Web Desk

February 20, 2020, 7:27 pm

വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ കൊലപാതകി അവന്റെ അച്ഛൻ പ്രണവായിരുന്നുവെങ്കിൽ എന്തായിരുന്നേനേ സ്ഥിതി?

Janayugom Online

വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ കൊലപാതകി അവന്റെ അച്ഛൻ പ്രണവായിരുന്നുവെങ്കിൽ എന്തായിരുന്നേനേ സ്ഥിതി? അഞ്ജു പാർവ്വതി പ്രഭീഷ്‌ എഴുതുന്നു.

“ചാപല്യമേ നിന്റെ പേരോ സ്ത്രീ” ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണിയാണിത് ! എന്നാൽ ശരണ്യയെന്ന ഇരുപത്തിരണ്ടുകാരി പെൺകുട്ടി ചാപല്യത്തിന്റെ മാത്രം പേരാണോ?. അവളെന്ന സ്ത്രീ ക്രൂരതയുടേയും വഞ്ചനയുടേയും കാപട്യത്തിന്റെയും പേരുകൾ കൂടിയാണ്. സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ഈ കൊലപാതകം.

ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കുഞ്ഞു വിയാന്റെ ചിത്രങ്ങളും ഭർത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങളുമാണ്. മനസ്സിൽ നിറയെ കാമുകനോടുളള അടങ്ങാത്ത ആസക്തിയും പ്രണയവുമുള്ള ഒരുവൾ സമൂഹത്തിനുമുന്നിൽ എടുത്തണിഞ്ഞ കുലീനതയുടെ മുഖംമൂടി മാത്രമായിരുന്നു അതെല്ലാമെനോർക്കുമ്പോൾ ഷേക്സ്പിയറിന്റെ വരികൾ മാറ്റിയെഴുതാൻ തോന്നുന്നു.” കാപട്യമേ നിന്റെ പേരോ സ്ത്രീ?

നാലുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയവനെ,പത്തുമാസം ചുമന്നു പ്രസവിച്ച സ്വന്തം കുഞ്ഞിന്റെ അച്ഛനെ,മറന്നുക്കൊണ്ട് അവന്റെ കൂട്ടുക്കാരനിലൂടെ പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയ ഒരുവൾ.! അതുമാത്രമോ കാമുകനെ സ്വന്തമാക്കാൻ വേണ്ടി മാത്രം പ്രണവെന്ന ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും ബന്ധുക്കളോടും അയൽപക്കക്കാരോടും പറഞ്ഞ് അവനെ മോശമാക്കി ചിത്രീകരിച്ച ഭാര്യ. ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി മൂന്നുമാസത്തത്തോളമായി അകന്നുകഴിയുന്ന ഭർത്താവിനെ ഇണക്കത്തോടെ വീട്ടിലേയ്ക്കുവിളിച്ചുവരുത്തി അന്തിയുറങ്ങാൻ പ്രേരിപ്പിച്ചവളുടെ ഉള്ളിലെ കുടിലത എത്രത്തോളമാണ്.എങ്ങനെ വന്നാലും കുഞ്ഞിന്റെ കാണാതാകലും കൊലപാതകവും ഭർത്താവിന്റെ തലയിലേ വരാവൂവെന്ന കണക്കുകൂട്ടലിൽ ആസൂത്രണം ചെയ്തതാണ് ശരണ്യയുടെ ഓരോ നീക്കവും.ഇവിടെ അവൾ വഞ്ചനയുടെ പ്രതികമാവുന്നു.

