Friday
19 Jul 2019

ആഹ്ളാദത്തിന്റെ കടൽ കടന്ന്അഞ്ജന 

By: Web Desk | Tuesday 16 April 2019 2:19 PM IST


ബാലരാമപുരം: സൈബർ സെക്യൂരിറ്റിയിൽ  ബിരുദാനന്തര ബിരുദ  പഠനത്തിന് വിദേശത്ത് പഠിക്കണമെന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥിനിയുടെ ആഗ്രഹം യാഥാർഥ്യമാക്കി എൽ ഡി എഫ് സർക്കാർ . പള്ളിച്ചൽ നരുവാംമൂട് മൊട്ടമൂട് ‘ശ്രീവിജയ ‘യിൽ സി.വി.അഞ്ജന യുടെ വിദേശപഠനത്തിനാവശ്യമായ 12 ലക്ഷത്തോളം രൂപയാണ് സ്കോളർഷിപ്പായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് മുഖേന കൈമാറിയത്.

പ്ലസ് ടു സയൻസ് ബാച്ചിൽ നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ ശേഷം മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ എടപ്പള്ളിയിലെ  സ്കൂൾ ഓഫ് ടെക്നോളജി ആന്റ്അപ്ലൈഡ് സയൻസിൽ സൈബർ ഫോറൻസിക്കിൽ ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു. അപ്പോഴാണ് ബിരുദാനന്തരബിരുദ പഠനത്തിന് വിദേശപഠനമെന്ന മോഹം  മനസിലുദിച്ചത് . കൊച്ചിയിലെ യൂണിയാർക്ക് കൺസൾട്ടസി മുഖേന ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് പരീക്ഷയെഴുതി ഉയർന്ന റാങ്ക് നേടി. പ്രവേശനം ലഭിക്കണമെങ്കിൽ 15 ലക്ഷം രൂപ വേണമെന്നറിഞ്ഞതോടെ സി.വി .അഞ്ജന യെന്ന ഈ നിർധന വിദ്യാർത്ഥിനി പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വിദ്യാഭ്യാസ വായ്പയ്ക്കായി തലസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിൽ  കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു, ഫലം.ഇതിനിടെ പ്രവേശനത്തിന് ചേരേണ്ട സമയവും കഴിഞ്ഞിരുന്നു. വിദേശപഠന മോഹം ഉപേക്ഷിച്ച അഞ്ജ ന എറണാകുളത്ത് ഒരു ഹ്രസ്വകാല കോഴ്സിന് ചേർന്നു.  കോഴ്സ് പൂർത്തിയാക്കി വീണ്ടും വിദേശ പഠനത്തിന് ശ്രമം തുടങ്ങി. പ്രവേശനം ലഭിച്ച ലണ്ടനിലെ നോർത്ത്അംബ്രിയ സർവകലാശാലയിൽ പഠിക്കുന്നതിന് പട്ടികജാതി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന  സ്കോളർഷിപ്പിന് വേണ്ടി പട്ടിക ജാതി വികസന വകുപ്പ്  ഡയറക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചു. ഇത്  ജീവിതത്തിൽ വഴിത്തിരിവായി മാറി .

പണം കണ്ടെത്തി പഠനത്തിന് പോകാനും സ്കോളർഷിപ്പ് അനുവദിക്കാമെന്നും ഡയറക്ടറേറ്റിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ 15 ലക്ഷം കണ്ടെത്താനുള്ള നെട്ടോട്ടമായി. അഞ്ജനയുടെ മാതാവ് കെ.എസ്. ചന്ദ്രിക അധ്യാപികയായി ജോലി നോക്കുന്ന ബാലരാമപുരം പൂങ്കോട് സർക്കാർ എസ്.വി.എൽ.പി സ്കൂളിലെ സഹപ്രവർത്തകർ അധ്യാപകസഹകരണ സംഘത്തിൽ നിന്ന്  വായ്പ എടുത്ത് നൽകി. ബാക്കി തുക പരിചയക്കാരിൽ നിന്ന് കടമായി വാങ്ങി കഴിഞ്ഞ ജനുവരി 26 ന്   വിദേശ പഠനത്തിനായി അജ്ഞന  ലണ്ടനിലേക്ക് പറന്നു.

ഫീസ്, യാത്രാച്ചെലവ്, ഇൻഷുറൻസ്, പഠനോപകരണങ്ങൾ എന്നിവയ്ക്കായി 12.5 ലക്ഷം രൂപയാണ് ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ചത്. മകളുടെ വിദേശപഠന മോഹം സാക്ഷാത്കരിച്ച എൽ ഡി എഫ് സർക്കാരിന്റെ കരുതലിന് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് അഞ്ജനയുടെ മാതാവ് കെ.എസ്.ചന്ദ്രിക പറഞ്ഞു. അഞ്ജനയുടെ പിതാവ് മൃഗശാലാ ജീവനക്കാരനായ വിജയകുമാര ഗണകൻ 2003 ഡിസംബർ എട്ടിന് ജോലിക്കിടയിൽ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞിരുന്നു. നാടക കലാാകാരൻ മുടവൻമുകൾ കൃഷ്ണൻകുട്ടിയുടെ ചെറുമകളാണ് അഞ്ജന .എം.കോം വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥിയാണ് ഏക സഹോദരൻ സി.വി.വിഷ്ണു.

Related News