Janayugom Online
BJP national president Amit Shah in Ahmedabad to meet party representatives for booth level micro management on Saturday. Express photo javed raja... 4-11-2017

അക്രമത്തിനുള്ള ആഹ്വാനം: കരുതലിനുള്ള താക്കീത്

Web Desk
Posted on July 06, 2018, 10:40 pm

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലക്ഷ്യപ്രാപ്തിക്കായി അക്രമത്തിന്റെ മാര്‍ഗം അവലംബിക്കാന്‍ ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആഹ്വാനം ജനാധിപത്യ കേരളവും സംസ്ഥാന ഗവണ്‍മെന്റും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം. ബിജെപിക്കും സംഘ്പരിവാറിനും അക്രമത്തിന്റെ രാഷ്ട്രീയം ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗമാണെന്ന് അവര്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. സത്യസന്ധവും സമാധാനപൂര്‍ണവുമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഒരിടത്തും അധികാരത്തിലെത്താനാവില്ലെന്ന് അവര്‍ മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നവരാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ദശകങ്ങളോളം തിരസ്‌കൃതമായിരുന്ന ജനസംഘ് രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയില്‍ സ്ഥാനം പിടിക്കുന്നതുതന്നെ തികച്ചും സമാധാനപരമായി തുടങ്ങി വച്ച ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ജയപ്രകാശ് നാരായണന്റെ ‘സമ്പൂര്‍ണ ക്രാന്തി’ പ്രസ്ഥാനത്തിന്റെ ചുമലിലേറിയായിരുന്നു. എഴുപതുകളുടെ ആദ്യപകുതിയില്‍ അഖിലേന്ത്യ വിദ്യാര്‍ഥി ഫെഡറേഷന്‍ (എഐഎസ്എഫ്) അടക്കം പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്ന ജെപി പ്രസ്ഥാനത്തെ എബിവിപിയടക്കം സംഘ്പരിവാര്‍ സംഘടനകള്‍ ഹൈജാക് ചെയ്ത് അക്രമത്തിന്റെ പാതയിലേക്ക് നയിച്ചതാണ് രാഷ്ട്രചരിത്രത്തിലെ തന്നെ നിര്‍ണായക വഴിത്തിരിവായത്. ജനസംഘം വേഷം മാറി ബിജെപിയായതിനുശേഷം അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയും സംഘ്പരിവാറിന്റെ രാമജന്മഭൂമി പ്രസ്ഥാനവും രാഷ്ട്ര ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി. രാജ്യത്തുടനീളം വര്‍ഗീയ അതിക്രമങ്ങള്‍ക്കും കലാപത്തിനും വഴിമരുന്നിട്ട ആ സംഭവങ്ങളാണ് ബിജെപിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. പിന്നീട് ആ നേട്ടങ്ങള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ അരങ്ങേറിയ വര്‍ഗീയതയുടെ താണ്ഡവവും കൂട്ടക്കൊലകളും. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പിന്തുണയോടെ ആരംഭിച്ച ബിജെപി ഭരണം രാജ്യത്ത് വര്‍ഗീയ ഭീകരതയുടെയും കലാപങ്ങളുടെയും പരമ്പരകള്‍ക്കാണ് നേതൃത്വം നല്‍കിവരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാനൂറോളം മനുഷ്യജീവനുകളാണ് വര്‍ഗീയതയുടെ വിജയത്തിനായി കുരുതികഴിക്കപ്പെട്ടതെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും യുക്ത്യാധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനങ്ങളിലൂടെയും ജനകീയമായ രാഷ്ട്രീയ മത്സരത്തിലൂടെയും പ്രബുദ്ധ കേരളത്തിന്റെ പിന്തുണയും അംഗീകാരവും നേടിയെടുക്കാനാവില്ലെന്ന തിരിച്ചറിവാണ് അമിത്ഷായെ അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപി-സംഘ്പരിവാര്‍ സംഘടനയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിത്ഷാ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിലെത്തിയത്. ദേശീയാധ്യക്ഷന് കേരളത്തിലെ ഹിന്ദുത്വശക്തികള്‍ നല്‍കിയ സ്വീകരണം ഒന്നുവേറെ തന്നെയായിരുന്നു. ആര്‍എസ്എസില്‍ നിന്ന് കടംകൊണ്ട് നേതൃത്വത്തില്‍ അവരോധിക്കപ്പെട്ട കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി സ്ഥാനക്കയറ്റം നല്‍കി പറഞ്ഞയച്ചതോടെ ഏകശിലസുഘടിതമെന്ന് കരുതപ്പെട്ടിരുന്ന സംഘ്പരിവാറിന്റെ സംഘടനാശൈഥില്യങ്ങളും ചേരിപ്പോരും ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. അത് നമ്മുടെ സാമൂഹ്യ മാധ്യമങ്ങളെയും വിശാലമായ വിവരസാങ്കേതിക രാജപാതകളെയും ദുര്‍ഗന്ധപൂരിതമാക്കി. ആ പശ്ചാത്തലത്തില്‍ വേണം അമിത്ഷായുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആക്രമണോത്സുക ആഹ്വാനത്തെ നോക്കിക്കാണാന്‍. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനോ തീവ്രഹിന്ദുത്വത്തിനോ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനോ ആശയപരവും രാഷ്ട്രീയവും ധാര്‍മിക മൂല്യങ്ങളിലും അധിഷ്ഠിതമോ ആയ ഒരു അടിത്തറയോ പൊതു ചട്ടക്കൂടോ ഇല്ല. അത് വര്‍ഗീയതയിലും രാഷ്ട്രീയ ശത്രുതയിലും വേരോട്ടമുണ്ടാക്കുന്ന വെറുപ്പിന്റെയും വിദേ്വഷത്തിന്റെയും ആള്‍ക്കൂട്ടം മാത്രമാണ്. ഒരു പൊതുശത്രുവുള്ളിടത്തോളമേ അതിന് നിലനില്‍പ്പുള്ളു. അതാണ് അമിത്ഷായുടെ ആഹ്വാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ നിലനിര്‍ത്തുന്ന മുഖ്യാഹാരം മുസ്‌ലിം, ദളിത്, ന്യൂനപക്ഷ വിദേ്വഷമാണെങ്കില്‍ കേരളത്തില്‍ അത് കമ്യൂണിസ്റ്റ് വിരോധമാണ്. കേരളത്തിലെ മതനിരപേക്ഷ പൊതു അന്തരീക്ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ സാധുതയുള്ള ഒരു പൊതു ശത്രുവിനെ കണ്ടെത്തുക ശ്രമകരമാണ്. വിശ്വാസികളും അല്ലാത്തവരുമായ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയാണ് അവരുടെ ആക്രമണ ലക്ഷ്യമായി മാറുന്നത്. അത് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിലോമതയുടെ കാതല്‍ കൂടിയാണല്ലൊ. അപകടകരമായ ഒരു തീക്കളിക്കാണ് അമിത്ഷാ ആഹ്വാനം നല്‍കിയിരിക്കുന്നത്. കേരളത്തെ അസ്ഥിരീകരിക്കാനും ജനങ്ങളെ ശിഥിലീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനുമാണ് അവര്‍ കോപ്പുകൂട്ടുന്നത്. പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ ജാഗരൂകരാവണം. ഗവണ്‍മെന്റും ഈമുന്നറിയിപ്പിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കണം.