സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; ഒരു ബസ്സ് കത്തിച്ചു, ഏഴ് ബസ്സുകള്‍ അടിച്ചുതകര്‍ത്തു

Web Desk
Posted on September 03, 2019, 9:39 am

തിരുവനന്തപുരം: സ്കൂളില്‍ സാമൂഹ്യവിരുദ്ധര്‍ ബസ്സ് കത്തിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള മൗണ്ട് കാര്‍മ്മല്‍ റസിഡന്‍ഷ്യല്‍  സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ഒരു ബസ്സ് കത്തിച്ചു. ഏഴ് ബസ്സുകള്‍ അടിച്ചുതകര്‍ത്തു.

carmel-school

ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയൊണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ സംഭവം പൊലീസിനെ വിളിച്ച്‌ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം സ്‌കൂളിലെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചതും അടിച്ച്‌ തകര്‍ത്തതും അതുകൊണ്ട് തന്നെ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.

school

സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ പശ്ചാത്തലത്തിലാണോ ആക്രമണം എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.