ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്

Web Desk
Posted on September 11, 2018, 9:20 am

കൊച്ചി:  കുറവിലങ്ങാട്ടെ മഠത്തില്‍നിന്നു സമരവുമായി തെരുവിലേക്കെത്തിയ അഞ്ചു കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി ഒരു കന്യാസ്ത്രീ കൂടി രംഗത്തെത്തി. എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്റ്റര്‍ ടീനയാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.

പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീക്ക് സഭയില്‍നിന്നും നീതി കിട്ടാത്തതിനെത്തുടര്‍ന്നാണു തങ്ങള്‍ക്കു തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്നു സിസ്റ്റര്‍ ടീന പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കുണ്ടായ ദുരനുഭവം സഭയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇന്നലെ സമരപ്പന്തലിലെത്തിയ എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്റ്റര്‍ ടീന പറഞ്ഞു.ഇത്തരത്തില്‍ ചെറുതും വലുതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അപ്പോഴൊക്കെ സിസ്റ്റര്‍മാര്‍ സഭയില്‍നിന്നും പുറത്താക്കപ്പെടുകയും വേട്ടക്കാരായ വ്യക്തികള്‍ സഭയില്‍ തുടരുകയും കുര്‍ബാന ചൊല്ലി നടക്കുകയും ചെയ്യുന്നു. മോശം അനുഭവം ഉണ്ടാകുമ്ബോള്‍ പ്രതികരിച്ചാല്‍ അതിനേക്കാള്‍ മോശമായ അനുഭവമാണ് ഉണ്ടാകുക.

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ സഭയില്‍നിന്നും കാര്യമായ ഇടപെടലില്ല. മറ്റൊരിടവും ഇല്ലാതെ വന്നതിനെത്തുടര്‍ന്നാണ് പൊതുജനത്തിനു മുന്നിലേക്കു വന്നതും പോലീസിനെയും കോടതിയെയും സമീപിച്ചതും. സംസ്ഥാന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ വേണ്ടവിധത്തിലുളള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുകയാണെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.-സിസ്റ്റര്‍ ടീന പറഞ്ഞു. സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം.