August 19, 2022 Friday

ഡല്‍ഹിയില്‍ അരങ്ങേറുന്നത് മറ്റൊരു തെരഞ്ഞെടുപ്പ് ജുംല

Janayugom Webdesk
February 1, 2020 5:00 am

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഹിംസയുടെ രാഷ്ട്രീയം അതിന്റെ എല്ലാ വൈരൂപ്യത്തോടെയും ഭീകരതയോടെയും അഴിഞ്ഞാടുന്നതിനാണ് രാഷ്ട്രം സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നിന്നും ഗാന്ധിസമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ യാത്രയ്ക്കുനേരെയാണ് മതഭ്രാന്ത് ബാധിച്ച ഒരു തീവ്ര ഹിന്ദുത്വവാദി യുവാവ് നിറയൊഴിച്ചത്. വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് അക്രമം അരങ്ങേറിയത്. അക്രമിയെ വെടിയുണ്ട ഉതിര്‍ക്കുന്നതില്‍ നിന്ന് തടയാനോ അയാളെ നിരായുധനാക്കാനോ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടായില്ല. കുറ്റവാളി പ്രായപൂര്‍ത്തിയാവാത്ത ആളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡല്‍ഹി പൊലീസ് തുടര്‍ന്നുവരുന്ന ഹീനശ്രമങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ആവശ്യമായ ചികിത്സ തടയുന്നതിനുപോലും പൊലീസ് ശ്രമിച്ചുവെന്നതും അവഗണിക്കാവുന്നതല്ല. മോഡിക്കും ഹിന്ദുത്വ തീവ്രവാദത്തിനും അനുകൂലമായ നിലപാടുകള്‍ക്ക് കുപ്രസിദ്ധമായ മാധ്യമ ശൃംഖലകളും സമാനമായ രീതിയില്‍ വ്യാജ ആഖ്യാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

കുറ്റവാളികളെയും കുറ്റവാളി സംഘങ്ങളെയും തങ്ങളുടെ കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമെന്നതും അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക എന്നതും പതിവു കാഴ്ചയായി മാറിയിരിക്കുന്നു. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുവരുത്താന്‍ രാഷ്ട്രതലസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കുകയാണ് ബിജെപിയുടെയും തെരഞ്ഞെടുപ്പ് തന്ത്രം. സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെല്ലാം രാജ്യദ്രോഹികളാണെന്നു വരുത്തിതീര്‍ത്ത് അക്രമങ്ങളെയും അക്രമകാരികളെയും വെള്ളപൂശാനാണ് മോഡി ഭരണകൂടവും ഡല്‍ഹി പൊലീസും ശ്രമിക്കുന്നത്. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന വെടിവയ്പിന് ഒ­ത്താശ ചെയ്ത് കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ നേ­തൃത്വം നല്‍കുന്ന ഡ­ല്‍ഹി പൊലീസിന്റെ സമാധാനപരമായ പ്ര­തിഷേധങ്ങളോടുള്ള സ­മീപനം അതേ ദിവസം തന്നെ രാജ്യം കാണുകയുണ്ടായി. രക്തസാക്ഷി ദിനത്തില്‍ ഡല്‍ഹിയി­ല്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ച ഇടതുപക്ഷ പുരോഗമന ശക്തികളോട് പൊലിസ് അവലംബിച്ച സ­മീപനം അവരുടെ തനിനിറം തുറന്നുകാട്ടുന്നു.

മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് പ്രതിഷേധ യോഗത്തിലേക്ക് നീങ്ങിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അതുല്‍കുമാര്‍ അ‍ഞ്ജാന്‍ തുടങ്ങിയ നേതാക്കളെ യാതൊരു പ്രകോപനവും കൂടാതെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടഞ്ഞുവച്ചത്. അക്രമകാരികളായ കുറ്റവാളികളെ സംരക്ഷിക്കുകയും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന പൊലീസ് തന്നെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്. മഹാത്മജിയുടെ രക്തസാക്ഷിദിനത്തില്‍ രാഷ്ട്ര തലസ്ഥാനത്ത് അരങ്ങേറിയ രണ്ട് സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം വ്യക്തവും ഞെട്ടിപ്പിക്കുന്നതുമാണ്. രാജ്യഭരണം കയ്യാളുന്നവര്‍ മഹാത്മജിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അഹിംസയ്ക്കും സഹനസമരത്തിനും എതിരാണ്, അവര്‍ ഗാന്ധിഘാതകനായ ഗോഡ്സെയ്ക്കും അയാളുടെ അക്രമാസക്ത തീവ്രഹിന്ദുത്വവാദത്തിനും ഒപ്പമാണ്. ഗോഡ്സെവാദം പ്രസരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷവും ഹിംസയുടെ പ്രത്യയശാസ്ത്രവുമാണ് തങ്ങളുടെ മാര്‍ഗമെന്ന പ്രഖ്യാപനമാണ് അത്.

ഡല്‍ഹി നിയമസഭാ തെര‍ഞ്ഞെടുപ്പ് ബിജെപിയുടെ മോഡി അവതാരഘട്ടത്തിലെ ഏറ്റവും കനത്ത വെല്ലുവിളിയാണ്. രാഷ്ട്രീയമായ സമ്പൂര്‍ണ ഒറ്റപ്പെടലിനെയും സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയെയുമാണ് മോഡി ഭരണകൂടം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ അവര്‍ക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗവും ഇല്ല. ആം ആദ്മി പാര്‍ട്ടി വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും‍ പരിമിതമെങ്കിലും വികസന രംഗത്തും കൈവരിച്ച നേട്ടങ്ങളുടെ പിന്‍ബലത്തിലുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനു മറുപടി നല്‍കാന്‍ യാതൊന്നുമില്ലാത്ത ഭരണ പരാജയത്തിന്റെയും ഭിന്നിപ്പിന്റെയും പ്രതീകമാണ് ബിജെപി. അവിടെയാണ് അക്രമവും ഹിംസയും വിദ്വേഷ പ്രചാരണവും ബിജെപിയുടെ കയ്യില്‍ ആയുധമാകുന്നത്. ചരിത്രത്തിലുടനീളം അതായിരുന്നു അവരുടെ ആയുധം. വിദ്വേഷത്തിന്റെയും ഉന്മൂലനത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് മോഡിയെ രാഷ്ട്ര അധികാരത്തില്‍ അവരോധിച്ചത്. അത് കൂടുതല്‍ തീവ്രതയോടെ കൂടുതല്‍ വ്യാപകമായി പ്രയോഗിക്കാതെ ഡല്‍ഹി തിരിച്ചുപിടിക്കാനൊ ദേശീയതലത്തില്‍ അധികാരം നിലനിര്‍ത്താനൊ അവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ ജാമിയാ കുറ്റവാളിക്കെതിരായ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജല്പനങ്ങള്‍ക്ക് മറ്റൊരു തെര‍ഞ്ഞെടുപ്പ് ‘ജുംല’ക്ക് അപ്പുറം യാതൊരു അര്‍ത്ഥവുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.