8 October 2024, Tuesday
KSFE Galaxy Chits Banner 2

ഗാന്ധിജിയെ അവഹേളിച്ച് വീണ്ടും സംഘ്പരിവാര്‍ കുപ്രചരണം

Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2024 9:04 pm

ഗാന്ധിജിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും അംഗീകരിക്കാത്ത സംഘ്പരിവാര്‍ രാഷ്ട്രപിതാവിനെ വീണ്ടും വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു. ജയിലിലായിരുന്ന കാലത്ത് സ്വന്തം ചെലവുകൾക്കായി ബ്രിട്ടീഷുകാരിൽ നിന്ന് ഗാന്ധിജിക്ക് പ്രതിമാസം 100 രൂപ ലഭിച്ചിരുന്നു എന്ന പ്രചരണമാണ് സംഘ്പരിവാറിന്റെ ഉന്നതതലത്തിലുള്ള പ്രൊഫെെലുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് പ്രചരിപ്പിക്കുകയും പിന്നീട് വ്യാജമാണെന്ന് ഫാക്ട്ചെക്ക് വഴി തെളിയിച്ചപ്പോള്‍ ശമിക്കുകയും ചെയ്ത അതേ വ്യാജമാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. 1930 ജൂൺ 15ന് ബോംബെ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് എഴുതിയ ഒരു കത്ത് ‘നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ’യുടെ വാട്ടർമാർക്ക് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. തടവുകാലത്ത് സ്വന്തം ചെലവുകൾക്കായി ബ്രിട്ടീഷുകാര്‍ ഗാന്ധിജിക്ക് പ്രതിമാസം 100 രൂപ നല്‍കിയിരുന്നുവെന്ന അവകാശവാദത്തോടെയാണ് ഈ കത്ത് പ്രചരിക്കുന്നത്. അന്നത്തെ 100 രൂപയുടെ ഇപ്പോഴത്തെ വിപണി മൂല്യം 2.88 ലക്ഷം രൂപയോളമാണെന്നാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ളത്. 

വാസ്തവത്തിൽ അന്നത്തെ പല രാഷ്ട്രീയ തടവുകാർക്കും വിപ്ലവകാരികൾക്കും ഇത്തരം അലവൻസുകൾ ലഭിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ വിവേചനാധികാരമനുസരിച്ച് അലവന്‍സിന്റെ തുക വ്യത്യാസപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ, 1818ലെ ബംഗാൾ സ്റ്റേറ്റ് പ്രിസണേഴ്സ് റെഗുലേഷൻ അനുസരിച്ച്, തടങ്കലിൽ കഴിയുന്ന രാഷ്ട്രീയത്തടവുകാർക്ക് സർക്കാർ അലവൻസ് പതിവ് നടപടിക്രമമായിരുന്നു. ജയിലിൽ തടവുകാരന് വേണ്ട ഭക്ഷണം ഉൾപ്പെടെയുള്ളവയ്ക്കായി എത്ര രൂപ മെയിന്റനൻസ് ഫീ അനുവദിക്കണം എന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തമ്മിലുള്ള കത്തിടപാടുകളില്‍ ഒന്നാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
ഗാന്ധിജിയുടെ മെയിന്റനൻസിനായി നൂറു രൂപയാണ് അന്നത്തെ ബോംബെ പ്രസിഡൻസി സർക്കാർ അനുവദിച്ചത്. 

ഇക്കാര്യം അറിയിച്ചുകൊണ്ട് ബോംബെ സർക്കാരിന്റെ സെക്രട്ടറി ബ്രിട്ടീഷ് ഇന്ത്യയുടെ ആഭ്യന്തര വകുപ്പിലെ പൊളിറ്റിക്കൽ വിഭാഗം സെക്രട്ടറിക്ക് അയച്ച കത്താണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ തുക ജയിൽ വകുപ്പിന് കൈമാറുന്നതാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. ഗാന്ധിജി വ്യക്തിപരമായി ഈ അലവന്‍സ് കെെപ്പറ്റിയിട്ടില്ല. ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ‘സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിൽ 1996ൽ സമർപ്പിച്ച ‘പൊളിറ്റിക്കൽ പ്രിസണേഴ്സ് ഇൻ ഇന്ത്യ, 1920–1977’ എന്ന ഗവേഷണ പ്രബന്ധത്തിൽ ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങൾ ലഭ്യമാണ്. ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ പേരില്‍ അനുവദിച്ച അലവൻസുകളുടെ രേഖകൾ നാഷണൽ ആർക്കൈവ്‌സിലും ഉണ്ട്. 

Eng­lish Summary:Another Sangh Pari­var pro­pa­gan­da insult­ing Gandhiji
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.