June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

നൊബേല്‍ ജേതാവ് സൂ ചിയുടെ മറ്റൊരു മുഖം

By Janayugom Webdesk
January 5, 2020

എം എസ് രാജേന്ദ്രൻ 

ലോക ജാലകം

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കാലത്ത് 1937 വരെ ഇന്ത്യയുടെ ഭാഗമായിരുന്നതും, ഏതാണ്ടൊരേ കാലത്ത് സ്വാതന്ത്ര്യം നേടിയതുമായ ബര്‍മ (ഇപ്പോള്‍ മ്യാന്‍മര്‍)യുടെ ചരിത്രം പട്ടാളവാഴ്ചയുടെ ഒരു ഇരുണ്ട ചിത്രമാണ് കാഴ്ചവച്ചിട്ടുള്ളത്. രാഷ്ട്രപിതാവായ ഓങ്സാനും മന്ത്രിമാരും കൊല ചെയ്യപ്പെട്ടതിന് ശേഷം അധികാരം സെെനിക ജനറല്‍മാരാണ് ഏറെക്കാലം കെെകാര്യം ചെയ്തത്. ഓങ്സാന്റെ പുത്രി സൂ ചി വിദേശവാസം അവസാനിപ്പിച്ച് സ്വദേശത്ത് മടങ്ങി എത്തിയതിന് ശേഷമാണ് ജനാധിപത്യ നാഷണല്‍ ലീഗ് ശക്തിപ്രാപിച്ചതും പട്ടാളവാഴ്ചയ്ക്കെതിരായ പോരാട്ടം ശക്തിപ്രാപിച്ചതും; പക്ഷെ സൂ ചി തന്നെ ഒന്നര പതിറ്റാണ്ട് ജയിലിലും വീട്ടുതടവിലുമായിരുന്നു. ഒടുവില്‍ നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുകയും തുടര്‍ഭരണം പട്ടാളത്തിന് സാധ്യമല്ലാതാവുകയും ചെയ്തതിന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പില്‍ 2016ലാണ് സൂ ചി പ്രസിഡന്റായി ഒരു ജനാധിപത്യ ഭരണത്തിന് തുടക്കമായത്. പക്ഷെ, പട്ടാളഭരണത്തിന്‍കീഴില്‍ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രകാരം പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകള്‍ സെെന്യത്തിനായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ സെെനിക പിന്തുണയില്ലാതെ ഒരു ഭരണഘടനാ ഭേദഗതി സാധ്യമല്ലാതായി.

