11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 17, 2024
September 17, 2024
September 12, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
August 31, 2024

മണിപ്പൂരില്‍ വീണ്ടും വന്‍ പ്രതിഷേധം

Janayugom Webdesk
ഇംഫാൽ
August 31, 2024 10:44 pm

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരെ പ്രതിഷേധം ശക്തമാക്കി കുക്കി-സോ വിഭാഗങ്ങള്‍. കലാപത്തില്‍ മെയ്തി വിഭാഗത്തിന് സഹായം ചെയ്തതായി മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ രാജി ആവശ്യപ്പെട്ടും കുക്കി വിഭാഗത്തിനായി സ്വതന്ത്ര ഭരണമേഖല ആവശ്യപ്പെട്ടുമാണ് പ്രതിഷേധം.

ചുരാചന്ദ്പൂരിലെ ലെയ്ഷാങ്, കാങ്‌പോക്പിയിലെ കെയ്തെൽമാൻബി, തെങ്‌നൗപാലിലെ മോറെ എന്നിവിടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു. സോമി സ്റ്റുഡന്റ്സ് ഫെഡറേഷനും കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച റാലിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മണിപ്പൂരിന് പുറമെ ഡൽഹി ജന്തർ മന്ദറിലും പ്രതിഷേധം നടന്നു.

കലാപം അഴിച്ചുവിട്ടത് താനാണെന്ന് ബിരേൻ സിങ് അവകാശപ്പെടുന്ന ശബ്ദരേഖയാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷത്തിന്റെ വിത്തുപാകിയിരിക്കുന്നത്. നിരവധി ആക്രമ സംഭവങ്ങളില്‍ മെയ്തി സംഘടനാ പ്രവര്‍ത്തകരെ താന്‍ സംരക്ഷിച്ചുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കുക്കി-സോ വിഭാഗക്കാരായ ഒമ്പത് ബിജെപി എംഎല്‍എമാര്‍ നേരത്തെ ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജിവയ്ക്കില്ലെന്നും സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിരേൻ സിങ് പറഞ്ഞു.

അതിനിടെ ചുരാചന്ദ്പൂരില്‍ ബിജെപി നേതാവിന്റെ വീടിന് വീണ്ടും തീവച്ചു. പാർട്ടി വക്താവും താഡൗ ​ഗോത്ര നേതാവുമായ ടി മൈക്കൽ ലംജതാങ് ഹയോകിപ്പിന്റെ വീടാണ് പ്രതിഷേധക്കാർ തകർക്കുകയും തീവയ്ക്കുകയും ചെയ്തത്. ആറ് ദിവസം മുമ്പ് ഒരു സംഘമാളുകൾ ഹയോകിപ്പിന്റെ വീട് നശിപ്പിച്ചിരുന്നു. സംഘത്തിൽപ്പെട്ട ആയുധധാരികൾ ആകാശത്തേക്ക് വെടിയുതിർത്തെന്നും ആരോപണമുണ്ട്.

2023 മേയിൽ ആരംഭിച്ച വംശീയ ആക്രമണത്തിൽ ഇതുവരെ 226 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വംശീയ സംഘർഷം ആരംഭിച്ചിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.