ഹൂസ്റ്റണില്‍ മോഡിക്കെതിരായ പ്രതിഷേധത്തില്‍ വന്‍ പങ്കാളിത്തം

Web Desk
Posted on September 23, 2019, 1:34 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധറാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍.
ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും ഇന്ത്യക്കാരുടെ വിവിധ സംഘടനകള്‍ക്ക് പുറമേ യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.


അമേരിക്കയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ ഹൗഡി മോഡി പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു.


ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഹിന്ദുത്വത്തെ പ്രതിരോധിക്കുക എന്ന പ്രധാനമുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഹിറ്റ്‌ലറുടെ മറ്റൊരു പ്രതിരൂപം, നമുക്കൊരു പ്രശ്‌നമുണ്ട് അത് മോഡിയാണ്, ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, കശ്മീരില്‍ അനാഥരാക്കപ്പെട്ടത് രണ്ട് ലക്ഷത്തിലധികം കുട്ടികള്‍, കൂട്ടക്കുരുതികളല്ല വികസനം, കശ്മീരിനൊപ്പം നിലയുറപ്പിക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്താവുന്ന ഇംഗ്ലീശിലുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയായിരുന്നു ജനങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.


ഇന്ത്യന്‍— അമേരിക്കക്കാരുടെ സഖ്യമായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി (എജെഎ) യാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വിവിധ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എജെഎ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിന് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

 
ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപും പങ്കെടുത്ത വേദിയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളെയും ഇന്ത്യന്‍ സമൂഹത്തെയും അഭിനന്ദിച്ച് സംസാരിച്ച് കൊണ്ടാണ് അമേരിക്കന്‍ എംപി സ്റ്റെണി ഹോയര്‍ മോഡിയെ സ്വാഗതം ചെയ്തതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഇന്ത്യയില്‍ നിന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞ നെഹ്‌റുവിനെ വേദിയില്‍ നിര്‍ത്തി പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രശസ്ത ഗായകര്‍ അണിനിരന്ന സംഗീത ശില്‍പ്പവും വേദിയില്‍ അരങ്ങേറി.

വിവിധ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എജെഎ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിന് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള നിരവധി പൗരാവകാശ സംഘടനകളും എജെഎയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജൂത വോയ്‌സ് ഫോര്‍ പീസ് (ജെവിപി), ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ ഏഷ്യന്‍ ദേശി പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ കളക്റ്റീവ് ഓപ്പറേഷന്‍ ഡയറക്ടര്‍ സാറാ ഫിലിപ്‌സ്, ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. സമീന സലിം, പവന്‍ സിംഗ് (ഒഎഫ്എംഐ); സെന്റ് സ്റ്റീവന്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ റെക്ടര്‍ റവ. ലിസ ഹണ്ട്, സാച്ച് ചാറ്റര്‍ജി ഷ്‌ലാക്റ്റര്‍ (ജെവിപി), പ്രൊഫഷണല്‍ കമ്മ്യൂണിക്കേറ്റര്‍ ഡാനിയല്‍ കോഹന്‍, ഫോര്‍ ഫാമിലിസ് ആന്റ് ദെയര്‍ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സീസര്‍ ഒക്ടാവിയോ (എഫ്‌ഐഇഎല്‍) എന്നിവരുള്‍പ്പെടെ പല പ്രമുഖരും മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്; ദി വയര്‍ — എജെഎ, അല്‍ജസീറ