വാടാനപ്പിള്ളി ചെട്ടിക്കാട് എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ (26) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി അരുൺ എന്ന സ്പൈഡർ (29), രണ്ടാം പ്രതി നിഖിൽ എന്ന അത്തു (29), നാലാം പ്രതി പ്രണവ് എന്ന പെടലി (23) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷിച്ചത്. മറ്റു വകുപ്പുകളിൽ പ്രതികൾക്ക് നാല് വർഷം കഠിനതടവും ചുമത്തിയിട്ടുണ്ട്.
രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും പരിക്കേറ്റ വ്യക്തിക്കും നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. 2014 നവംബർ 18 ന് വൈകീട്ട് തൃപ്രയാർ ഏകാദശി ഉത്സവം കണ്ടു മടങ്ങുകയായിരുന്ന വാടാനപ്പിള്ളി, തൃത്തല്ലൂർ ചെട്ടിക്കാട്, ഏറച്ചംവീട്ടിൽ ഹംസ മകൻ അൻസിലിനെയും കൂട്ടുകാരൻ ഹസൈനെയും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ക്രിമിനൽ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസിൽ ഒളരി മദർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന ഹസൈനും പരിക്കേറ്റിരുന്നു.
വലപ്പാട് പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ ജി ആന്റണി രജിസ്റ്റർ ചെയ്ത കേസിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ കെ ജെ പീറ്റർ, വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ ആർ രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. തീരദേശത്തെ സ്ഥിരം കുറ്റവാളികളും ക്രിമിനലുകളുമാണ് അൻസിലിനെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി എസ് ദിനൽ എന്നിവർ ഹാജരായി.
English Summary: Ansil Murder: Defendant faces severe imprisonment for life
You may also like this video