September 26, 2022 Monday

തൊഴിലാളി-കർഷക വിരുദ്ധ മോഡി സർക്കാർ

കെ പ്രകാശ്ബാബു
ജാലകം
September 27, 2020 5:36 am

കെ പ്രകാശ്ബാബു

ന്ത്യൻ പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യമാകെ പടർന്നു പിടിയ്ക്കുകയാണ്. അതിന്റെ രോഷാഗ്നി കത്തി ജ്വലിച്ചു നില്ക്കുമ്പോൾ തന്നെയാണ് മോഡി സർക്കാർ പുതിയ തൊഴിൽ നിയമവും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്തത്.

കാർഷിക ഉല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനം ഒരുക്കലും) ബിൽ, വിലസ്ഥിരതയും കാർഷിക സേവനങ്ങളും സംബന്ധിച്ച കാർഷിക കരാർ (ശാക്തീകരണവും സംരക്ഷണവും) ബിൽ, അവശ്യസാധന (ഭേദഗതി) ബിൽ എന്നിവയാണ് പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെ മോഡി സർക്കാർ കൊണ്ടുവന്ന ഈ നിയമ നിർമ്മാണങ്ങൾ കാർഷിക മേഖലയുടെ നടുവൊടിയ്ക്കാനും ഇന്ത്യയിലെ കർഷകരെ കോർപ്പറേറ്റു കമ്പനികൾക്ക് വേട്ടയാടാനും അവസരമൊരുക്കുന്നു എന്നു മാത്രമല്ല ഇന്ത്യൻ തൊഴിൽ മേഖലയുടെ 43 ശതമാനത്തെ ഉൾക്കൊളളുന്ന കാർഷിക മേഖലയിലെ തൊഴിൽ സാധ്യതയും കൂടി ഇല്ലാതാക്കുന്നു. 2022 ഓടുകൂടി കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച മോഡി സർക്കാർ കർഷകരെ കൃഷിഭൂമിയിൽ നിന്നും ആട്ടിയോടിക്കാനും ആത്മഹത്യയിലേക്ക് തളളിയിടാനുമുള്ള കെണിയാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.

ഭരണഘടനയനുസരിച്ച് കൃഷി ഒരു സംസ്ഥാന വിഷയവും, വ്യാപാരവും വാണിജ്യവും കേന്ദ്ര വിഷയങ്ങളുമാണ്. കൃഷിയും കാർഷിക ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമ നിർമ്മാണം നടത്തുമ്പോൾ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്തു തീരുമാനിക്കുകയെന്ന ഒരു ഫെഡറൽ തത്വമര്യാദ കേന്ദ്രം പാലിച്ചില്ല എന്നു മാത്രമല്ല ബില്ലുകൾ ഒരു സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം പോലും സർക്കാർ അംഗീകരിച്ചില്ല.

