ടി ഒ സൂരജിനെതിരെ വീണ്ടും കേസ്

Web Desk
Posted on October 16, 2019, 10:30 pm

മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ മറ്റൊരു അഴിമതി കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 35.35 കോടി രൂപയുടെ അഴിമതിയാണ് ഹര്‍ജിക്കാരന്‍ കേസില്‍ ആരോപിച്ചിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിക്കുകയും ഹര്‍ജിക്കാരന്റെ ആക്ഷേപം കേള്‍ക്കുകയും കൂടാതെ പബ്ലിക് പ്രോസിക്യൂട്ടറെ കൂടി കേട്ടതിനും ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ കോടതി ഉത്തരവിട്ടത്. പൊതുമരാമത്ത്, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് ആദ്യം ടെന്‍ഡര്‍ നല്‍കാതെ വര്‍ക്ക് നല്‍കുകയും തുടര്‍ന്ന് കെ എസ് സി സി ടെണ്ടറില്ലാതെ തന്നെ വര്‍ക്ക് സനാതന്‍ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് സബ് ടെന്‍ഡര്‍ നല്‍കുകയും ചെയ്തതിലൂടെ അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റം ചെയ്തുവെന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കേസില്‍ സൂരജ് ഒന്നാം പ്രതിയും,വൈറ്റില അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് രാജു രണ്ടാം പ്രതിയും, ചീഫ് എന്‍ജിനീയര്‍ പി കെ സതീഷന്‍ മൂന്നാം പ്രതിയും, ജനറല്‍ മാനേജര്‍ നാരായണന്‍ നാലാം പ്രതിയും, മനേജിംഗ് ഡയറക്ടര്‍ പി ആര്‍ സന്തോഷ് കുമാര്‍ അഞ്ചാം പ്രതിയും, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍ ആറാം പ്രതിയും, പൊതുമരാമത്ത് അണ്ടര്‍ സെക്രട്ടറി എസ് മാലതി ഏഴാം പ്രതിയും, കമ്പനി കോണ്‍ട്രാക്ടര്‍മാരായ പി ജെ ജേക്കബ് എട്ടാം പ്രതിയും, വിശ്വനാഥന്‍ വാസു ഒമ്പതാം പ്രതിയും, കുരീക്കല്‍ ജോസഫ് പോള്‍ പത്താം പ്രതിയുമാണ് . കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ടി ഒ സൂരജ് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും, കെ എസ് സി സി ചെയര്‍മാന്റെയും ചുമതല വഹിച്ചു വരികയായിരുന്നു.