19 July 2024, Friday
KSFE Galaxy Chits Banner 2

തമിഴ്‌നാടിന്റെ അണ്ണായിസവും മക്കള്‍ മനവും

Janayugom Webdesk
July 18, 2022 6:00 am

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വേറിട്ട രാഷ്ട്രീയ രീതിയാണ് തമിഴ്‌നാടിന്റേത്. മാധ്യമങ്ങള്‍ മഹാരാഷ്ട്രയിലെ മഹാനാടകത്തിന് പിറകെ പായുമ്പോള്‍ ഇങ്ങ് തമിഴ്‌നാട് രാഷ്ട്രീയം വെട്ടിവിറയ്ക്കുകയായിരുന്നു. രണ്ട് നേതാക്കളുടെ ഭാവിയായിരുന്നു വിഷയം. മുന്‍ മുഖ്യമന്ത്രിമാരായ ഒ പനീര്‍ശെല്‍വം, എടപ്പാടി കെ പളനിസ്വാമി എന്നിവരില്‍ ആര്‍ക്കാണ് എഐഎഡിഎംകെയില്‍ ആധിപത്യമെന്ന് രണ്ടും പേരും പരീക്ഷിച്ച ദിനരാത്രങ്ങള്‍. പാര്‍ട്ടിയില്‍ ഏകാധിപതി മതിയെന്ന എടപ്പാടിയുടെ ആവശ്യത്തിനൊപ്പമായിരുന്നു ശബ്ദമേറെയും. നിസഹായനായ പനീര്‍ശെല്‍വം കോടതികള്‍ കയറിയിറങ്ങുന്നു. മേല്‍ത്തട്ടിലെന്ന് സ്വയം വിശേഷിപ്പിച്ചും പരിചയപ്പെടുത്തിയും ശുഭ്രവസ്ത്രധാരികളായ ഒരുപറ്റം ആളുകള്‍ താഴെയുള്ള സാധാരണ ജനവിഭാഗങ്ങളെ വിരട്ടിയും മെരട്ടിയും മുന്നോട്ടുപോകുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ ജനാധിപത്യം അങ്ങകലെയാണ്. അത്യുന്നതങ്ങളില്‍ ഒരേയൊരാള്‍ മാത്രം എന്ന കീഴ്‌വഴക്കത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അന്ത്യത്തോടെ മാറ്റം വന്നിരുന്നു. രണ്ടിലൊരാള്‍ തീര്‍ന്നേക്കുമെന്ന ബോധ്യത്തിന്റെകൂടി അടിസ്ഥാനത്തിലാണ് എഐഎഡിഎംകെയ്ക്ക് ജനറല്‍ സെക്രട്ടറി പദവി വേണ്ടെന്നും തല്ക്കാലം കണ്‍വീനറും അതേ അധികാരമുള്ള ജോയിന്റ് കണ്‍വീനറും മതിയെന്നും തീരുമാനിച്ചത്. ഇതില്‍ ആദ്യപേരുകാരന്‍ എം പനീര്‍ശെല്‍വമായിരുന്നു. അത് തമിഴ്‌നാട് അമ്മ എന്ന് വിളിക്കുകയും നേതാവായി അംഗീകരിക്കുകയും ചെയ്ത ജയലളിതയുടെ കാലത്തുതന്നെ രണ്ടാമനെന്ന ഖ്യാതിയുണ്ടായതുകൊണ്ടായിരുന്നു. പലപ്പോഴും ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനുള്ള നിയോഗം പനീര്‍ശെല്‍വത്തിനായിരുന്നു.

