March 29, 2023 Wednesday

സുജാതന്റെ രംഗപടത്തിന് ഇനിയൊരു‘ഇടവേള’

പി ആർ റിസിയ
തൃശൂർ
February 3, 2023 11:06 pm

രംഗപടം എന്നു കേൾക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് നാടക കലയുടെ രംഗാചാര്യനായ ആർട്ടിസ്റ്റ് സുജാതനാണ്. നാടക തിരശ്ശീലയ്ക്കു മുന്നിൽ നിർനിമേഷരായി കാത്തിരിക്കുന്ന ജനം മൈക്കിലൂടെ ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് അമ്പതു വർഷം പിന്നിടുമ്പോൾ രംഗപട രചനയിൽ നിന്നും ‘ഇടവേള’യ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം. നാടക ഘടന മാറിയെങ്കിലും കാണികളെ മുൻധാരണയോടെ സമീപിക്കുന്നതിനാൽ രംഗപടത്തിൽ വ്യത്യസ്തത വരുത്താൻ മിക്കവരും തയ്യാറാകുന്നില്ല. നാടകത്തിൽ വ്യത്യസ്തകളേറുമ്പോൾ പുതുമകളില്ലാതെ തുടരുന്ന രംഗപട സങ്കല്പം മടുപ്പുളവാക്കുന്നതായി അദ്ദേഹം ജനയുഗത്തോട് പറഞ്ഞു. അതിനാൽ രംഗപടരചനയ്ക്ക് താൽക്കാലിക തിരശ്ശീലയിട്ടുകൊണ്ട് കലാകേരളത്തിനായി മറ്റൊരു ചരിത്രരചനയുടെ പൂർത്തീകരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുജാതൻ. 

കഴിഞ്ഞ അമ്പതു വർഷത്തിനുള്ളിൽ ഒരുക്കിയ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത അമ്പതു നാടകങ്ങളുടെ രംഗപടം വീണ്ടും വരയ്ക്കുകയാണ് അദ്ദേഹം- നാടകചരിത്രത്തിന് മുതൽക്കൂട്ടായി. മാത്രമല്ല, പുതിയ തലമുറയ്ക്ക് ഒരു പഠന വിഷയം കൂടിയായിരിക്കും ഇവ. കോട്ടയത്ത് വേളൂരിലുള്ള ആർട്ടിസ്റ്റ് കേശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിനുള്ളിൽ ആറടിയോളം ഉയരത്തിൽ എട്ട് അടി നീളത്തിലുള്ള കാൻവാസിലാണ് രംഗപടം പെയിന്റിങ് ആയി രൂപാന്തരം പ്രാപിക്കുന്നത്. ഇന്ദുലേഖയിലെ മണിമാളിക, ശുദ്ധമദ്ദളത്തിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, കെപിഎസിയുടെ കൈയും തലയും പുറത്തിടരുത് എന്ന നാടകത്തിലെ കെഎസ്ആർടിസി ബസിന്റെ ഉൾവശം, എന്നിങ്ങനെ സഹൃദയർ മറക്കാത്ത രംഗ പടങ്ങൾ വീണ്ടും കാൻവാസിൽ പുനരാവിഷ്ക്കരിക്കും. ഒരു ചിത്രകാരൻ ചെയ്യുന്ന കല നൂറ്റാണ്ടുകൾ നിൽക്കും. എന്നാൽ നാടകത്തിന്റെ സെറ്റിനു രണ്ടു വർഷത്തിൽ കൂടുതൽ ആയുസ്സില്ല. അതുകൊണ്ടുതന്നെ തന്റേതായ അടയാളങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് 2020ൽ അവ കാൻവാസിലേക്ക് പകർത്താൻ തുടങ്ങിയത്. 

അച്ഛൻ ആർട്ടിസ്റ്റ് കേശവനൊപ്പം 1967ൽ രംഗപടരചനയിലേക്കെത്തിയ ആർട്ടിസ്റ്റ് സുജാതൻ പിന്നീട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ മേഖലയിലെ പകരക്കാരനില്ലാത്ത പ്രതിഭയായി. 1973 ൽ കോട്ടയം നാഷണൽ തിയേറ്റേഴ്സിന്റെ നിശാഗന്ധി എന്ന നാടകത്തിനു വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രംഗപടമൊരുക്കിയത്. സ്വദേശത്തും വിദേശത്തും അവിസ്മരണീയമായ അനേകം രംഗപടങ്ങളാണ് ആർട്ടിസ്റ്റ് സുജാതനിലൂടെ പിറവിയെടുത്തത്. ഇരുപതിലധികം തവണ രംഗപടരചനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും നേടിയിട്ടുണ്ട്.
പത്ത് വർഷമായി അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിന്റെ സംഘാടന രംഗത്ത് സജീവമായ അദ്ദേഹം അടുത്ത സീസൺ മുതൽ വിശ്രമമില്ലാതെയുള്ള ഓട്ടപ്പാച്ചിലിന് വിരാമമിടുകയാണ്. ഇറ്റ്ഫോക്കിനൊപ്പം അതിയായ ആത്മബന്ധമുള്ള കെപിഎസിയടക്കം മൂന്നോനാലോ സംഘങ്ങളുമായി മാത്രമേ സഹകരിക്കൂവെന്ന് സുജാതൻ പറഞ്ഞു. ആർട്ടിസ്റ്റ് സുജാതനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ രംഗപടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കുന്ന ആർട്ടിസ്റ്റ് സുജാതൻ സീനിക്ക് ഗാലറി ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ മുഖ്യ ആകർഷണകേന്ദ്രമാണ്. ഇത്തവണയും വിദേശനാടകങ്ങൾക്കുൾപ്പെടെ ഏഴ് വേദികളുടെയും രംഗപശ്ചാത്തലങ്ങളും ആർട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരങ്ങളും ഒരുക്കുന്നത് ആർട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തിലാണ്.
അച്ഛന്റെ വഴി പിന്തുടർന്ന് മക്കളായ ജിതിൻ ശ്യാം, ജിജോ എന്നിവരും കലാ മേഖലയിൽ തന്നെയാണ്. ജിതിൻ ആർക്കിടെക്ടും ജിജോ ഗ്രാഫിക്സ് ഡിസൈനറുമാണ്. 

Eng­lish Sum­ma­ry: Anoth­er ‘break’ for Sujathan’s film

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.