കൊറോണ ഭീതിയിൽ വളർത്തു മൃഗങ്ങളും, ഒരേ സമയം ചിരി ഉണർത്തുന്നതും എന്നാൽ ആശങ്ക പരത്തുന്നതുമായ സംഭവം

Web Desk

ബെയ്ജിങ്

Posted on February 14, 2020, 4:07 pm

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് എല്ലാവരും എപ്പോഴും മുഖാവരണം ധരിക്കാറുണ്ട്. എന്നാൽ വളർത്തു മൃഗങ്ങളെയും മുഖാവരണം ധരിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വളര്‍ത്തുമൃഗങ്ങള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സൂചിപ്പിക്കുന്നതിനു യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കിയിട്ടുണ്ട്. ദി സണ്‍ ആണ് ഇതേ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാൽ പോലും തങ്ങളുടെ അരുമ മൃഗങ്ങളെ മുഖാവരണം ധരിപ്പിക്കുന്നതിൽ നിന്നും അവർ പിന്മാറിയിട്ടില്ല.

ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും പൂച്ചകളും നായ്ക്കളും കണ്ണ് മാത്രം പുറത്തുകാണിക്കുന്ന വിധത്തില്‍ മുഖംമൂടി ധരിച്ച്‌ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ യോജിക്കുന്നില്ല. ‘വളര്‍ത്തുമൃഗങ്ങള്‍ പുറത്തുപോയി രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, അവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവുമായ ലി ലഞ്ചുവാന്‍ പറഞ്ഞു. അതിനാല്‍ വളര്‍ത്തുമൃഗങ്ങളെ മാറ്റിനിര്‍ത്തണം.

മനുഷ്യര്‍ക്കു പുറമേ മറ്റു സസ്തനികളോടും പ്രത്യേകിച്ച്‌ വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്ബര്‍ക്കത്തെ കുറിച്ചും ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൂച്ചകളെയും നായ്ക്കുട്ടികളെയും തല്‍ക്കാലം അകത്ത് നിര്‍ത്താന്‍ നിര്‍ദേശിച്ചതായി വേള്‍ഡ് സ്‌മോള്‍ ആനിമല്‍ വെറ്ററിനറി അസോസിയേഷനും അറിയിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി. ഇന്നലെ മാത്രം 116 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4823 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കമ്മീഷൻ അറിയിച്ചു.

you may also like this video;