കേന്ദ്രസർക്കാർ പറയുന്നത് ബില്ലിലെ വ്യവസ്ഥയനുസരിച്ച് കർഷകർക്ക് അവരുടെ കാർഷികോല്പന്നങ്ങൾക്ക് ഒരു മാർക്കറ്റിൽ (ചന്ത, മണ്ഡി) നല്ല വില കിട്ടിയില്ലെങ്കിൽ കൂടുതൽ വില കിട്ടുന്ന മറ്റൊരു മാർക്കറ്റിൽ കൊണ്ടുപോയി വില്ക്കാം എന്നാണ്. വേണ്ടി വന്നാൽ മറ്റു സംസ്ഥാനങ്ങളിലും കൊണ്ടുപോയി വില്ക്കാം. കർഷകന് ഉല്പന്നങ്ങൾ സ്വതന്ത്രമായി വില്ക്കാൻ സർക്കാർ അവസരം തന്നിരിക്കുന്നു എന്നു പറയുന്നത് ഇതാണ്. കൂടാതെ വൻകിട കമ്പനിക്കാരുമായും കയറ്റുമതിക്കാരുമായും കരാറുകളുണ്ടാക്കാനും ഈ നിയമം കർഷകരെ സഹായിക്കുന്നു. ആവശ്യ സാധന നിയമത്തിൽ വരുത്തിയ മാറ്റത്തിന്റെ ഫലമായി ധാന്യങ്ങളും പയറുവർഗ്ഗങ്ങളും അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇവയുടെ കൃഷിക്കായി വിദേശ മൂലധനത്തിനെയും ആകർഷിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഇവിടെയാണ് ആധുനിക ഫാസിസ്റ്റ് തന്ത്രങ്ങളുടെ ഉസ്താദായ നരേന്ദ്ര മോഡിയുടെ വാക്കുകൾ നാം ശ്രദ്ധിക്കേണ്ടുന്നത്. പ്രധാനമന്ത്രി പറയുന്നത്, ”ഇത് ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നു. അവർക്ക് മഹത്തായ പുരോഗതി നല്കുന്നു. അവരെ ഇടത്തട്ടു ദല്ലാളന്മാരിൽ നിന്നും സ്വതന്ത്രമാക്കുന്നു.”

ഇന്ത്യൻ കർഷകനെ ചന്തകളിലെ ബ്രോക്കർമാരിൽ നിന്നും മോചിപ്പിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് ഇട്ടു കൊടുക്കുന്നു എന്നതാണ് യഥാർത്ഥ ഉദ്ദേശ്യമെന്നത് പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നു.

ഈ നിയമ നിർമ്മാണത്തിൽ ”മിനിമം സപ്പോർട്ടു പ്രൈസ്” അഥവാ താങ്ങുവിലയ്ക്ക് വ്യവസ്ഥയുണ്ടാകണമെന്നതാണ് എല്ലാ കർഷകരുടേയും കർഷക സംഘടനകളുടെയും ഒരു പ്രധാന ആവശ്യം. ഉല്പാദന ചെലവ് അടക്കം അതിന്റെ 50 ശതമാനമാണ് എം എസ് പി ആയി സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഇതിനു സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് എൻ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പ്രതിനിധിയായ കൃഷി സഹമന്ത്രി ഹർ സിമ്രത്ത് കൗർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവച്ചത്.

കരാർ കൃഷി നിയമ വിധേയമായി നടപ്പിലാക്കുന്നതോടു കൂടി വൻകിട കമ്പനിക്കാർ കൃഷി ഭൂമി കരാർ അടിസ്ഥാനത്തിൽ കർഷകനിൽ നിന്നും പാട്ടത്തിന് വാങ്ങും. കർഷകന് ആദ്യം തന്നെ കുറച്ചു പണം ഒരുമിച്ചു കിട്ടും. പക്ഷെ നെല്ലോ ഗോതമ്പോ കൃഷി ചെയ്യേണ്ടുന്ന ഭൂമിയിൽ എന്തു കൃഷി ചെയ്യണമെന്ന് കമ്പനി തീരുമാനിക്കും. ചിലപ്പോൾ അടുത്ത കൃഷി ഭൂമിക്കുപോലും ദോഷം ഉണ്ടാക്കുന്ന കൃഷിയായിരിക്കും കമ്പനി നടത്തുന്നത്. കരാറിൽ ഒപ്പിട്ട കർഷകന് ഒന്നും ചെയ്യാൻ കഴിയില്ല. കരാറിലെ വ്യവസ്ഥ എന്തെന്നു പോലും ചിലപ്പോൾ കർഷകൻ മനസ്സിലാക്കണമെന്നുമില്ല. അവസാനം കേസിനു പോയാലോ. കമ്പനികളോട് കേസു നടത്തി വിജയിക്കാൻ കർഷകനു കഴിയുമോ. കഴിഞ്ഞ ദിവസമാണ് വോഡാഫോൺ കമ്പനിയ്ക്ക് 20,000 കോടി രൂപ ഇന്ത്യാ ഗവണ്മന്റ് ചുമത്തിയതിനെതിരെ കമ്പനി ഹേഗിലെ അന്താരാഷ്ട കോടതിയെ സമീപിച്ച് പുതിയ വിധി സമ്പാദിച്ചത്. ഇന്ത്യാ ഗവണ്മന്റ് ചുമത്തിയ നികുതി അന്താരാഷ്ട്ര കോടതി റദ്ദു ചെയ്തു. ഇത്തരത്തിലുള്ള ബഹുരാഷ്ട്ര കമ്പനികളുമായി കേസു നടത്താൻ ഇന്ത്യയിലെ ഏതു കർഷകനാണ് കഴിയുക. ആത്മഹത്യയെന്ന അഭയം ഇന്ത്യൻ കർഷകനെ തുറിച്ചു നോക്കുന്നതു കൊണ്ടാണ് അവർ ഇന്നു ശക്തമായ പ്രക്ഷോഭത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്.

