February 4, 2023 Saturday

അണിയറയ്ക്ക് തിരശ്ശീല വീണു, മക്കത്ത് വിടവാങ്ങി

Janayugom Webdesk
ചങ്ങനാശേരി
October 30, 2020 9:42 pm

അരനൂറ്റാണ്ടിൽ നാടക രംഗത്ത് അരങ്ങ് കീഴടക്കി കേരളത്തിലെ നാടക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ചങ്ങനാശേരി അണിയറയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ച ഷൗക്കത്തലിയെന്ന അണിയറ മക്കത്ത് ഓർമ്മയായി. 1970 ൽ ഗീഥയിലൂടെയാണ് തന്റെ നീണ്ടകാല നാടക ജീവിതം ആരംഭിച്ചത്. ഗീഥയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വന്നിരുന്ന നാടകങ്ങൾ പി ജെ ആന്റണി രചിച്ച് ഗീഥ അപ്പച്ചൻ സംവിധാനം ചെയ്ത രശ്മി, മണ്ണ് എന്നിവ ആയിരുന്നു. ഇതിൽ അപ്പച്ചൻ, തിലകൻ, ആലഞ്ചേരി അബൂബക്കർ, കെ കെ ജേക്കബ്, കെ എം ധർമ്മൻ, കെ കെ കമലമ്മ, ഓമന, വത്സല, കുമാരി, ജെസ്സി എന്നിവരായിരുന്നു, ഇവരെല്ലാം പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ താരങ്ങളായി മാറി. ഇവരോടൊപ്പം രശ്മിയെന്ന നാടകത്തിലാണ് ആദ്യമായി നാടക വേദിയിൽ കഥാപാത്രമായി എത്തുന്നത്. ആദ്യ നാടകത്തിനു ലഭിച്ച പ്രതിഫലം രണ്ട് രൂപ ആയിരുന്നു. ഗീഥ അപ്പച്ചന്റെ മരണ ശേഷം കുറച്ചു നാൾ കൂടി ഗീഥയിൽ തുടർന്നു.

പിന്നീട് കൊച്ചിൻ സംഘമിത്രയിലെത്തി. യുദ്ധം, കന്യാകുമാരിയിൽ ഒരു കവിത എന്നീ നാടകങ്ങളിൽ അഭിനയിച്ചും സെറ്റ് കെട്ടിയും ജീവിതം തുടർന്നു. കന്യാകുമാരിയിൽ ഒരു കവിതയിൽ ഹാസ്യ കഥാപാത്രമായി തിളങ്ങിയതോടെ ഗീഥ അപ്പച്ചന്റെ ഭാര്യ വിളിക്കുകയും സമിതി ഏറ്റെടുത്തു നടത്തണമെന്നും തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനും കുട്ടികളുമായ മക്കത്തിന് സാമ്പത്തികബുദ്ധിമുട്ടുമൂലം സമിതി ഏറ്റെടുക്കാനോ നടത്തുവാനോ കഴിഞ്ഞില്ല. പിന്നീട് വിവിധ സമിതികളിലായി നാടക അഭിനയം തുടർന്നെങ്കിലും സ്വന്തമായി ഒരു സമിതി തുടങ്ങണമെന്ന ആഗ്രഹത്തെ തുടർന്ന് 0കലാകാരൻമാരായ സഹോദരന്മാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ 1987ൽ ചങ്ങനാശേരി അണിയറയ്ക്കു രൂപം നൽകി.

അണിയറയുടെ ആദ്യ നാടകത്തിൽ ഏഴ് സ്ത്രീകഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു കൊണ്ട് നാടക ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്തു. സി കെ ശശി രചിച്ച വർക്കിങ് വിമൻസ്ഹോസ്റ്റൽ കുങ്കുമക്കരയെന്ന നാടകം കണ്ട് ഒ മാധവനും എസ് എൽ പുരവും അഭിനന്ദനവുമായി എത്തി. രണ്ടാമത്തെ നാടകം ശ്രീമൂലനഗരം മോഹൻ എഴുതി എം സി കട്ടപ്പന സംവിധാനം ചെയ്ത അമരത്തിൽ ഏറെ വ്യത്യസ്തമായ കഥാപാത്രം ലഭിച്ചു. ബുദ്ധി വികസിക്കാത്ത ശങ്കരൻകുട്ടി എന്ന കഥാപാത്രത്തെയാണ് മക്കത്ത് ഇതിൽ അവതരിപ്പിച്ചത്. ഈ നാടകത്തോടെ അണിയറയും മക്കത്തും മലയാള നാടകവേദിയുടെ മുൻനിരയിലെത്തി. അമരം നാടകം രണ്ടാമത് ചേർത്തലയിൽ അവതരിപ്പിക്കാൻ ബുക്ക് ചെയ്തെങ്കിലും കഴിഞ്ഞില്ല.

അന്ന് സംഘാടകരുമായി രമ്യതയിലെത്തി പ്രശ്നം പരിഹരിക്കുവാൻ രാജൻ പി ദേവാണ് സഹായകമായത്. ഭാര്യയുടെ കെട്ടുതാലിവിറ്റാണ് അന്ന് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ 32 വർഷമായി അണിയറയുടെപ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുന്ന സമിതിക്ക് കെസിബിസി ഉൾപ്പെടെ അണിയറയുടെ രാഷ്ട്രപിതാവ് എന്ന നാടകത്തിന് അഞ്ച് സംസ്ഥാന അവാർഡുകൾ ലഭിച്ചു. മക്കത്തിന്റെ വേർപാടോടെ ചങ്ങനാശേരിയുടെ നാടക ലോകത്തിന് തീരാനഷ്ടമാണ് സംഭവിച്ചത്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഷീബ. മക്കൾ: ഷൈമാൻ, ഹൈദരാലി, ഷഹീൻ.

Eng­lish sum­ma­ry; ani­yara makkath passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.