ഇത്‌ കേരളമാണ്‌, ഇവിടെ ഇങ്ങനെയാണ്‌: ഒമാൻ സുൽത്താനു വേണ്ടി ക്ഷേത്രത്തിൽ അന്നദാനം നടത്താൻ പ്രവാസികൾ

Web Desk

വടകര

Posted on January 27, 2020, 3:47 pm

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ ഓർമ്മകൾക്ക്‌ ഒരിക്കലും മരണമില്ല. അതിന്റെ പ്രധാന കാരണം അദ്ദേഹം തന്റെ പ്രജകളോടും നാടിനോടും ചെയ്ത നന്മകൾ തന്നെയാണ്‌. സ്വദേശികൾക്ക്‌ മാത്രമല്ല വിദേശികൾക്കും അദ്ദേഹം നിരവധി സഹായങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്‌. ഇന്ത്യയെ അത്രമേൽ സ്നേഹിച്ച ഒരു ഗൾഫ്‌ ഭരണാധികാരി നാടു നീങ്ങിയപ്പോൾ ഇന്ത്യയും ദുഖാചരണത്തിൽ പങ്കു ചേർന്നിരുന്നു.

കേരളത്തിന്‌ ഒമാൻ എന്നും പ്രീയപ്പെട്ട മണ്ണാണ്‌. നിരവധി മലയാളികളാണ്‌ ഒമാൻ എന്ന ഗൾഫ്‌ രാജ്യത്തിനു നിന്നും വിജയത്തിന്റെ പടവുകൾ ചവിട്ടി കയറിയത്‌. നാടിന്റെ സമ്പത്ത്‌ വർദ്ധിപ്പിക്കുന്നതിൽ ഒമാൻ പ്രവാസി മലയാളികൾ ചെയ്ത സംഭാവനകൾ ചെറുതല്ല. അതിനൊക്കെ അവരെ പ്രാപ്തരാക്കിയത്‌ സുൽത്താൻ ഖാബൂസ്‌ എന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണം തന്നെയാണ്‌.

അതിനൊക്കെ പ്രവാസി മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ വടകര ഇടച്ചേരിയിൽ ഉള്ള ശ്രീ കാക്കന്നൂർ ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച്‌ ഫെബ്രുവരി മൂന്നാം തീയതി സുൽത്താൻ ഖാബൂസിന്റെ പേരിൽ ഒമാനിലെ പ്രവാസി മലയാളികൾ ചേർന്ന് അന്നദാനം ഒരുക്കുന്നത്‌. കാക്കന്നൂർ പ്രദേശത്തുള്ള ഹിന്ദു-മുസ്ലീം മതവിഭാഗത്തിൽപ്പെട്ട പ്രവാസികൾ ഒത്തൊരുമയോടെയാണ്‌ തങ്ങളുടെ സുൽത്താനു വേണ്ടി ഈ അന്നദാനം നടത്തുന്നത്‌. 2 വർഷം മുൻപ്‌ സുൽത്താൻ അസുഖബാധിതൻ ആയിരുന്നപ്പോഴും ഒരു കൂട്ടം പ്രവാസികൾ ഇത്തരത്തിൽ അന്നദാന വഴിപാട്‌ നടത്തിയിരുന്നതായി ക്ഷേത്രം സെക്രട്ടറി രാധാകൃഷ്ണൻ ജനയുഗം ഓൺലൈനോടു പറഞ്ഞു.

YOU MAY ALSO LIKE THIS