ഇതിന് തന്നെ പട്ടാളം വഴങ്ങിയത് ലോക സമ്മര്‍ദത്തിന്റെ ഫലമായാണ്. സൂ ചിക്ക് നൊബേല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് പട്ടാളഭരണം അത്രയുമെങ്കിലും ‘ഔദാര്യം’ കാണിച്ചത്. ഇപ്രകാരം 2016 മുതല്‍ക്ക് ഓങ്സാന്‍ എന്ന രാഷ്ട്രപിതാവിന്റെ പുത്രി കൂടിയായ സൂ ചി പ്രസിഡന്റ് പദവിയില്‍ എത്തിയെങ്കിലും അതോടെ പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്തു. രണ്ട് ദശാബ്ദക്കാലം പട്ടാളഭരണത്തിന്റെ പീഡനം കഴിഞ്ഞുള്ള അധികാര ആരോഹണം സൂ ചിയെ വ്യത്യസ്തമായൊരു പാതയിലേക്കെത്തിച്ചതായാണ് സര്‍വര്‍ക്കും തോന്നിത്തുടങ്ങിയിട്ടുള്ളത്. ഇതിനു മുന്‍പ് പട്ടാളം അവരെ ജയിലിലും വീട്ടുതടങ്കലിലും പാര്‍പ്പിക്കുക മാത്രമല്ല ചെയ്തത്. ലണ്ടനിലെ പ്രവാസി ജീവിതകാലത്ത് തനിക്കു ജനിച്ച മക്കളെ സ്വദേശത്തേക്ക് വരാന്‍പോലും പട്ടാള ഭരണക്കാര്‍ അനുവദിച്ചില്ല. മക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നതിന്റെ പേരിലാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് ശേഷം ആ വിലക്ക് മാറ്റിയൊ എന്നതു സംബന്ധിച്ച് വാര്‍ത്തകളൊന്നും കാണാന്‍ സാധിച്ചിട്ടില്ല. ഭരണം സിവിലിയന്‍ കെെകളിലാണെങ്കിലും യഥാര്‍ത്ഥ അധികാരം ഇപ്പോഴും പട്ടാളത്തിന്റെ കയ്യിലാണെന്നാണ് സാഹചര്യങ്ങള്‍ വിളിച്ചറിയിക്കുന്നത്. സൂ ചി പേരിന് മാത്രമുള്ള പ്രസിഡന്റാണെന്നു വ്യക്തമായിക്കൊണ്ടിരിക്കുകയുമാണ്. 1991ല്‍ നൊബേല്‍ സമാധാന സമ്മാനം സ്വീകരിക്കുമ്പോഴത്തെ സൂ ചിയെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്നാണ് ലോക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അവര്‍ക്ക് ഈ സമ്മാനം നല്‍കുമ്പോള്‍ നൊബേല്‍ സമിതിക്കാര്‍ നല്‍കിയ വിവരണം ഇപ്പോള്‍ പലരും ഓര്‍ക്കുന്നുണ്ടാകും. മര്‍ദനത്തിനെതിരായ പോരാട്ടത്തിന്റെ ഒരു പ്രധാന പ്രതീകമായിട്ടാണ് നൊബേല്‍ സമിതിക്കാര്‍ സൂ ചിയെ വിശേഷിപ്പിച്ചത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വംശീയ അനുരഞ്ജനത്തിനും വേണ്ടി അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തിലൂടെ പോരാടുന്നവര്‍ക്ക് ആവേശം പകരുന്ന ഒരു വ്യക്തിയായും നൊബേല്‍ സമിതി അവരെ വിശേഷിപ്പിച്ചിരുന്നു. പക്ഷെ, ഇന്ന് ലോകം ദര്‍ശിക്കുന്ന സൂ ചി പട്ടാളഭരണത്തിന്റെ ഒരു പാവയാണ്.

