July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഐക്യത്തിന്റെ മറ്റൊരു മഹനീയമാതൃക

Janayugom Webdesk
January 1, 2020

മതേതര-ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുള്ള നിലപാടുകളിലും സാമൂഹ്യ‑വികസന നേട്ടങ്ങൾ ആർജിക്കുന്നതിലും പ്രളയമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ അതിജീവിക്കുന്നതിന് കൈമെയ് മറന്ന് പ്രവർത്തിക്കുന്നതിലുമൊക്കെ ഐക്യത്തിന്റെ മഹനീയ മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളെ തുടർന്ന് കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ തുടർച്ചയായി നടന്ന സാക്ഷരതാ പ്രസ്ഥാനം അതിലൊന്നായിരുന്നു. വികസനത്തിന്റെ അനന്തവിഹായസിലേയ്ക്ക് പറക്കുന്നതിന് നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു അതിൽ എടുത്തുപറയാവുന്ന മറ്റൊന്ന്. ഇതിന് പുറമേ പ്രളയങ്ങളും രോഗങ്ങളും പോലുള്ള ദുരന്തവേളകളിലും കേരളം ആ ഐക്യം കാത്തുസൂക്ഷിച്ചു. അത്തരമൊരു ഐക്യത്തിന്റെ മഹത്തായ മാതൃക കേരളം വീണ്ടും സൃഷ്ടിച്ചതിന്റെ പേരിലാവും 2019 ന്റെ അവസാന ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തുക. 2020 പുതുവർഷപ്പിറവിയുടെ തലേന്ന് കേരള നിയമസഭാംഗങ്ങൾ ഒത്തുകൂടിയത് അത്തരമൊരു ഐക്യകാഹളം മുഴക്കുന്നതിനായിരുന്നു. ഇന്ത്യ മുഴുവൻ ആശങ്കയിലാവുകയും അതിന്റെ ഫലമായി പ്രക്ഷുബ്ധമാവുകയും ചെയ്ത പൗരത്വ നിയമത്തിനെതിരെ ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ ആശങ്കകൾ പങ്കുവച്ചു. കേരളത്തിന്റെ പൊതുവികാരമാണ് യഥാർഥത്തിൽ അവിടെ പ്രകടിതമായത്. പൗരത്വഭേദഗതി നിയമം ഉയർത്തിയിരിക്കുന്ന ആശങ്കകളും അതിനെതിരായ പ്രതിഷേധങ്ങളും വിശദീകരിക്കേണ്ടതില്ലാത്ത വിധം എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞിട്ടുണ്ട്.

ശക്തമായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി തുടരുകയുമാണ്. ജനങ്ങളിലാകെയുണ്ടായിരിക്കുന്ന ആശങ്കകൾ കേന്ദ്ര ഭരണാധികാരികളെപോലും ഞെട്ടിച്ചിട്ടുമുണ്ട്. എന്നുമാത്രമല്ല കേന്ദ്രഭരണം നടത്തുന്ന എൻഡിഎയിലെ സഖ്യകക്ഷികൾ പോലും ഇരുസഭകളിലും പിന്തുണച്ചുവെങ്കിലും അപകടം തിരിച്ചറിഞ്ഞ് നിലപാട് മാറ്റത്തിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം അതിന്റെ നിഷേധാത്മകമായ നിലപാടുകൾ തുടരുകയും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും തകർക്കുന്ന ഭേദഗതി നിയമവുമായി മുന്നോട്ടുപോവുകയുമാണ്. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കപ്പെട്ടപ്പോൾ തന്നെ അതിനെതിരായി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന സംസ്ഥാനമാണ് കേരളം. ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സ­ത്യ­ഗ്രഹം സംഘടിപ്പിച്ചത് അതിന്റെ ഉദാഹരണമായിരുന്നു. കാരണം ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ആ വികാരം മനസിലാക്കിയാണ് അന്ന് അത്തരത്തിലൊരു പ്രതിഷേധം നടന്നത്. നിക്ഷിപ്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ ചിലർ അതിനെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. ഐക്യം തകരുമോയെന്ന സംശയം പോലും ചില കോണുകളിൽ നിന്നുണ്ടായി. എന്നാൽ സംസ്ഥാന സർക്കാർ യോജിച്ച് മുന്നേറുന്നതിനുള്ള ശ്രമങ്ങൾ തുടർന്നതിനാൽ അത്തരക്കാരുടെ ശ്രമങ്ങൾ പാഴായി. 29 ന് വിളിച്ചുചേർത്ത സർവകക്ഷി-സംഘടനാ യോഗത്തിൽ മിക്കവാറും എല്ലാ സംഘടനകളും പങ്കെടുക്കുകയും യോജിച്ച പ്രതിഷേധം തുടരുന്നതിന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായിട്ടായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നത്.

എല്ലാവരും ഒറ്റക്കെട്ടായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്തത്. ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരപ്രകടനത്തിന്റെ പ്രതിഫലനമായി നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം അംഗീകരിക്കുന്ന ആദ്യ നിയമസഭയായി കേരളം മാറി. ഐക്യപ്പെട്ട മുന്നേറ്റങ്ങളെ തടയുന്നതിന് ശ്രമിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ നടപടി. അതുകൊണ്ട് സമ്മേളനത്തിന്റെയും പ്രമേയത്തിന്റെയും നിയമപരമായ സാധുതയെ കുറിച്ച് അബദ്ധജടിലമായ വാദങ്ങൾ നിരത്തി രക്ഷപ്പെടാനാണ് അവർ ശ്രമിക്കുന്നത്. പൗരത്വവുമായിബന്ധപ്പെട്ട നിയമം പാസാക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നൊക്കെയാണ് വസ്തുതകൾ മനസിലാക്കാതെ അവർ വാദിക്കുന്നത്. ഭരണഘടനാമൂല്യങ്ങളുടെ അടിത്തറയിൽ പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് നമ്മുടേത്. അവിടെ മതേതരത്വവും ഭരണഘടനയും തകർക്കപ്പെടുമെന്ന് ആശങ്ക ഉയർത്തുന്നൊരു നിയമം അർഹതപ്പെട്ട ആര് പാസാക്കിയാലും അത് തെറ്റാണെന്ന് വിളിച്ചുപറയുന്നതിനോ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതിനോ അവകാശമില്ലെന്ന് പറയുന്നത് വിവരക്കേടാണെന്നല്ലാതെ മറ്റെന്തുപറയാൻ.

ഇത്തരം ജല്പനങ്ങൾ ഭയപ്പാടിൽ നിന്നുണ്ടാകുന്നതാണെന്ന് കരുതി അവഗണിക്കുകയേ നിർവാഹമുള്ളൂ. എന്തായാലും പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ മത‑ജാതി വേർതിരിവും കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളുമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളുടെ പൊതുവികാരപ്രകടനമാണ് നിയമസഭയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ വർഗീയമായ നിയമം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങൾ ശക്തമായി തുടരേണ്ടിവരുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന യോജിപ്പ് തുടർന്നുകൊണ്ടുപോവുകയെന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജനുവരി 26 ന് നടക്കുന്ന മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുൾപ്പെടെ എല്ലാ പ്രതിഷേധങ്ങളെയും യോജിപ്പിന്റെ വേദിയാക്കി മാറ്റാൻ കഴിയേണ്ടതുണ്ട്.

Eng­lish Sum­ma­ry: Anoth­er great exam­ple of uni­ty Janayu­gom editorial.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.