കഴിഞ്ഞ ആറാഴ്ച്ചയ്ക്കുള്ളിൽ അഞ്ചാം തവണയാണ് ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷവും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണ്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് പിന്നിലെ കാരണങ്ങളെന്താണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലെ ചാർധാം റൂട്ടിൽ അതിഭയാനകമായ രീതിയിലാണ് ഹെലികോപ്റ്റർ അപകടങ്ങളും അടിയന്തര ലാൻഡിങ്ങുകളും സംഭവിക്കുന്നത്. കേദാർനാഥ്, ബദ്രിനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് ചാർധാം യാത്ര.
ഹിമാലയൻ ഭൂപ്രദേശങ്ങളിലെ വെല്ലുവിളി നിറഞ്ഞ യാത്രകളിൽ ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതിന് ആളുകൾക്ക് അനുയോജ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനായ അനൂപ് നൌട്ടിയാൽ ഈവർഷത്തെ ചാർധാം റൂട്ടിലുള്ള എല്ലാ ഹെലികോപ്റ്റർ ഓപ്പറേഷനുകളും നിർത്തിവയ്ക്കണമെന്നും പറഞ്ഞു.
കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി അഞ്ച് ഹെലികോപ്റ്റർ അപകടങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഹെലികോപ്റ്റർ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ചാർധാം റൂട്ടിൽ വ്യോമ സുരക്ഷയ്ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ ഈ സമയം പ്രയോജനപ്പെടുത്തണമെന്നും അനൂപ് നൌട്ടിയാൽ കൂട്ടിച്ചേർത്തു.
എയർ ട്രാഫിക് കൺട്രോൾ (എടിസി), റഡാറുകൾ, തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ എന്നിവ ഇല്ലാത്തതിനാൽ” പൈലറ്റുമാരുടെയും തീർത്ഥാടകരുടെയും ജീവൻ അപകടത്തിലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ന് അപകടത്തിൽപ്പെട്ട ശ്രീ കേദാർനാഥ്ജി ആര്യൻ ഹെലിപ്പാഡ് ഗുപ്തകാശിയിൽ അഞ്ച് മുതിർന്നവരും ഒരു കുട്ടിയും ഒരു ക്രൂ മെമ്പറുമാണ് ഉണ്ടായിരുന്നതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.