അന്നും മഴയായിരുന്നു

Web Desk
Posted on September 20, 2018, 10:53 pm

സജിനി ഒയറ്റി

അന്ന് മുഴുവന്‍ മഴയായിരുന്നു. മഴ കനത്തുതന്നെ പെയ്യുകയാണ്. ഒരേ താളത്തില്‍ ഒരേ രീതിയില്‍. കാറ്റിലും ഇടിയിലും ഇടുങ്ങിയ കുണ്ടനിടവഴിയിലൂടെ അമ്മ എന്നെ എടുത്തിട്ടായിരുന്നു നടന്നിരുന്നത്. മരപ്പിടിയുള്ള ആ കുടയ്ക്ക് ഞങ്ങള്‍ രണ്ടുപേരെയും മഴയില്‍ നിന്ന് രക്ഷിക്കാനുള്ള വലുപ്പമുണ്ടായിരുന്നില്ല. ഞാന്‍ നനയുന്നുണ്ടോ എന്ന് അമ്മ വേവലാതിയോടെ നോക്കി. അവിടെ എന്നെപ്പോലെ അമ്പരന്നുനില്‍ക്കുന്ന വേറെയും കുട്ടികളെ കണ്ടു. അവരും അക്ഷരം പഠിക്കാന്‍ വന്നവരായിരുന്നു.
എഴുത്തിനിരുത്തി കഴിഞ്ഞാലുള്ള അക്ഷരം പഠിത്തത്തിന് അന്ന് ഒരു വികസനവും അറിഞ്ഞിട്ടില്ലാത്ത ഗ്രാമത്തില്‍ പക്ഷേ ചപ്പിലയെന്ന വിചിത്രമായ പേരോടുകൂടിയ ഒരു ആശാട്ടിയുണ്ടായിരുന്നു. വിളറിപ്പോയ വെളുപ്പും അല്‍പ്പം മുന്നോട്ടുവളഞ്ഞ് മെലിഞ്ഞ ശരീരവുമുള്ള ഒരുപാട് മുടിയും ഇടത്തെകയ്യില്‍ ആറ് വിരലുകളുമുണ്ടായിരുന്നു. അവര്‍ക്ക് അമ്മയോളംതന്നെ പ്രായമേ തോന്നിയിരുന്നുള്ളു. എന്നെ ടീച്ചറെ ഏല്‍പ്പിച്ച് അമ്മ തിരിച്ചുനടന്നപ്പോള്‍ മഴയോടൊപ്പം ഞാനും കരഞ്ഞു. അമ്മയുടെ കൂടെയെത്താന്‍ ആ പെരുമഴയത്ത് ഞാനിറങ്ങിയോടി. കൂടെയോടിയവരെ തോല്‍പ്പിച്ച് ഞാന്‍ അമ്മയെ പൂണ്ടടക്കം പിടിച്ചു. അതായിരുന്നു അക്ഷരം പഠിക്കാന്‍ പോയ എന്റെ ആദ്യത്തെ ദിവസം. പിന്നീട് ഞാന്‍ മടികാണിച്ചില്ല. എല്ലാവരുടെയും കൂട്ടത്തിരുന്ന ഞാനും പഠിച്ചു. കുട്ടികളൊരുമിച്ച് അക്ഷരങ്ങള്‍ നീട്ടിച്ചൊല്ലുകയാണ് പതിവ്. എഴുതുന്നത് പൂഴിയിലാണ്. പൂഴിയെന്നാല്‍ മണല്‍. ഞങ്ങള്‍ നീളമുള്ള കോലായി ചമ്രംപടിഞ്ഞിരിക്കും. അങ്ങനെയിരിക്കാനാണ് ആദ്യം പഠിച്ചിരുന്നത്. കുത്തിയിരിക്കാനോ കാലുനീട്ടിയിരിക്കാനോ പാടില്ല. എല്ലാരുടെ മുന്നിലും മണല്‍ നിരത്തും. ചൂണ്ടുവിരല്‍ നടുവിരലിന്റെ മുകളിലേയ്ക്ക് കയറ്റിവയ്ക്കാന്‍ കഴിയണം. അങ്ങനെ വിരലുകൊണ്ട് അക്ഷരങ്ങള്‍ വിരിയിക്കും. ‘റ’യില്‍ നിന്ന് ‘ര’യിലേയ്ക്ക് കടക്കും. ‘ര’ ‘ത’യിലേയ്ക്കും പിന്നെ ‘വ’യിലേയ്ക്കും ‘പ’യിലേയ്ക്കും കടക്കും ‘പ’യില്‍ നിന്ന് ‘ഹ’ പിറക്കും. ‘ഹരി’ എന്ന വാക്കിലേയ്ക്ക് എത്തുമ്പോഴേയ്ക്ക് എഴുതിമായ്ക്കുന്ന രീതിക്ക് വേഗവും താളവും വന്നിരിക്കും. ശ്രീ എഴുതാനായിരുന്നു പ്രയാസപ്പെട്ടത്. ശ്രീ പാമ്പായും കോഴിയായും കൊതുകായും രൂപപ്പെട്ടു. ഒരുനാള്‍ ശ്രീയും എഴുതി. വീട്ടിലെ ഇത്തിരിപ്പോന്ന കോലായില്‍ അമ്മ പൂഴി വിരിച്ചുതരും. എഴുതി അമ്മയെ കാണിക്കുമ്പോള്‍ അമ്മ അഭിമാനവും വാത്സല്യവും കലര്‍ത്തി ചിരിച്ചിരുന്നു. അക്ഷരങ്ങളെ സ്‌നേഹമായത് ആ പരിശീലന കളരിയില്‍ വച്ചുതന്നെയായിരുന്നു. അവിടെ നിലത്തെഴുതിപ്പഠിച്ച ഓരോ കുട്ടിക്കും അക്ഷരങ്ങള്‍ അത്രയും ഹൃദിസ്ഥമായിരുന്നു. ഏത് വാക്കുപറഞ്ഞാലും ഞങ്ങള്‍ എഴുതും. പാ ‘ട’വും പീ‘ഠ’വും തമ്മിലുള്ള അക്ഷരവ്യത്യാസവും നഖവും നാഗവും മേഘവും തമ്മിലുള്ള അക്ഷരവ്യത്യാസവും ഞങ്ങള്‍ എഴുതിയും ചൊല്ലിയും പഠിച്ചു. ധനികന്റെ ‘ധ’യും ദരിദ്രന്റെ ‘ദ’യും അക്ഷരവ്യത്യാസമുണ്ടെന്ന് ടീച്ചറില്‍ നിന്നറിഞ്ഞു. ധനികയും ദരിദ്രനും തമ്മില്‍ അക്ഷരങ്ങളില്‍ മാത്രമല്ല, വേറെയും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ജീവിതംകൊണ്ട് പിന്നീടറിഞ്ഞു. അവിടെനിന്നാണ് ഞങ്ങള്‍ ഗണപതിസ്തുതി പഠിച്ചത്. ജനഗണമനയും വന്ദേമാതരവും പഠിച്ചത്. അക്ഷരങ്ങള്‍ ചൊല്ലിയുള്ള വേറൊരുതുടക്കമുണ്ട്. അതിന് കീയാക്കൂട്ടമെന്ന് പറയും. അതു പഠിക്കാന്‍ തുടങ്ങുന്ന അന്ന് ദക്ഷിണയായി എട്ടണ കൊടുക്കണം. എട്ടണയെന്നാല്‍ 50 പൈസ. അതിനൊപ്പം വെല്ലവും തേങ്ങയും വേണം. മാസത്തില്‍ കൊടുത്തിരുന്ന ഫീസും എട്ടണയായിരുന്നു. വെല്ലവും തേങ്ങയും ഞങ്ങള്‍ക്കും തിന്നാന്‍ തരും. കീയാക്കൂട്ടം എഴുതണ്ട, ചൊല്ലുകയാണ് വേണ്ടത്. ഒരുമിച്ച് ‘കീയ, ഖീയ, ഗീയ, ഘീയ, ങീയ’ എന്ന് തുടങ്ങി 25 വര്‍ഗാക്ഷരങ്ങളില്‍ ചൊല്ലണം. അതുപോലെ കേറാകൂട്ടവും, ര്‍ക്കാകൂട്ടവും ചൊല്ലിത്തന്നെയാകണം. നാവിന് ഏത് കഠിനമായ വാക്കുകള്‍ വഴങ്ങാനും അക്ഷരങ്ങളുടെ കൂടെയുള്ള വള്ളിപുള്ളികള്‍ തെറ്റാതെ എഴുതാനും പരിശീലിച്ചു. ക്ലാസ് തീരുമ്പോഴേയ്ക്കും ഞങ്ങള്‍ 51 അക്ഷരങ്ങള്‍ എഴുതി. അതിലെ 41 ലിപികളെഴുതി. ലിപിയില്ലാത്തത് ‘റ, ന, ര’യുമാണെന്ന് പഠിച്ചു. 13 സ്വരാക്ഷരങ്ങളും 38 വ്യഞ്ജനങ്ങളും തരംതിരിച്ചു. അതില്‍ നിന്ന് അഞ്ച് വര്‍ഗാക്ഷരങ്ങളെ ഒരുമിച്ചുചേര്‍ത്ത് നാല് മധ്യങ്ങളെ വേര്‍തിരിച്ചു. മൂന്ന് ഊഷ്മാക്കളെ പെറുക്കിയെടുത്തു. ഘോഷാക്ഷരങ്ങളും മൂന്ന് ദ്രാവിഡ മാധ്യമങ്ങളെയും ഒപ്പം കൂട്ടി. ദ്രാവിഡ അനുനാസികത്തെയും ഒരു ദ്രാവിഡത്തെയും കൂടെ ചേര്‍ത്തു.

(അവസാനിക്കുന്നില്ല)