സിഎഎ വിരുദ്ധ സമരം: അറസ്റ്റ് ചെയ്ത 16 കാരന് 11 മാസങ്ങള്‍ക്കുശേഷം മോചനം

Web Desk

ന്യൂഡല്‍ഹി

Posted on November 21, 2020, 10:49 pm

സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 16 കാരനെ പതിനൊന്ന് മാസങ്ങള്‍ക്കുശേഷം മോചിപ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെയാണ് ഡിസംബര്‍ 25ന് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഹുസൈന് ( പേര് യഥാര്‍ത്ഥമല്ല) മേല്‍ ചുമത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
നവംബര്‍ 13ന് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാണ് ഹുസൈനെ പാര്‍പ്പിച്ചിരുന്നത്.

നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹുസൈന്‍ വെളിയിലിറങ്ങിയാല്‍ ആളുകളുടെ ‘ജീവന് ഭീഷണിയാകുമെന്ന്’ നീരീക്ഷിച്ച കോടതി സെപ്റ്റംബര്‍ 15ന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് താക്കൂര്‍ഗഞ്ജ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയശേഷം അവിടെനിന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിന്റെ കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പതിനൊന്നു മാസത്തിനിടെ ഒരിക്കല്‍പ്പോലും വീട്ടുകാരുമായി സംസാരിക്കാന്‍ അധികൃതര്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി. സിഎഎ വിരുദ്ധ സമരങ്ങളിലൊന്നും താന്‍ പങ്കെടുത്തിരുന്നില്ല. അവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

ഹുസൈനെപ്പോലെ നിരവധി മുസ്‌‌ലിം ബാലൻമാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപി സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്നതിനായാണ് പൊലീസ് മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തതെന്ന് ഹുസൈന്റെ അഭിഭാഷക പറഞ്ഞു. ഹുസൈന്റെ ഒരു അധ്യയന വര്‍ഷമാണ് ഇതിലൂടെ ഇല്ലാതായത്. ഇത്തരം സംഭവങ്ങള്‍ ഹുസൈനെപ്പോലെയുള്ള കുട്ടികളുടെ മനസ്സിനെ ബാധിക്കുമെന്നും അഞ്ച് ദിവസം തുടര്‍ച്ചയായി ഇത്തരം അറസ്റ്റുകള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി നടന്നിട്ടുള്ളതായും അവര്‍ വെളിപ്പെടുത്തി. 

ENGLISH SUMMARY:Anti-CAA strike: 16-year-old arrest­ed released after 11 months
You may also like this video