അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

Web Desk
Posted on February 05, 2019, 11:02 pm

മുംബൈ: ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ലോക്പാല്‍, ലോകായുക്ത എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ അനുകൂല നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് അണ്ണാ ഹസാരെ സമരം പിന്‍വലിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംരെ എന്നിവര്‍ അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ സാന്നിധ്യത്തില്‍ നിരാഹാരസമരം പിന്‍വലിക്കുന്നതായി ഹസാരെ പ്രഖ്യാപിച്ചത്.
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി ഫെബ്രുവരി 13ന് യോഗം ചേരുമെന്നും സംയുക്ത കരട് കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി.
അഴിമതികള്‍ക്ക് അറുതിവരുത്താനായി 2013ല്‍ പാസാക്കിയ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 30 മുതലാണ് അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരം ഏഴാംദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമായിരുന്നു.