Web Desk

തിരുവനന്തപുരം:

June 08, 2020, 9:55 pm

സംസ്ഥാനത്ത് ആന്റിബോഡി പരിശോധന തുടങ്ങി

Janayugom Online

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യ വ്യാപന സാധ്യത കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് പരിശോധന തുടങ്ങും.

ഐസിഎംആർ ലഭ്യമാക്കിയ കിറ്റ് ഉപയോഗിച്ച് ഒരാഴ്ചകൊണ്ട് 10,000 പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ പൊതുജന സമ്പർക്കം കൂടുതലുള്ളവർ, മുതിർന്ന പൗരന്മാർ, രോഗ ഉറവിടം വ്യക്തമല്ലാത്തവരുടെ പരിസരത്ത് ഉള്ളവർ, വീട്ടിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിൽ ഉള്ളവർ തുടങ്ങിയവരെ അഞ്ച് വിഭാഗങ്ങളാക്കിയാണ് പരിശോധിക്കുക. ഓരോ വിഭാഗത്തിൽനിന്നും ആകസ്മിക ക്രമപ്രകാരം (റാൻഡം മെത്തേഡ്) ആളുകളെ തെരഞ്ഞെടുത്ത് രക്തപരിശോധന നടത്തും.
ആളുകളിലേക്ക് നേരിട്ടെത്തി സൗജന്യമായാണ് പരിശോധന നടത്തുന്നത്.

ആദ്യ ദിനത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരെയാണ് പരിശോധിച്ചത്. വരും ദിനങ്ങളിൽ മറ്റ് വിഭാഗങ്ങളിൽ ഉള്ളവരുടെ പട്ടിക തയ്യാറാക്കി പരിശോധിക്കും. ശരീരത്തിൽ വൈറസിന് എതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടോ എന്ന് പതിനഞ്ച് മിനുട്ടിൽ അറിയാനാകും. പോസിറ്റീവ് ഫലം ലഭിക്കുന്നവരിൽ പിസിആർ പരിശോധനയിലൂടെ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കും. ആന്റിബോഡി പരിശോധനാ ഫലം അന്തിമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ 15000 കിറ്റ് കൂടി ലഭ്യമാകും.

ENGLISH SUMMARY: anti body test starts in kerala

YOU MAY ALSO LIKE THIS VIDEO