കോ-ലീ-ബി സഖ്യം; രാഹുലിന്റെ സംഘപരിവാര്‍ വിരുദ്ധ പ്രചാരണം കെപിസിസി നേതാക്കളെ വെട്ടിലാക്കുന്നു

Web Desk
Posted on April 18, 2019, 1:49 pm

കെ കെ ജയേഷ്

കോഴിക്കോട്: ബിജെപിയെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രചാരണം സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാക്കുന്നു.
കോഴിക്കോട്, വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടുകച്ചവടത്തിന് ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യധാരണയിലെത്തിയിരുന്നു. ബിജെപിയെ ചെറുതായിപ്പോലും കുറ്റപ്പെടുത്താതെയാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണം തുടര്‍ന്നിരുന്നത്. ഇടത് സ്ഥാനാര്‍ഥികളെ വ്യക്തിപരമായി പോലും ആക്ഷേപിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തുമ്പോഴാണ് രാഹുല്‍ സംഘപരിവാറിനെതിരെ മാത്രം സംസാരിക്കുന്നത്.
ബിജെപിക്കെതിരെയുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഘപരിവാറിനെതിരെ മാത്രം രാഹുല്‍ ആഞ്ഞടിക്കുന്നത്. കേരളത്തില്‍ മുഖ്യ എതിരാളിയായി ഇടതുപക്ഷത്തെയാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി സിപിഎമ്മിനെതിരെ ഒന്നും പറയാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നുമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇടതുപക്ഷത്തിനെതിരെ താന്‍ ഒന്നും പറയില്ലെന്ന് വയനാട്ടില്‍ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ രാഹുല്‍ അറിയിച്ചിരുന്നു. അപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും ആവേശം തകര്‍ന്നു. ഇന്നലെയും പങ്കെടുത്ത പരിപാടികളിലെല്ലാം സംഘപരിവാറിനെയായിരുന്നു രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസ് നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് സ്ഥാനാര്‍ഥിയില്ലാത്ത എസ്ഡിപിഐയുടെ വോട്ടുകള്‍ സ്വന്തമാക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കോഴിക്കോട്ട് എം കെ രാഘവനും വടകരയില്‍ കെ മുരളീധരനും ലഭിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി രാഘവനും കെ മുരളീധരനും ബിജെപിയെ വിമര്‍ശിക്കുന്നില്ല. ഇടതുപക്ഷത്തെ അപഹാസ്യപ്പെടുത്തുംവിധം കുറ്റപ്പെടുത്തുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം തലവേദനയാകുന്നത്. തുടക്കം രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്ത പല നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ രാഹുലിന്റെ പ്രസംഗം ഇനി കേരളത്തില്‍ വേണ്ടെന്ന നിലപാടിലാണ്.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപിയുടെ അതേനിലപാട് തന്നെയായിരുന്നു കോണ്‍ഗ്രസും സ്വീകരിച്ചത്. അതുകൊണ്ടാണ് സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന കൊളത്തൂര്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി ഉള്‍പ്പെടെയുള്ളവര്‍ ബിജെപി പതിനെട്ട് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ശബരിമലയില്‍ ബിജെപിയുടെ അതേ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നാണ് ചിദാനന്ദപുരി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വടകര മണ്ഡലങ്ങളിലെല്ലാം രഹസ്യമായി കോണ്‍ഗ്രസിന് ബിജെപി വോട്ട് സമാഹരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശക്തമായി വര്‍ഗീയത പറഞ്ഞിട്ടും കോണ്‍ഗ്രസ് നേതാക്കന്‍മാരാരും സ്വാമി ചിദാനന്ദപുരിയെ വിമര്‍ശിക്കാതിരിക്കുന്നതും ഇതേ കാരണത്താലാണ്.