പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. പഹല്‍ഗാം തീവ്രവാദി ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
ഓപ്പറേഷന്‍ സിന്ദുര്‍ ബിജെപി രാഷ്ട്രീയ നേട്ടമാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാനാണ് പ്രതിപക്ഷ കക്ഷികള്‍ പ്രത്യേക സമ്മേളനം എന്ന ആവശ്യം മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തെ 16 പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തിന് തടയിടാനാണ് കേന്ദ്രം പുതിയ നീക്കം നടത്തിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയാണ് തീരുമാനമെടുത്തത്. തീയതികള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച് സമ്മേളനം ചേരാന്‍ അനുമതി തേടുമെന്നും റിജിജു വ്യക്തമാക്കി.
ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ വിവിധ വിദേശ രാജ്യങ്ങളിലെത്തി പാകിസ്ഥാനെതിരെയും തീവ്രവാദത്തിനെതിരെയും ഇന്ത്യ നടത്തുന്ന പ്രതിരോധങ്ങള്‍ വിശദീകരിച്ചിരുന്നു. സംഘങ്ങള്‍ ഈ ഞായറാഴ്ചയോടെയാണ് രാജ്യത്തേക്ക് പൂര്‍ണമായും മടങ്ങിയെത്തുക. ഇതിനു ശേഷം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.