ഡിസംബര്‍ രണ്ടാം വാരത്തില്‍ ഹേഗ് നഗരത്തിലെ ലോക ക്രിമിനല്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അതിന് തെളിവാണ്. നൊബേല്‍ സമാധാന സമ്മാനം നേടിയ, സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഒരു പ്രതീകമെന്ന് നൊബേല്‍ സമിതി വിശേഷിപ്പിച്ച, സൂ ചി ബര്‍മയിലെ (മ്യാന്‍മാര്‍) പട്ടാളം ആ നാടിന്റെ അതിര്‍ത്തി പ്രദേശമായ രോഹിംഗ്യയിലെ ജനങ്ങളോട് കാണിച്ച കൊടും ക്രൂരതയ്ക്ക് ലോക ക്രിമിനല്‍ കോടതി (ഐസിസി) അവിടത്തെ സര്‍ക്കാരിനെതിരായ ക്രിമിനല്‍ കേസിന്റെ വിചാരണ നേരിടാന്‍ രാജ്യത്തെ പ്രതിനിധീകരിച്ചാണ് പ്രസിഡന്റ് സൂ ചി ആ കോടതിയില്‍ ഹാജരായത്. രോഹിംഗ്യ എന്നത് ബഹുഭൂരിപക്ഷം ജനങ്ങള്‍ ബുദ്ധമതക്കാരായ ബര്‍മയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു ചെറിയ ഭൂപ്രദേശമാണ്. അവിടത്തെ ജനങ്ങള്‍ മുസ്‌ലിം മതവിശ്വാസികളുമാണ്. ശാന്തിയും സമാധാനവും ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിച്ചിട്ടുള്ള ആ ബുദ്ധമത വിശ്വാസികള്‍ക്ക് ലക്ഷങ്ങള്‍ മാത്രമുള്ള അവിടത്തെ മുസ്‌ലിങ്ങളെ സ്വന്തം നാടിന്റെ മക്കളായി അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ബര്‍മയിലെ പട്ടാളം ആ മുസ്‌ലിങ്ങളുടെ വംശീയ സംഹാരത്തിന് ഒരുങ്ങുകയായിരുന്നു. പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ദശലക്ഷത്തിലധികം രോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുകയുമാണ്. അവരില്‍ കൂറേപ്പേര്‍ ഇന്ത്യയിലും എത്തിയിട്ടുണ്ട്. ബര്‍മീസ് പട്ടാളം നടത്തിയ നരഹത്യക്കെതിരായി ഗാംബിയ എന്ന രാജ്യമാണ് പരാതിയുമായി ലോക കോടതിയെ സമീപിച്ചത്. രോഹിംഗ്യയിലെ ഒരുപിടി തീവ്രവാദികള്‍ അക്രമത്തിന് മുതിര്‍ന്നുവെന്നതായിരുന്നു ഈ കൂട്ടക്കൊലയ്ക്ക് ന്യായമായി ബര്‍മീസ് ഭരണകൂടം ഉന്നയിച്ച വാദം. ബര്‍മീസ് പട്ടാളം നടത്തിയ നരഹത്യയെ ന്യായീകരിക്കാനാണ് രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ലോകകോടതിയില്‍ എത്തിയത്. ലോകചരിത്രത്തില്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ പ്രതിസ്ഥാനത്ത് വിചാരണ നേരിടാന്‍ ലോക കോടതിയില്‍ എത്തുന്നത്. അതും, തന്റെ രാജ്യം നടത്തിയ വര്‍ഗീയ സംഹാരത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍, അത്യപൂര്‍വമായ ഒരു സംഭവമാണ്. സാധാരണഗതിയില്‍ അതിനായി നിയോഗിക്കപ്പടുന്നത്.

ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും. എന്നിട്ടും രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ആ മുള്‍കിരീടം ചൂടുന്നത് കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമാണ്. സൂ ചി പട്ടാളത്തിന്റെ സമ്മര്‍ദംകൊണ്ടാണോ, അതോ പട്ടാളത്തെ പ്രീതിപ്പെടുത്താനാണോ ഈ മുള്‍ക്കിരീടം ചൂടിയതെന്ന് ആര്‍ക്കും പറയാനാവില്ല. പട്ടാളത്തെ സന്തോഷിപ്പിക്കാന്‍ സ്വമനസാലെയാണ് ഒട്ടും അഭിമാനകരമല്ലാത്ത ആ ചുമതല സൂ ചി ഏറ്റെടുത്തതെങ്കില്‍ അത് ഒരു സ്വാതന്ത്ര്യ യോദ്ധാവിന് ഒട്ടും ചേര്‍ന്നതല്ലെന്നു മാത്രമേ പറയാനാവൂ. കോടതി മുറിക്കുള്ളില്‍ യാതൊരു ഭാവഭേദവുമില്ലാത്ത സൂ ചിയുടെ ആ ഇരിപ്പ് കാഴ്ചക്കാരെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. കാരണം ഭൂഗോളത്തിന്റെ പകുതി ദൂരം താണ്ടിയാണ് കോടതിയില്‍ ആ മഹതി ഹാജരായത്. കോടതി നടപടികള്‍ വീക്ഷിക്കാന്‍ അവിടെ കൂടിയിരുന്ന നൂറുകണക്കിന് സ്വാതന്ത്ര്യപ്രേമികളുടെ കൂക്കുവിളികള്‍ പോലും അവരുടെ മുഖഭാവത്തില്‍ യാതൊരു മാറ്റവും വരുത്തിയില്ലെന്നതും നോക്കിയിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

