മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ഓര്‍ഡിനന്‍സുകള്‍

Web Desk
Posted on September 15, 2020, 5:49 am

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ രാജ്യത്തെ കര്‍ഷക സംഘടനകള്‍ കാര്‍ഷിക വിപണി സംബന്ധിച്ച മൂന്നു ഓര്‍ഡിനന്‍സുകള്‍ക്കെതിരേ പ്രതിഷേധ സമരം സംഘടിപ്പിക്കുകയുണ്ടായി. ബിജെപിയുടെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ഒഴികെ രാജ്യത്തെ ചെറുതും വലുതുമായ കര്‍ഷക സംഘടനകള്‍ എല്ലാംതന്നെ മോഡി സര്‍ക്കാരിന്റെ കാര്‍ഷിക വിപണി പരിഷ്കാരത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. അവശ്യവസ്തു നിയമത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് സൂക്ഷിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതാണ് ഓര്‍ഡിനന്‍സുകളില്‍ ഒന്നാമത്തേത്. കാര്‍ഷികോല്പന്ന വിപണന സമിതികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി- എപിഎംസി) ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതു സംബന്ധിച്ചാണ് രണ്ടാമത്തെ ഓര്‍ഡിനന്‍സ്.

അതുവഴി ആര്‍ക്കും കാര്‍ഷിക ഉല്പന്നങ്ങള്‍ യഥേഷ്ടം വാങ്ങുകയും വില്ക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മൂന്നാമത്തെ ഓര്‍ഡിനന്‍സ് വന്‍കിട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കരാര്‍കൃഷിക്ക് നിയമസാധുത നല്കുന്നു. അതുവഴി വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ മൂന്ന് ഓര്‍ഡിനന്‍സുകളും നിലവില്‍ വന്നത്. കോവിഡ് പാക്കേജിന്റെ പേരില്‍ കൊണ്ടുവന്ന ആ ഓര്‍ഡിനന്‍സുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല.

കോവിഡ് മഹാമാരിയുടെ മറവില്‍ ഓര്‍ഡിനന്‍സുകള്‍ കര്‍ഷകരില്‍ ഉണ്ടാക്കിയേക്കാവുന്ന എതിര്‍പ്പുകളെ നേരിടാമെന്ന കണക്കുകൂട്ടലാണ് മോഡി സര്‍ക്കാരിനുള്ളത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കും. അതിനുള്ള മൃഗീയ ഭൂരിപക്ഷം ദേശീയ ജനാധിപത്യ സഖ്യത്തിനുണ്ട്. അത് സ്വാഭാവികമായും രാജ്യത്തെ കര്‍ഷകരെ കൂടുതല്‍ ചൂഷണത്തിലേക്കും സാമ്പത്തിക ദുരിതത്തിലേക്കും തള്ളിവിടുമെന്നാണ് കര്‍ഷക സംഘടനകള്‍ ഭയപ്പെടുന്നത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി ഉയര്‍ത്തുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം കേവലം മരീചികയായി മാറുന്ന സാമ്പത്തിക അന്തരീക്ഷത്തിലാണ് രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ കൊടിയ ചൂഷണത്തിന് ഇരകളാക്കാന്‍ മതിയായ നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്.

മോഡി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സും നിയമനിര്‍മ്മാണവും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. പതിറ്റാണ്ടുകളായി ചര്‍ച്ചചെയ്തുവരുന്ന വിഷയങ്ങളാണ് ഓര്‍ഡിനന്‍സിന്റെ രൂപത്തില്‍ ‘കോവിഡ് ആശ്വാസ പാക്കേജി‘ന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിനെ മറികടക്കാതെ നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം ഓര്‍ഡിനന്‍സായും കോവിഡ് അന്തരീക്ഷം നിലനില്‍ക്കെ നിയമനിര്‍മ്മാണവും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കൃഷിയും സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള വ്യാപാരവും സംസ്ഥാന വിഷയമായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമായേ ഓര്‍ഡിനന്‍സുകളെയും നിയമനിര്‍മ്മാണത്തെയും നോക്കിക്കാണാനാവൂ.

ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം കണ്‍കറന്റ് ലിസ്റ്റിലാണെങ്കില്‍തന്നെയും കാര്‍ഷികോല്പന്ന വ്യാപാര സമിതികള്‍ സംബന്ധിച്ച നിയമനിര്‍മ്മാണാവകാശം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാണ്. മോഡി സര്‍ക്കാര്‍ സംസ്ഥാന നിയമനിര്‍മ്മാണം വഴി രൂപീകരിക്കപ്പെട്ട കാര്‍ഷികോല്പന്ന വ്യാപാരസമിതികളെ നിയമവിരുദ്ധമായി മറികടക്കുകയാണ് ഓര്‍ഡിനന്‍സ് വഴി ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലനില്ക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ മറവില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭരണഘടനാപരമായ അധികാര അവകാശങ്ങളുടെമേലുള്ള മറ്റൊരു കടന്നുകയറ്റമായി മാത്രമെ ഈ ഓര്‍ഡിനന്‍സുകളെ കാണാനാവൂ. ഇനി കര്‍ഷകരുടെ നന്മയെ ലാക്കാക്കി കാര്‍ഷികരംഗത്ത് മഹത്തായ മാറ്റങ്ങള്‍ ലക്ഷ്യംവച്ചായിരുന്നെങ്കില്‍ പാര്‍ലമെന്റിന്റെയും കര്‍ഷകരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് നിയമനിര്‍മ്മാണത്തിനു മുതിരുകയായിരുന്നു ഉചിതം.

കാര്‍ഷിക ഉല്പന്നങ്ങള്‍ ആര്‍ക്കും വാങ്ങാനും വില്ക്കാനും അവസരം ഒരുക്കുകവഴി കര്‍ഷകന് നല്ല വില ലഭിക്കുമെന്നാണ് മോഡി സര്‍ക്കാരിന്റെ വ്യാഖ്യാനം. നിലവിലുള്ള മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ക്ക് നിരവധി പരിമിതികളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം കാര്‍ഷിക വിപണിയില്‍ ഇടപെടാനും വില നിര്‍ണയിക്കാനും അവസരം നല്കുന്നു. അസംഘടിത കര്‍ഷകനെ സംഘടിത കോര്‍പ്പറേറ്റുകള്‍ക്ക് ഫലത്തില്‍ എറിഞ്ഞുകൊടുക്കുകയാണ് ഈ ഓര്‍ഡിനന്‍സുകള്‍. കരാര്‍കൃഷി സംവിധാനം ഫലത്തില്‍ യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്ന പാട്ടക്കൃഷിക്കാരനെ അവര്‍ തലമുറകളായി കൃഷി ചെയ്തുവന്നിരുന്ന മണ്ണില്‍നിന്ന് അകറ്റുകയും ജന്മിമാര്‍ക്ക് കോര്‍പ്പറേറ്റുകളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനുള്ള അവസരവും ഒരുക്കുന്നു. ഫലത്തില്‍ ഭൂപരിഷ്കരണം ഇനിയും നടന്നിട്ടില്ലാത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളിലും യഥാര്‍ത്ഥ കൃഷിക്കാരനെ അവന്റെ കൃഷിയിടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കാന്‍ മാത്രമേ ഓര്‍ഡിനന്‍സ് സഹായകമാവൂ. ഫലത്തില്‍ കര്‍ഷകനെ സഹായിക്കുന്നതിനു പകരം ഈ ഓര്‍ഡിനന്‍സുകള്‍ അവനെ കൂടുതല്‍ ദ്രോഹിക്കുന്ന നിയമങ്ങളായി മാറുകയാണ്.