March 31, 2023 Friday

Related news

March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023
March 24, 2023

അനൂപും ജോണി നെല്ലൂരും ഇരുവഴിയിൽ, ജോണി നെല്ലൂർ ജോസഫിനൊപ്പം

സരിത കൃഷ്ണൻ
കോട്ടയം
February 21, 2020 10:50 pm

വീണ്ടും പിളർന്ന് കേരളകോൺഗ്രസ്. ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ച് തർക്കങ്ങൾക്കൊടുവിൽ കേരളകോൺഗ്രസ് (ജേക്കബ്) രണ്ടു കഷണമായി. അനൂപ് ജേക്കബ്-ജോണി നെല്ലൂർ വിഭാഗങ്ങൾ ഇന്നലെ കോട്ടയത്ത് പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് പരസ്പരം അച്ചടക്ക നടപടികൾ ആരംഭിച്ചതോടെ പിളർപ്പ് പൂർണ്ണമായി. ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിന്റെ ഭാഗമായുള്ള പ്രമേയവും ഇന്ന് പാസാക്കി. ഈ മാസം 29ന് എറണാകുളത്ത് ലയന സമ്മേളനം നടക്കും. എന്നാൽ ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ചെയർമാനാണ് പരമാധികാരിയെന്നും, തന്റെ തീരുമാനം അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്താകും എന്നുമായിരുന്നു ജോണി നെല്ലൂരിന്റെ നിലപാട്. എന്നാൽ, സംഘടനാവിരുദ്ധ യോഗം വിളിച്ചതിന്റെ പേരിൽ ജോണിനെല്ലൂരിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണെന്ന് അനൂപ് ജേക്കബും വ്യക്തമാക്കി. ലയനം ജോണി നെല്ലൂരിന്റേത് വ്യക്തിപരമായ തീരുമാനമാണ്, അനൂപ് വിശദീകരിച്ചു. കോട്ടയത്തു ജോണി നെല്ലൂർ വിളിച്ചു ചേർത്ത യോഗത്തിൽ ലയന പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും അനൂപിന് അധികാര മോഹമാണെന്നും ജോണി നെല്ലൂർ ആരോപിച്ചു. ഡെപ്യൂട്ടി ലീഡർ സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് ലയന നീക്കത്തിൽ നിന്നും പിൻവാങ്ങിയത്. ടി എം ജേക്കബ് മരിച്ചതിന് തൊട്ടുപിന്നാലെ പാർട്ടിയിലെ പിൻഗാമിയായി തന്നെ നിശ്ചയിക്കാൻ അനൂപ് നേതാക്കളോട് ആവശ്യപ്പെട്ടതായും ജോണി നെല്ലൂർ പറഞ്ഞു.

അമ്മയ്ക്ക് സീറ്റ് നൽകരുതെന്ന് ജേക്കബിന്റെ സംസ്കാര ചടങ്ങിനിടെ അനൂപ് ആവർത്തിച്ചിരുന്നു. പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് അനൂപ് ജേക്കബിന്റെ യോഗത്തിൽ പങ്കെടുക്കുന്നത്. സ്ഥാപിത താൽപര്യക്കാരുടെ തടവറയിലാണ് അനൂപ് ജേക്കബ്. മന്ത്രിയായിരുന്നപ്പോൾ കൂടെക്കൂടിയവരാണ് ഇവരെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി. ടി എം ജേക്കബിന് വേണ്ടി ഒരു സ്മാരകം പണിയാൻ തയ്യാറാകാത്ത മകനാണ് പാർട്ടിക്ക് വേണ്ടി വാദിക്കുന്നതെന്നും ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് പ്രവർത്തിക്കാൻ അനൂപ് ജേക്കബ് തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസഫ് വിഭാഗവുമായുള്ള ലയന ചർച്ചകൾക്ക് തുടക്കമിട്ടത് അനൂപ് ജേക്കബാണെന്നും ചെറിയ പാർട്ടിയുടെ ചെയർമാനായി ഇരിക്കുന്നതിലും നല്ലത് വലിയ പാർട്ടിയുടെ ഭാഗമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

you may also like this video;

https://www.facebook.com/janayugomdaily/videos/807767869718020/
എന്നാൽ, വിമത യോഗം അംഗീകരിക്കാനാവില്ലെന്നും ഭൂരിപക്ഷ തീരുമാനം മാനിക്കാൻ ജോണിനെല്ലൂർ തയ്യാറാകണമെന്നുമാണ് അനൂപ് ജേക്കബിന്റെ വാദം. സംസ്ഥാന, ജില്ലാ ഭാരവാഹിത്വത്തിൽ തന്റെയൊപ്പമുള്ളവരുടെ പങ്കാളിത്തമാണ് അനൂപ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി ചെയർമാനെന്ന പേരിൽ ജോണി നെല്ലൂർ സ്വന്തമാക്കിയ യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്നും അനൂപ് പറഞ്ഞു. ജോണി നെല്ലൂരിനെതിരെ നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും അനൂപ് ജേക്കബ് വിഭാഗം നിയമിച്ചു.
കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേർന്നത്. പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു ജോണി നെല്ലൂർ വിഭാഗത്തിന്റെ യോഗം. മാണി വിഭാഗം രണ്ടായി പിളർന്ന് എട്ട് മാസം മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു കേരള കോൺഗ്രസ് വിഭാഗം കൂടി രണ്ടു തട്ടിലാകുന്നതിന് നഗരം വേദിയാകുന്നത്.

കെ എം മാണിയുടെ കേരള കോൺഗ്രസ് (എം) പാർട്ടിയിൽ നിന്നും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1993‑ൽ ടി എം ജേക്കബ് — ജോണി നെല്ലൂർ, മാത്യൂ സ്റ്റീഫൻ, പി എം മാത്യു എന്നിവർ മറുചേരി തീർത്ത് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിച്ചതോടെയാണ് കേരളകോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കഥ തുടങ്ങുന്നത്. രൂപീകരിച്ചതുമുതൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമായിരുന്നുവെങ്കിലും 2005‑ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കെ കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്(കരുണാകരൻ) (ഡിഐസി(കെ)ൽ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006 സെപ്റ്റംബറിൽ ഡിഐസി പ്രസിഡന്റായ കെ മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടി എം ജേക്കബും കൂട്ടരും ഡി ഐ സി യിൽ നിന്ന് വിഘടിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. പിന്നീട് യുഡിഎഫിലേയ്ക്ക് തിരികെ എത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.