ദീര്‍ഘകാലം പട്ടാളത്തെ വെല്ലുവിളിച്ചുകൊണ്ട് പട്ടാളത്തിന്റെ ദണ്ഡനങ്ങളെ നേരിടാന്‍ ധീരത പ്രദര്‍ശിപ്പിച്ച ആ പോരാളിക്ക് കാഴ്ചക്കാരുടെ കൂക്കുവിളികളെയും മറ്റും എങ്ങനെ ഇത്ര ശാന്തമായി നേരിടാന്‍ കഴിഞ്ഞുവെന്നത് അവരുടെ ആരാധകര്‍ക്ക് പോലും പിടികിട്ടാത്ത ഒരു സംഗതിയാണ്. ആരാധകര്‍ സൂ ചിയെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ന്യായീകരണം പട്ടാളത്തിന്റെ നരഹത്യക്ക് തടയിടാന്‍ പ്രസിഡന്റിനുപോലും കഴിയുമായിരുന്നില്ലെന്നായിരുന്നു അവരുടെ എതിര്‍വാദം. എന്നാല്‍, പട്ടാളത്തെ പിടിച്ചുകെട്ടാന്‍ സൂ ചി ഒരു ചെറുവിരല്‍പോലും അനക്കിയില്ലെന്ന വസ്തുത ആരാധകര്‍ക്ക് പോലും നിഷേധിക്കാന്‍ കഴിഞ്ഞില്ല. സൂ ചിയുടെ വിചിത്രമായ ഈ നിലപാടിന് അധികാര ദുര്‍മോഹമാണോ പ്രേരകമായതെന്ന് പലരും സംശയിക്കുന്നുണ്ട്. 2020ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത ബുദ്ധമത വിശ്വാസികളുടെ കൂടി പിന്തുണ ആര്‍ജിക്കാനാവുമോ എന്ന് പലരും സംശയിക്കുന്നുണ്ട്. കോടതിയില്‍ സൂചി തന്റെ രാജ്യം കെെക്കൊണ്ട പെെശാചികമായ നരഹത്യയെപ്പറ്റിയുള്ള സൂ ചിയുടെ എതിര്‍വാദങ്ങള്‍ക്ക് യാതൊരു മൂര്‍ച്ചയുമുണ്ടായിരുന്നില്ല. നിര്‍വികാരമായ അവരുടെ മറുപടിയും ബുദ്ധമത തീവ്രവാദികളെ രോഷാകുലരാക്കുന്ന തരത്തിലുള്ളതായിരുന്നു. രോഹിംഗ്യകള്‍ക്കെതിരായി എന്തെങ്കിലും അക്രമമൊ, അനീതിയൊ നടന്നതായി അവര്‍ ഒരു വാക്കുപോലും ഉച്ചരിച്ചില്ല. പുതിയ തെരഞ്ഞെടുപ്പില്‍ ബുദ്ധമത തീവ്രവാദികളുടെ പിന്തുണയും നേടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. അവരുടെ സംസാരമെന്ന് പലരും കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാനാവില്ല. ധീരയായ ഒരു സ്വാതന്ത്ര്യപ്പോരാളിക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിഞ്ഞുവെന്ന സംശയത്തില്‍ കാതലുണ്ടെന്നാണ് അവരുടെ എതിര്‍വാദവും സൂചിപ്പിച്ചത്. അധികാരം ആളുകളെ ദുഷിപ്പിക്കുമെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്നതിന് തെളിവാണ് സൂ ചിയുടെ നിലപാട്.

Eng­lish sum­ma­ry: Anoth­er face of Nobel lau­re­ate Xu Chi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.