പാർലമെന്റ് പാസാക്കിയ മൂന്ന് തൊഴിൽ നിയമങ്ങൾ, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ദി സോഷ്യൽ സെക്യൂരിറ്റി കോഡ്, ദി ഓക്കുപേഷണൽ സേഫ്ടി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ് ‑2020 ഇന്ത്യയുടെ സമാധാനപരമായ വ്യവസായ അന്തരീക്ഷത്തെയും തൊഴിൽ മേഖലയേയും കലുഷിതമാക്കാൻ ഇടവരുത്തുന്നതാണ്. 300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും തൊഴിലാളികളെ പിരിച്ചു വിടുന്നതിനും ഗവൺമെന്റിന്റെ അനുമതി ആവശ്യമില്ലായെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

ഓക്കുപേഷണൽ സേഫ്ടി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡിൽ നിന്നും പുതിയ ഒരു ഫാക്ടറിയെ പൂർണമായും ഒഴിവാക്കാനും ബന്ധപ്പെട്ട ഗവൺമെന്റിന് പുതിയ ലേബർ കോഡ് അധികാരം നൽകുന്നു. ട്രേഡ് യൂണിയനുകളുടെ രൂപീകരണം, പ്രവർത്തനം, തൊഴിൽ സമരങ്ങൾ ഇവയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നതാണ് പുതിയ വ്യവസായ ബന്ധ കോഡ്. തൊഴിലാളികളുടെ ശമ്പളം, മിനിമം കൂലി തുടങ്ങിയവയുമായി ബന്ധപ്പെട്ട വേജ് കോഡ് 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. ആകെയുള്ള 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നിയമം ലളിതവൽക്കരിക്കാനുള്ള രണ്ടാം ദേശീയ തൊഴിൽ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നിയമ നിർമ്മാണത്തിന് തുടക്കമിട്ടത്. എന്നാൽ ഇവിടെയും തൊഴിലാളി താല്പര്യത്തിനു പകരം വൻകിട കമ്പനിക്കാരുടെ താല്പര്യം മാത്രം പരിഗണിച്ചുകൊണ്ടുള്ള പൊളിച്ചെഴുത്താണ് മോഡി സർക്കാർ വരുത്തിയിട്ടുള്ളത്. തൊഴിലാളികളെയും തൊഴിലാളി യൂണിയനുകളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന പുതിയ തൊഴിൽ നിയമം സ്വദേശ‑വിദേശ കുത്തക കമ്പനികൾക്കുള്ള പച്ച പരവതാനിയാണ്.

ഒരു രാജ്യത്തിന്റെ മനുഷ്യ വിഭവശേഷിയുടെ നട്ടെല്ലായ തൊഴിലാളികളെയും കർഷകരെയും ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് മൂലധന ശക്തികളുടെ താല്പര്യ സംരക്ഷകരും ആശ്രിതരുമായി മാറുന്ന ഇന്ത്യൻ ഭരണകൂടം തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയെ മറ്റൊരു സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.