വെളുപ്പിനു മൂന്നു മണിക്ക് കുഞ്ഞിനെയുമെടുത്ത് കടൽഭിത്തി ലക്ഷ്യമാക്കി നടന്നുനീങ്ങിയ ഇരുപത്തിരണ്ടുകാരി കുഞ്ഞിനെ കടൽഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞത് രണ്ടു തവണയാണ്.ആദ്യ ഏറിൽ കരഞ്ഞ കുഞ്ഞിനെ വീണ്ടുമെടുത്ത് ശക്തിയായി എറിഞ്ഞ് കൊല്ലാൻ അവളിലെ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു? അരികെ കിടക്കുന്ന കുഞ്ഞ് ഒന്നനങ്ങിയാൽപ്പോലും ഏത് നട്ടപ്പാതിരയ്ക്കും ഞെട്ടിപ്പിടഞ്ഞെണീക്കുന്നവരാണ് അമ്മമാർ.അവിടെയാണ് നെഞ്ചുലയാതെ ‚പിടയാതെ ഒരമ്മ പിഞ്ചുക്കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞുക്കൊന്നത്.എന്നിട്ട് കരളുറപ്പോടെ വീട്ടിൽ വന്ന് ആറു മണിവരെ കിടന്നുറങ്ങുമ്പോൾ അവിടെ കടൽക്കാറ്റേറ്റ് തണുത്തു വിറങ്ങലിച്ചുകിടന്നിരിക്കണം കുഞ്ഞുവിയാൻ. ഇത് ശരണ്യയിലെ ക്രൂരതയുടെ മുഖം.

കുഞ്ഞുവിയാന്റെ വേർപാടിൽ കരളുരുകികരയുമ്പോഴും ശരണ്യയുടെ ക്രൂരതയിൽ മനമുരുകി ശപിക്കുമ്പോഴും നമ്മൾ പൊതുസമൂഹം മറക്കുന്നൊരു ജീവിതമുണ്ട് നമുക്ക് മുന്നിൽ! അത് പ്രണവ് എന്ന യുവാവിന്റേതാണ്.നഷ്ടങ്ങൾ മുഴുവൻ അയാൾക്കാണ്.പ്രണയിച്ചു കൂടെ കൂട്ടിയവൾ കൺമുന്നിൽ കൂട്ടുകാരനുമായി പ്രണയത്തിലാവുന്നത് അറിയേണ്ടി വന്നവനാണയാൾ. അതിന്റെ പേരിൽ ആത്മാഭിമാനം ചവിട്ടിത്തേയ്ക്കപ്പെട്ടവനാണയാൾ. താനില്ലാത്ത അവസരം നന്നായി മുതലാക്കിയ സുഹൃത്തിന്റെ ചതിക്കിരയായ ഒരുവനാണയാൾ. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു പിതാവാണയാൾ. എത്രയോ നാളുകളായി ഭാര്യയേയും കുഞ്ഞിനെയും തിരിഞ്ഞുനോക്കാത്തവനെന്ന പട്ടം നാട്ടുകാരിൽ നിന്നും അണിയേണ്ടി വന്നയാൾ.

ഒരു രാത്രികൊണ്ട് കൊലപാതകിയായി ചിത്രീകരിക്കപ്പെട്ടയാൾ. പോലീസും പൊതുസമൂഹവും രണ്ടു ദിവസത്തോളം കുറ്റവാളിയായി കരുതി ചോദ്യംചെയ്യുമ്പോൾ എത്രമാത്രം നിരപരാധിയായ ആ യുവാവ് വേദനിച്ചിരിക്കും?

ആമസോൺ കാടുകളിൽ കാട്ടുതീയുണ്ടായാൽപ്പോലും അതിവൈകാരികമായി പ്രതികരിക്കുന്ന സാംസ്കാരിനായകരും സ്ത്രീപക്ഷവാദികളും ഈ വിഷയം,അതിലുള്ള ഗൗരവം കണ്ടതായേ നടിക്കില്ല. സ്ത്രീസമത്വത്തിനു വേണ്ടി രാപകലില്ലാതെ നെട്ടോട്ടമോടുന്ന സ്ത്രീപക്ഷവാദികളും ശരണ്യയിലെ ക്രിമിനലിനെ കണ്ടതായേ ഭാവിക്കുന്നില്ല.വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ കൊലപാതകി അവന്റെ അച്ഛൻ പ്രണവായിരുന്നുവെങ്കിൽ എന്തായിരുന്നേനേ സ്ഥിതി? കൊലപാതകത്തിനൊപ്പം സ്ത്രീപീഡനം,ഗാർഹികപീഡനം തുടങ്ങിയ കുറ്റങ്ങളിൽ തുടങ്ങി മെയിൽ ഷൊവനിയസത്തിന്റെ എണ്ണമറ്റ സിദ്ധാന്തങ്ങളുമായി ക്യൂ നിന്നേനേ സ്ത്രീപക്ഷവാദികളും പുരോഗമനവാദികളും.! ഒപ്പം നമ്മളും.

YOU MAY ALSO LIKE THIS