Saturday
16 Feb 2019

മോഡിവിരുദ്ധരായ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് പൂട്ടി

By: Web Desk | Tuesday 9 October 2018 9:48 PM IST

ന്യൂഡല്‍ഹി: രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ മോഡിവിരുദ്ധരായ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് പൂട്ടി. ഇതോടെ മോഡിസര്‍ക്കാരിന് അനുകൂലമായ ഫെയ്‌സ്ബുക്കിന്റെ നിലപാടിനെതിരെ പലരും ട്വിറ്ററിലൂടെ രംഗത്തുവന്നു.

മോഡിസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്ന എഡിറ്റര്‍മാരടക്കമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് മുന്നറിയിപ്പ് നല്‍കുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെ പൂട്ടിയത്. സുപ്രിംകോടതിയുടെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്റെ അക്കൗണ്ട് നിശ്ചലമായെന്ന് മുന്‍ ബിബിസി എഡിറ്ററും നിലവില്‍ ജനതാ കാ റിപ്പോര്‍ട്ടര്‍. കോം എഡിറ്ററുമായ റിഫാത് ജാവേദും ട്വീറ്റ് ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് എഴുതിയതോടെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായെന്ന് ദ ന്യൂസ് ഇന്റര്‍നാഷനല്‍, അറബ് ന്യൂസ്, ഗള്‍ഫ് ന്യൂസ്, ഗ്രേറ്റര്‍ കശ്മീര്‍തുടങ്ങി നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായ ഐജാസ് സെയ്ദ് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ അജയ്പ്രകാശ് (ന്യൂസ് എഡിറ്റര്‍, ദൈനിക് ഭാസ്‌കര്‍), പ്രേര്‍ണ നേഗി (എഡിറ്റര്‍, ജന്‍ജ്വാര്‍. കോം), മുംതാസ് ആലം ( എഡിറ്റര്‍, കാരവാന്‍), സെയ്ദ് അബ്ബാസ് (റിപ്പോര്‍ട്ടര്‍, കാരവാന്‍), ബോള്‍ട്ട ഹിന്ദുസ്ഥാന്‍. കോം, ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീം ത്യാഗി, സഞ്ചയ് പാണ്ഡെ എന്നിവരുടെയും അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് പൂട്ടി.

മതന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും വിഷയങ്ങള്‍ ഉന്നയിച്ചും ദേശീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചുള്ള ലേഖനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഒരു കാരണവും വ്യക്തമാക്കാതെ തങ്ങളുടെ വാര്‍ത്താ വെബ്‌സൈറ്റ് എഡിറ്റര്‍മാരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ എന്നിവ ഫെയ്‌സ്ബുക്ക് തടഞ്ഞുവച്ചതായി ‘കാരവാന്‍ ഡെയ്‌ലി’ അറിയിച്ചു.
അതേസമയം, ഇന്ത്യയില്‍ സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചട്ടം കൊണ്ടുവന്നതായി ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ വ്യക്തമാക്കി.

Related News