Wednesday
20 Feb 2019

മറ്റൊരു മോഡികുംഭകോണം കൂടി

By: Web Desk | Sunday 7 October 2018 8:02 AM IST

റഫാല്‍ ഇടപാടിലെ അഴിമതി തുറന്നുകാട്ടപ്പെട്ടതോടെ സ്വയംപ്രതിരോധത്തിന് എല്ലാത്തരം അധാര്‍മ്മികമാര്‍ഗങ്ങളും അവലംബിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. ഇപ്പോള്‍ അവര്‍ വ്യോമസേനാ മേധാവിയെതന്നെ രംഗത്തിറക്കി റഫാല്‍ യുദ്ധവിമാനത്തിന്റെ യോഗ്യതകള്‍ നിരത്താനാണ് ശ്രമിക്കുന്നത്. റഫാലിന്റെ കാര്യക്ഷമത ഒരു തര്‍ക്കവിഷയമേ ആയിരുന്നില്ലെന്നത് വിസ്മരിച്ചുകൊണ്ടാണിത്. മുന്‍ ഗവണ്‍മെന്റ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിടത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി അതിന്റെ എണ്ണം 36 ആയി കുറച്ചുവെന്നതാണ് തര്‍ക്കവിഷയം. അത് സുരക്ഷയില്‍ കടുത്ത ആപത്ശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനുപുറമെ ഇത്തരം വിവാദങ്ങളിലേയ്ക്ക് സേനാംഗങ്ങളെ വലിച്ചിഴക്കുന്നത് അധാര്‍മ്മികമാണ്. അത് ഫലത്തില്‍ സായുധസേനയുടെ രാഷ്ട്രീയവല്‍ക്കരണമാണ്.
ഗവണ്‍മെന്റ് സുപ്രധാനങ്ങളായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ല. ഒന്നാമത്തെ ചോദ്യം 126 യുദ്ധവിമാനങ്ങള്‍ക്ക് പകരം എണ്ണം മൂന്നിലൊന്നായി കുറച്ചതുതന്നെ. അതാവട്ടെ 126 വിമാനങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട വിലയ്ക്കും. നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഓരോ വിമാനവും ഇപ്പോള്‍ വാങ്ങുന്നത്. രണ്ടാമത്തെ പ്രശ്‌നം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡി(എച്ച്എഎല്‍)നെ അനുബന്ധ കരാറില്‍നിന്ന് ഒഴിവാക്കി അംബാനിയുടെ പുതുതായി തട്ടിക്കൂട്ടിയ കമ്പനിക്ക് ആ കരാര്‍ നല്‍കിയതാണ്. പുതിയ കരാര്‍വഴി ഫ്രഞ്ച് കമ്പനിക്ക് ലഭിക്കുന്ന മൂന്നിരട്ടി പണത്തില്‍ 30,000 കോടി രൂപ അംബാനിയുടെ പക്കല്‍ എത്തിച്ചേരും. ഇത് പൊതുപണത്തിന്റെ പകല്‍ക്കൊള്ളയാണ്. അതേപ്പറ്റി മോഡി സര്‍ക്കാരിന് ഉത്തരമില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തില്‍ നടന്ന ഏറ്റവും വലിയ കുംഭകോണമാണിത്.
റഫാല്‍ കുംഭകോണത്തിലെ അനിശ്ചിതത്വം തുടരവെത്തന്നെ സമ്പദ്ഘടനയെ ആകെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു അഴിമതികൂടി പുറത്തുവന്നിരിക്കുന്നു. ധനമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളടക്കം നിക്ഷേപകര്‍ക്ക് 91,000 കോടിയുടെ ബാധ്യതകള്‍ വരുത്തിവച്ച ഒരു സ്വകാര്യ കമ്പനിയുടെ ഏറ്റെടുക്കല്‍ നടപടിയായിരുന്നു അത്. അഭൂതപൂര്‍വമായ ഈ നീക്കത്തിലൂടെ മോഡി സര്‍ക്കാര്‍ അനില്‍ അംബാനിക്ക് സമ്മാനിച്ചതിന്റെ മൂന്നിരട്ടി പണമാണ് മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കിയിരിക്കുന്നത്. രാഷ്ട്ര സമ്പദ്ഘടനയില്‍ കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഇത്തരമൊരു ഔദാര്യത്തിന്റെ പിന്നില്‍ എന്താണുള്ളതെന്ന് യാതൊരു വിശദീകരണവും നല്‍കിയിട്ടുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈ സ്വകാര്യ കമ്പനിയുടെ കാര്യത്തിലും വ്യക്തിതാല്‍പര്യമുള്ളതായി ചില ട്വീറ്റുകള്‍ വെളിപ്പെടുത്തുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസി(ഐഎല്‍ ആന്‍ഡ് എഫ്എസ്)ന് പല ആനുകൂല്യങ്ങളും പരിഗണനകളും നല്‍കിപ്പോന്നിരുന്നു. ‘2007 ല്‍ മുഖ്യമന്ത്രി മോഡി ഐഎല്‍ ആന്‍ഡ് എഫ്എസിന് 70,000 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചുനല്‍കിയിരുന്നു. എന്നാല്‍ ആ പദ്ധതികള്‍ക്ക് ഇപ്പോഴും യാതൊരു പുരോഗതിയുമില്ല’- ഒരു ട്വീറ്റ് വിവരിക്കുന്നു. ഇത് ഒറ്റപ്പെട്ട ഒന്നല്ല. ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങള്‍ നിരത്താനാവും. അവ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെയാണ് അപകടത്തിലാക്കിയിരിക്കുന്നത്. വിവാദത്തിലായിരിക്കുന്ന കമ്പനിക്കു മാത്രം 160-ലധികം അനുബന്ധ സ്ഥാപനങ്ങളുണ്ട്. അവയില്‍ ആറെണ്ണം മാത്രമെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതായുള്ളു.
ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായ 2008ലെ ലേമെന്‍ പ്രതിസന്ധിയുടെ ലഘുപതിപ്പാണ് ഇതെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. അന്ന് അത് ആരംഭിച്ചത് ബാങ്കുകളടക്കം ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിയായാണ്. ധനമൂലധനത്തെ പിടികൂടിയ ഈ തകര്‍ച്ചയില്‍ നിന്നും സമ്പദ്ഘടനകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ല. ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ പ്രതിസന്ധി സമാനമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാക്കുമെന്ന് ധനമന്ത്രാലയംതന്നെ ആശങ്കപ്പെടുന്നു. നേരത്തെ ആഗോള പ്രതിസന്ധിയില്‍ നമുക്ക് പിടിച്ചുനില്‍ക്കാനായത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമ്പദ്ഘടനയില്‍ വഹിച്ചുപോന്നിരുന്ന നിര്‍ണായക പങ്ക് മൂലമാണ്.
എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി മോഡി സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, നോട്ട് അസാധൂകരണംപോലെയുള്ള ഭ്രാന്തന്‍ നടപടികള്‍ എന്നിവ നമ്മുടെ ഏതാണ്ട് എല്ലാ ബാങ്കുകളെയും തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. തല്‍ഫലമായി സാധാരണക്കാര്‍ തങ്ങളുടെ തുച്ഛമായ ബാങ്കിടപാടുകള്‍ക്കുപോലും വലിയ വില നല്‍കേണ്ടിവരുന്നുവെന്നതാണ് അവസ്ഥ. മറുവശത്ത് ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നിരട്ടികണ്ട് കുതിച്ചുയര്‍ന്നു. ഇത് ഐഎല്‍ ആന്‍ഡ് എഫ്എസ് പോലെയുള്ള സ്വകാര്യ കുത്തക കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടയ്ക്കാതെ സൃഷ്ടിച്ചിരിക്കുന്ന തകര്‍ച്ചയാണ്.
അതേസമയം കാതല്‍ മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം സര്‍ക്കാര്‍ ഉദാരമാക്കിയിരിക്കുന്നു. അത് വിദേശ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ലാഭകരമായ സംരംഭമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. അവര്‍ യഥേഷ്ടം തങ്ങളുടെ നിക്ഷേപം പിന്‍വലിച്ച് സമ്പദ്ഘടനയെ വെട്ടിലാക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഇന്ധനവിലയിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും കാണുന്നത്. ഇന്ധനവില മറ്റെല്ലാവിലകളിലും ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്.
ഐഎല്‍ ആന്‍ഡ് എഫ്എസ് ഗവണ്‍മെന്റ് ഏറ്റെടുത്തതും അതിലേക്ക് എല്‍ഐസി ഫണ്ടുകള്‍ ഒഴുക്കുന്നതും സ്‌ഫോടനാത്മക സ്ഥിതി സൃഷ്ടിക്കും. നാളിതുവരെ കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നാം നേരിടുന്നത്. മോഡി സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് പ്രീണന സാമ്പത്തികനയങ്ങളുടെ അനന്തരഫലമാണ് രാജ്യം നേരിടുന്ന പ്രതിസന്ധി.