദാസ്യ ജനങ്ങളാണ് വാസ്തവത്തില്‍ കേരളത്തില്‍ ശൂദ്രര്‍ അഥവാ നായന്‍മാര്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്- (കേരളചരിത്ര ത്തിലെ ഇരുളടഞ്ഞ ഏടുകൾ-ഇളംകുളം കുഞ്ഞന്‍പിള്ള). നമ്പൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി) മാത്രമേ സ്വസമുദായത്തില്‍ നിന്ന് വിവാഹം അനുവദിച്ചിരുന്നുള്ളു. ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍) അന്യശൂദ്ര (നായര്‍), അമ്പലവാസി, ജാ­തികളുമായി മാത്രമേ സംബന്ധം അനുവദിച്ചിരുന്നുള്ളു. ഇതില്‍ പിറക്കുന്ന മക്കള്‍ക്ക് നമ്പൂതിരിയെ അച്ഛാ എന്ന് വിളിക്കാനോ, തൊടാനോ അവകാശമുണ്ടായിരുന്നില്ല- (നായന്‍മാരുടെ പൂര്‍വചരിത്രം-കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്). അനില്‍ രാധാകൃഷ്ണന്‍ ചുമക്കുന്ന ജാതിവാലിന് പിന്നില്‍ ഇങ്ങനെയൊക്കെ ചരിത്രമുണ്ടെന്ന് ഓര്‍ക്കണം. നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ പേരിന് പിന്നിലെ ജാതിസൂചകം മുറിച്ചുകളഞ്ഞതും മറന്നുപോകരുത്. അടിമവര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങളുടെ ചരിത്രം കുറിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. ജാതിമത സമവാക്യങ്ങളെ ഉത്തേജിപ്പിച്ച് സിനിമയിലായാലും മറ്റ് കലാമേഖലകളിലായാലും ചിലപ്പോള്‍ കുറച്ച് അവസരങ്ങള്‍ ഒക്കെ ഒപ്പിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. നമ്മുടെ സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് പിന്നില്‍ മഹല്‍ കക്ഷികളെയും കരയോഗങ്ങളെയും തന്ത്രപൂര്‍വം അ­ണിനിരത്തിയിട്ടുണ്ടെന്ന ആക്ഷേപം പ്രതിധ്വനിക്കുന്നുണ്ട്. എങ്കിലും ആത്യന്തികമായി അവരുടെ കഴിവും സമര്‍പ്പണവും കഠിനാധ്വാനവും തന്നെയാണ് അവരെ നിലനിര്‍ത്തുന്നത്. ദേശീയ ശ്രദ്ധ കിട്ടിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍, ബിനീഷ് ബാസ്റ്റിന്‍ അരങ്ങേറ്റം കഴിഞ്ഞ നടനും.

സങ്കുചിത ചിന്തകളില്‍ അഭിരമിക്കാതെ കലയുടെ സര്‍ഗചെെതന്യം ഉണര്‍ത്താനും അതിനായുള്ള സാധനകളില്‍ മുഴുകാനും നവസൃഷ്ടികള്‍ക്ക് കാരണമാകാനുമാണ് ഇവര്‍ യത്നിക്കേണ്ടത്. സൂപ്പര്‍സ്റ്റാര്‍ പദവി തലയിലേറ്റാത്ത, സൗന്ദര്യത്തിന്റെ മൂര്‍ത്തിമത്‌ഭാവമായ, മരിച്ചിട്ടും അനുദിനം യശസ്വിയായികൊണ്ടിരിക്കുന്ന, കാരുണ്യവാനും വിനിയാന്വിതനുമായ ഒരു ഉന്നത വ്യക്തിത്വത്തെ കേരളം ലോകസിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്- പ്രേംനസീര്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇതിലും വലിയൊരു മാര്‍ഗദീപം കിട്ടാനില്ല. 2019 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരന്‍ നായര്‍ ജാതി ഉദ്ബോധനം നടത്തിയിട്ടും വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും ജനങ്ങള്‍ വിഷം തീണ്ടാതെ രക്ഷപ്പെട്ടു. ജനം എല്ലാം അറിയുന്നുണ്ട്. എന്തായാലും വിവാദങ്ങൾക്കൊടുവിൽ അനിൽ രാധാകൃഷ്ണ മേനോൻ ക്ഷമാപണം നടത്തിയത് ആശാവഹമാണ്.