September 30, 2022 Friday

Related news

December 31, 2020
November 23, 2020
October 16, 2020
September 8, 2020
July 22, 2020
July 16, 2020
June 22, 2020
June 15, 2020
June 14, 2020
June 10, 2020

അന്ന് നിന്റെ ഏട്ടൻ പൊട്ടനല്ലേ എന്ന് പരിഹസിച്ചപ്പോൾ മനസുനൊന്തു; ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്

Janayugom Webdesk
September 8, 2020 12:04 pm

സഹോദരന്റെ ജന്മ ദിനത്തിൽ അനിയത്തി തന്റെ ഫേസ്ബുക്കിൽ കുറിച്ച ആശംസയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്, കളങ്കമില്ലാത്ത സ്നേഹത്തെ പറ്റി അഞ്ജലി രാധാകൃഷ്ണനാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ചിലപ്പോഴൊക്കെ ഏട്ടന്റെയും, കുട്ടിയായ എന്റെയും വാശികൾക്കിടയിൽ പെട്ട് അമ്മയുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അതിന്റെ അർത്ഥമൊന്നും മനസിലായില്ലെങ്കിലും അമ്മക്ക് സങ്കടമാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

Hap­py birth­day to the most lov­ing broth­er in the world…

ചെറുപ്പത്തിൽ ഏട്ടനുമായി വഴക്കിട്ട് ഏട്ടൻ എന്നെ തല്ലുമ്പോ എല്ലാവരും ഏട്ടന്റെ ഭാഗം നിക്കുമായിരുന്നു. ” അവൻ വയ്യാത്ത കുട്ടിയ, നീയല്ലേ മാറിപോവേണ്ടത് “എന്ന് ചോദിക്കും. അന്ന് വന്നിരുന്ന ദേഷ്യം ചില്ലറയല്ല. പിന്നെയങ്ങോട്ട് ഒരുപാട് അവസരങ്ങളിൽ ഈ വയ്യാത്ത കുട്ടി ടാഗ് കുടുംബക്കാർ പലവരും നിരത്തിയപ്പോഴും, സാധാരണ കുട്ടിയെ പോലെത്തന്നെ അച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ ഏട്ടനെയും ഒപ്പം എന്നെയും കൂടെ കൊണ്ടുനടന്നു.… പൂരങ്ങൾ കണ്ടു, നാട് കണ്ടു. എപ്പോഴും ഒരു വിത്യാസവുമില്ലാതെ അച്ഛൻ ഞങ്ങളെ കൊണ്ടുനടന്നു. അതുകൊണ്ട് അപ്പോഴൊന്നും ഏട്ടനെന്താണ് “വയ്യായ്ക ” എന്നെനിക് മനസ്സിലായില്ല. പിന്നീടെപ്പോഴോ ഏട്ടന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ കരുതി അതാണ് പ്രേശ്നമെന്ന്. കാരണം ഇമ്മ്യൂണിറ്റി കുറവായിരുന്ന ചേട്ടന് ഇടയ്ക്കിടെ അസുഖം വരുമായിരുന്നു. അന്നൊക്കെ രാപകലില്ലാതെ അമ്മയും, അമ്മക്ക് ഒരു മകനും അനിയനും ഒക്കെയായി ഡോക്ടറുടെ എടുത്തേക്കും, മെഡിക്കൽ സ്റ്റോറിലേക്കും ഒക്കെ മാറി മാറി ഓടിയത് ഗിരീഷേട്ടൻ( Gireesh Alang­hat­tu) ആയിരുന്നു. അച്ഛൻ ഗൾഫിലായത്കൊണ്ട് എന്റെ കുട്ടി വാശികൾ ഏറ്റെടുത്തു നാടുമുഴുവൻ നടന്ന് എനിക്ക് വേണ്ടി ഓരോന്ന് കണ്ടുപിടിച്ചു കൊണ്ടുവന്നതും ഗിരീഷേട്ടൻ തന്നെയാട്ടോ. പക്ഷെ പതിയെ ഏട്ടന്റെ ഈ ” വയ്യായ്ക ” എന്നെ ബാധിച്ചു തുടങ്ങി. Annu­al ഡേയ്സ് il സ്കൂളിൽ എല്ലാവരുടെയും പേരെന്റ്സ് വരുമ്പോ ഞാൻ എന്നും ഗ്രീൻ റൂമിലും ബാക്ക് സ്റ്റേജ് ഇലും ഒറ്റക്കായിരുന്നു. അതിൽ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ഓർമ, ഒരിക്കൽ annu­al day കഴിഞ്ഞു എന്നെ കൂട്ടാൻ ആരും വന്നില്ല, ഏട്ടന് വയ്യായിരുന്നു, ഒപ്പം എന്റെ ഏട്ടന്മാരും (cousins) തിരക്കിലായി.. സിസ്റ്റേഴ്സ് ഇന്റെ മഠത്തിനു മുമ്പിൽ കുട്ടികളെല്ലാം പേരെന്റ്സ് ഇന്റെ കയ്യും പിടിച്ചു പോകുന്നത് ഞാൻ നോക്കി ഇരുന്നു. ” നീ കുഴപ്പമൊന്നുമില്ലാത്ത കുട്ടിയാണ്, നീയാണ് മനസ്സിലാക്കേണ്ടത് ” എന്ന് നന്നേ ചെറുപ്പത്തിലേ അമ്മുമയും വീട്ടുകാരും ഒക്കെ പറഞ്ഞത്കൊണ്ട് ഈ കാര്യത്തെകുറിച്ചു അമ്മയോട് പറയാനും മടിയായിരുന്നു. പറയാതിരിക്കാൻ മറ്റൊരു കാരണം, ചിലപ്പോഴൊക്കെ ഏട്ടന്റെയും, കുട്ടിയായ എന്റെയും വാശികൾക്കിടയിൽ പെട്ട് അമ്മയുടെ കണ്ണുനിറയണത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അതിന്റെ അർത്ഥമൊന്നും മനസിലായില്ലെങ്കിലും അമ്മക്ക് സങ്കടമാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. (ഒരുപക്ഷെ ഇന്ന് ഇത് വായ്കുമ്പോഴാവും അമ്മ ഇതറിയുന്നത് ). പിന്നീടെപ്പോഴോ ഒരിക്കൽ ക്ലാസ്സിലെ കുട്ടികളിൽ ഒരാൾ ” നിന്റെ ഏട്ടൻ പൊട്ടനല്ലേ ” എന്ന് ചോദിച്ചപ്പോഴാണ് ആദ്യമായി കരഞ്ഞു കൂവി അമ്മയുടെ അടുത്ത് ചെന്നത്. അമ്മ ഉടനെ അന്നത്തെ ക്ലാസ്സ് ടീച്ചറെ വിളിച്ചു, എന്റെ ക്ലാസ്സ്മേറ്റ് പിറ്റേന്ന് തന്നെ വന്നു സോറി പറയുകയും ചെയ്തു. പക്ഷെ അന്ന് മുതലാണ് ഏട്ടന്റെ ‘വയ്യായ്ക ’ എന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്. കാരണം, പിന്നീടങ്ങോട്ട് ഞാൻ ഏട്ടനെ ശ്രദ്ധിച്ചു തുടങ്ങി, ശെരിയാണ്, ഏട്ടൻ മറ്റുള്ളവരെ പോലെയല്ല, വ്യത്യസ്തനാണ്. പക്ഷെ പിന്നീടെപ്പോഴോ ആ വ്യത്യസ്ഥയുടെ ഒരു വലിയ ഗുണം ഞാനറിഞ്ഞു. ഓരോ തവണ പനിവന്നപ്പോഴും, വയ്യാതായപ്പോഴും, എന്റെ തലക്കൽ ഒരാൾ കാവലുണ്ടായിരുന്നു, എന്റെ തല തടവി, ’ എല്ലാം മാറും ട്ടോ, ഏട്ടൻ പ്രാർത്ഥിച്ചിണ്ട് ട്ടോ ’ എന്ന് പറഞ്ഞു എന്നോട് കിടന്നോളാൻ പറയും. ഞാൻ ഒന്ന് തുമ്മിയാൽ അമ്മക്ക് ഉത്തരവിറങ്ങും, “അവൾക് മരുന്ന് കൊടുക്ക്, അവൾ നാളെ സ്കൂളിൽ പോണ്ട”. ഏട്ടന്റെ സ്കൂളിൽ ആരുടെയെങ്കിലും പിറന്നാളുണ്ടെങ്കിൽ അവരുടെ ഒക്കെ പിറന്നാൾ മധുരം സൂക്ഷിച് പോക്കറ്റിൽ വെച് എനിക്ക് കൊണ്ടുവന്നതരും. അത് വേറെ ആരെങ്കിലും എടുത്താൽ പിന്നവിടെ കലാപമാണ്. പിന്നീട് ഹോസ്റ്റൽ ജീവിതം ആരംഭിച്ചപ്പോ, 6 മണിക്ക് എത്തുന്ന എന്നെ കാത്ത്, 3 മണിക്കേ ഗേറ്റ് തുറന്നിട്ട് ഏട്ടൻ sitout il ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും, ഒപ്പം അന്ന് രാവിലെ തന്നെ അമ്മയെക്കൊണ്ട് എനിക്കിഷ്ടമുള്ളത് എന്തെകിലും ഉണ്ടാകാൻ പറഞ്ഞിട്ടുമുണ്ടാകും. ഞാൻ കുറെ ദിവസം വന്നിലെങ്കിൽ പതിയെ ഏട്ടൻ സൈലന്റ് ആയി തുടങ്ങും. ആ നിശബ്ദത പലപ്പോഴും എന്റെ നെഞ്ച് പിളർന്നിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവുംവലിയൊരു പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്, സ്നേഹിക്കേണ്ടതു എങ്ങനെയാണ് എന്ന്. കളങ്കമില്ലാത്ത, നേട്ടങ്ങൾക്കു വേണ്ടിയല്ലാത്ത സ്നേഹം. ജീവിതത്തിൽ അതുകൊണ്ടുതന്നെ കളങ്കപ്പെട്ട സ്നേഹം വിരുന്നിനെത്തിയപ്പോ പറഞ്ഞുവിടാൻ പറ്റിയതും അതുകൊണ്ടാണ്. ശെരിയാണ് എന്റെ ഏട്ടൻ വ്യത്യസ്തനാണ്, പണത്തിനും, മറ്റുനേട്ടങ്ങൾക്കും വേണ്ടി സ്നേഹത്തെ കളങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ എല്ലാവരേക്കാളും വ്യത്യസ്തൻ.

ഇന്ന് ഇതിവിടെ എഴുതാൻ കാരണം, ഇങ്ങനത്തെ കുട്ടികളെ ശാപമായി കാണുന്ന ഒരു സമൂഹത്തോട് ഒരു കാര്യം പറയാഞ്ഞാണ്, ശെരിയാണ് ഇവർ സംബാധിക്കുന്നില്ലായിരിക്കാം, ദേഷ്യം വരുമ്പോൾ കുട്ടികളെ പോലെ വാശികാണിക്കുമായിരിക്കാം, എങ്കിലും, ഈ ലോകത്ത് മറ്റാർക്കുംസ്നേഹിക്കാൻ കഴിയാത്ത അത്രെയും സ്നേഹക്കാൻ ഇവർക്ക് മാത്രമേ കഴിയു. അതാണ് ഇവരെ യഥാർത്ഥത്തിൽ വ്യത്യസ്തമാക്കുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.