ജയലളിതയുടെ മരണശേഷം ഇനിയെല്ലാം ഞാനെന്ന പ്രഖ്യാപനത്തോടെ അമ്മയുടെ തോഴിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ശശികല രംഗപ്രവേശം ചെയ്തത് പനീര്‍ശെല്‍വത്തെ മാത്രമല്ല, എടപ്പാടി പളനിസ്വാമിയടക്കം പാര്‍ട്ടിനേതാക്കളെയെല്ലാം ആശങ്കപ്പെടുത്തി. കുംഭകോണങ്ങളുടെ കൂടി ഉറ്റതോഴിയായ ശശികലയ്ക്ക് കാരാഗൃഹവാസമാണ് വിധിച്ചത്. ഇല്ലായിരുന്നെങ്കില്‍ ജയലളിതയുടെ ജീവന്‍പോയ അതേ നിമിഷംമുതല്‍ എഐഎഡിഎംകെയുടെ അധികാരക്കസേര അവര്‍ക്കു സ്വന്തമാകുമായിരുന്നു. പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും രണ്ടാം നിരക്കാരായി തുടരേണ്ട സ്ഥിതിയും വന്നുചേര്‍ന്നേനെ. അലോസരപ്പെടുത്തുന്ന ഒന്നാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഏകാധിപത്യ പ്രവണത. തമിഴ്‌നാടിന്റേത് പഴക്കമുള്ളതാണെന്നതിനാല്‍ കേള്‍വിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും ശീലമായി. ഇന്ന് മറ്റുപല രാഷ്ട്രീയ പാര്‍ട്ടികളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവും സംവാദവും കടന്നുവരുന്നുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നു. തമിഴ്‌നാട്ടില്‍ പക്ഷെ എല്ലാം സിനിമാസ്റ്റൈലിലായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന മുന്നേറ്റം. ജനപക്ഷ താരോദയം ജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പ് സാധ്യതയായി പലരും കണ്ടു. തമിഴ്‌നാടിനെ ഭരിച്ചവരിലേറെയും സിനിമയിലും വെട്ടിത്തിളങ്ങിയവര്‍.


ഇതുകൂടി വായിക്കു; വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു


സാക്ഷാല്‍ എംജിആര്‍ എന്ന എം ജി രാമചന്ദ്രനോടെയാണ് തമിഴ്‌നാടിന്റെ അണ്ണായിസത്തിന് കൂടുതല്‍ പേരും പ്രസക്തിയും വന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ നിന്ന് വേര്‍പിരിഞ്ഞ എംജിആര്‍, 1972 ഒക്ടോബര്‍ 17നാണ് എഐഎഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടി രൂപീകരിച്ചത്. സി എന്‍ അണ്ണാദുരൈയുടെ പിന്മുറക്കാരെന്ന അവകാശവാദത്തോടെ രാഷ്ട്രീയരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ എംജിആറിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് നിരവധിപേര്‍ ആത്മാഹൂതി ചെയ്തു. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും സിനിമാ പ്രേമത്തിന്റെയും മാതൃകയാക്കുവാനാകാത്ത ഒന്നായിരുന്നു, അത്തരം ആത്മാഹൂതികള്‍. അതില്‍നിന്നെല്ലാം തമിഴ്‌നാട് മുക്തമായി വരുന്നു എന്ന് സമീപകാല താരനഷ്ടങ്ങളുടെയും നേതൃത്വവേര്‍പാടുകളുടെയും തുടര്‍വാര്‍ത്തകള്‍ തെളിയിക്കുന്നു. ഈയൊരു മാറ്റം ഒരുപക്ഷെ, തമിഴ്‌നാടിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട് എന്ന് നിരീക്ഷിക്കാവുന്നതാണ്. അതിനുള്ള ഉദാഹരണമാണ് തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണവും.
പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേര്‍ക്കുനേര്‍ പോരിന് സാക്ഷ്യംവഹിക്കാനും അതിന്റെ പേരില്‍ തമ്മിലടിക്കാനും ഏറ്റവും അടുത്ത അനുയായികള്‍ മാത്രമെ ചേര്‍ന്നിരുന്നുള്ളു. രണ്ടുനേതാക്കളുടെയും മുഴുവന്‍സമയ അനുയായികള്‍ ഇന്നും വാളും വടിയുമായി ഗ്രാമങ്ങളിലും നഗരങ്ങളിലുമുണ്ട്. ജനറല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. എടപ്പാടിയെ ജനറല്‍ സെക്രട്ടറിയാക്കി ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ വീണ്ടും ഏകാധിപത്യ സംവിധാനം കൊണ്ടുവന്നു. പനീര്‍ശെല്‍വത്തെ പുറത്താക്കി. നിയമയുദ്ധം തുടരുന്നു. എന്നിട്ടും താഴെത്തട്ടിലെ ജനങ്ങള്‍ ഇതൊന്നും ഏറ്റെടുത്തില്ല. ആരും ആത്മഹത്യാഭീഷണി മുഴക്കിയില്ല. പഴയ തമിഴ്‌നാടായിരുന്നുവെങ്കില്‍ ഇന്നും കത്തിത്തീരില്ലായിരുന്നു ആ തമ്മിലടിയുടെ രോഷം. അതാണ് തമിഴ്‌നാടിന്റെ വികാരവും വിചാരവും.

എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ ചേരുന്നതും പിരിഞ്ഞുപോകുന്നതും തമിഴ്‌നാട്ടുകാര്‍ ഒട്ടും ആവേശമില്ലാതെ കണ്ടുനില്‍ക്കുകയാണിന്ന്. ആ ഏകാധിപത്യ രാഷ്ട്രീയത്തെ അരികുവല്ക്കരിക്കണമെന്ന ബോധം അവിടത്തെ ജനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ പടരുകയാണ്. ഒരു ഭാഗത്ത് സംസ്ഥാന ഭരണവും ജനങ്ങളും കൈകോര്‍ത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ഇവിടെ ഇടതുപാര്‍ട്ടികളുടെ നിരീക്ഷണവും പരിരക്ഷയും ഭരണസംവിധാനത്തിനുണ്ട്. കൂട്ടായ്മയുടെയും കൂടിയാലോചനകളുടെയും പരിപാടികളും ഉണ്ട്. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കര്‍ണാടകയെപ്പോലെയോ മഹാരാഷ്ട്രയിലേതുപോലെയോ പണത്തിന് വശംവദരാകുവാന്‍ തമിഴ്‌നാടിന്റെ ജനപ്രതിനിധികള്‍ നിന്നുകൊടുക്കുന്നില്ല. ബിജെപിയുടെ അധികാര വെറി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടു. ഏകാധിപത്യ ശീലം ഒരുപടി മുന്നിലുള്ള എഐഎഡിഎംകെയെ തന്നെ സഖ്യകക്ഷിയാക്കിയതും ആ ലക്ഷ്യം മുന്നില്‍വച്ചായിരുന്നു.
ഇപ്പോള്‍ ബിജെപി നോട്ടംവയ്ക്കുന്നത് എഐഎഡിഎംകെയുടെ പിളര്‍പ്പിലാണ്. പക്ഷെ പാര്‍ട്ടിയിലെ എടപ്പാടിയുടെ ആധിപത്യം ബിജെപിയെ തെല്ലൊന്നുമല്ല തളര്‍ത്തുന്നത്. പനീര്‍‍ശെല്‍വമില്ലാത്ത എഐഎഡിഎംകെയില്‍ അജയ്യനായതോടെ എടപ്പാടിയുടെ ഏറുനോട്ടം വരുംകാല തെരഞ്ഞെടുപ്പും മുഖ്യമന്ത്രിപദവും തന്നെയാവും. അതില്‍ ബിജെപിയെ ഏതുവിധം കൂട്ടുമെന്നത് കണ്ടറിഞ്ഞുകാണുകയും വേണം. മറുപക്ഷത്ത് പനീര്‍ശെല്‍വത്തിന് നിയമയുദ്ധത്തിനപ്പുറം മറിച്ചൊന്നും ചെയ്യാനുള്ള ആള്‍ബലവും ഇല്ലാതെ പോയി. ആളുകളെ ഭിന്നിപ്പിച്ച് കൂടെ നിര്‍ത്താനും ബിജെപിയെ അധികാരത്തിലെത്തിക്കാനുമുള്ള ആര്‍എസ്എസിന്റെ തേവര്‍, ഗൗണ്ടര്‍ ജാതിപ്പോര് അജണ്ടയാണ് തകര്‍ന്നുതരിപ്പണമാകുന്നത്. വര്‍ഗീയ രാഷ്ട്രീയത്തിന് വഴിയില്ലാതെ തെന്നിന്ത്യയിലെ സംഘ്പരിവാര്‍ സ്വപ്നം കര്‍ണാടകക്കിപ്പുറം കടക്കാനാവില്ലെന്ന് തമിഴ്‌നാടും തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.