Friday
20 Sep 2019

വിടവാങ്ങിയത് പുരുഷാരങ്ങളെ ത്രസിപ്പിച്ച മേളപ്രമാണി 

By: Web Desk | Wednesday 12 June 2019 7:36 PM IST


സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള മഠത്തില്‍ വരവ് എന്ന സിംഫണിയുടെ വിസ്മയപ്പെരുക്കത്തിലെ അന്നമനട ചന്തം ഇനിയോര്‍മ്മ. പഞ്ചവാദ്യത്തില്‍ പ്രമാണിയായി ആരാധകരെ ത്രസിപ്പിച്ച തിമില വിസ്മയമായിരുന്ന അന്നമനട പരമേശ്വര മാരാര്‍ വിടപറയുമ്പോള്‍ അത് മേളപ്രേമികള്‍ക്ക് തീരാ നഷ്ടമാണ്. തോംകാരമുള്ള തിമിലയില്‍ വിരലുകള്‍ ഉപയോഗിച്ച് പഞ്ചവാദ്യമാരംഭിക്കുന്ന പല്ലാവൂര്‍ സഹോദരന്‍മാരുടെ രീതിയില്‍ പഞ്ചവാദ്യം ആരംഭിക്കുന്ന അപൂര്‍വം പ്രമാണിമാരിലൊരാളാണ് പരമേശ്വരമാരാര്‍. പല്ലാവൂര്‍ ശൈലിയിലെ വിളംബകാലത്തിലുള്ള പതികാലവും അന്നമനടക്കാരുടെ ശൈലിയിലുള്ള കൂട്ടിക്കൊട്ടലുകളും പരമേശ്വരമാരാരുടെ പഞ്ചവാദ്യത്തില്‍ കാണാം. ഇടകാലം കൂട്ടിക്കൊട്ടലുകളില്‍ ഇടംവലം നോക്കാതെ കൊട്ടുന്ന ചോറ്റാനിക്കര നാരായണമാരാരുടെ ശൈലിയും പരമേശ്വരമാരാരുടെ പഞ്ചവാദ്യത്തിലാസ്വദിക്കാം.

തിമിലയുടെ തോംകാരവും മദ്ദളത്തിന്റെ ധീംകാരവും ചേര്‍ന്ന് അന്നമനടയുടെടെ കൂട്ടിക്കൊട്ടലുകള്‍ പഞ്ചവാദ്യത്തെ വിഭവസമൃദ്ധമാക്കുന്നു. താളവട്ടങ്ങളില്‍ ഇരട്ടികള്‍ കൊട്ടാതെ ഇടതൂര്‍ന്ന വിന്യാസങ്ങളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. രണ്ടാംകാലത്തില്‍ ഇടയ്ക്കക്കാരനെയും മദ്ദളക്കാരനെയും തിമിലക്കാരനെയും മാറ്റിമാറ്റി കൊട്ടിച്ച് പഞ്ചവാദ്യത്തെ സംഗീതാത്മകമാക്കും. ഇടകാലം കൂട്ടിക്കൊട്ടില്‍ മദ്ദളക്കാര്‍ കൊട്ടിയതിലും ഇരട്ടിയിലധികം താളവട്ടം കൊട്ടി ഇനിയും താളവട്ടങ്ങള്‍ കൊട്ടാം എന്ന രീതിയില്‍ അവസാനിപ്പിക്കുമ്പോള്‍ ആസ്വാദകര്‍ക്കത് മതിവരാക്കാഴ്ച. ത്രിപുടയില്‍ കര്‍ണാടക സംഗീതത്തിന്റെ തനിയാവര്‍ത്തനം സ്വാംശീകരിക്കാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു ഈ സംഗീതാസ്വാദകന്‍.
പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാമന്‍ നായരുടേയും പാറുക്കുട്ടി മാരസ്യാരുടേയും മകനായി അന്നമനടയില്‍ ജനിച്ചു. അന്നമനട മഹാദേവക്ഷേത്രത്തില്‍ നിത്യസന്ദര്‍ശകനായിരുന്ന അദ്ദേഹം ബാല്യത്തില്‍ തന്നെ ക്ഷേത്രവാദ്യങ്ങളിലും ക്ഷേത്രകലകളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച കലാജീവിതമാണ് അദ്ദേഹത്തെ ക്ഷേത്രവാദ്യങ്ങളില്‍ ശ്രേഷ്ഠമായ തിമിലയുടെ അദ്വിതീയനായ വാദകനാക്കി മാറ്റിയത്.

കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ 1965 ല്‍ ആദ്യബാച്ചില്‍ തിമില മുഖ്യമായി പഞ്ചവാദ്യപഠനം ആരംഭിച്ചു. 1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നു. ലോകം മുഴുവന്‍ ഏകമനസ്സോടെ ആസ്വദിക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കഴിഞ്ഞ 11 വര്‍ഷമായി പരമേശ്വരമാരാരുടെ പ്രമാണത്തിലാണ് അരങ്ങേറുന്നത്. തിമിലയില്‍ നാദവിസ്മയം തീര്‍ക്കുന്ന പരമേശ്വരമാരാര്‍ 2007 ലെ കേരള സംഗീത നാടകവേദി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്. ത്യശൂര്‍ ആസ്വാദകസമിതിയുടെ വീരശ്യംഖല, അന്നമനട അച്ച്യുതമാരാര്‍ പ്രഥമപുരസ്‌ക്കാരം, പാല അമ്പാറ ക്ഷേത്രത്തിന്റെ വാദ്യകലാസാമ്രാട്ട് പുരസ്‌ക്കാരം, വെള്ളാറ്റന്നൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരകമുദ്ര എന്നിവ അവയില്‍ ചിലതുമാത്രം.
ജന്മദേശം അന്നമനടയാണെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സകുടുംബം കൊടകരയില്‍ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിനുതൊട്ടരികില്‍ വസിക്കുന്നു. മൂന്ന് മക്കളില്‍ മൂത്തയാള്‍ കലാമണ്ഡലം ഹരീഷ് (കൊടകര ഹരീഷ്) കേരള കലാമണ്ഡലത്തില്‍ നിന്നും ചെണ്ട മുഖ്യവിഷയമായി പഠനം പൂര്‍ത്തീകരിച്ച് അച്ഛന്റെ പാതയിലുണ്ട്.

Related News