Monday
23 Sep 2019

സ്ത്രീവിരുദ്ധ മനോഭാവം കേരളത്തില്‍ ചരിത്രപരമായുള്ളത്: കുരീപ്പുഴ ശ്രീകുമാര്‍

By: Web Desk | Saturday 10 March 2018 9:01 PM IST


ചേര്‍ത്തല: സ്ത്രീവിരുദ്ധ മനോഭാവമാണ് കേരളീയ സമൂഹത്തില്‍ ചരിത്രപരമായുള്ളതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പുരുഷ കേന്ദ്രീകൃത സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചതില്‍ സവര്‍ണ, അവര്‍ണ ഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം ഒരുക്കിയ ‘നങ്ങേലി സ്മൃതിസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകത്തിലോ, സിനിമയിലോ അഭിനയിക്കാന്‍ കേരളത്തില്‍ സ്ത്രീകളെ കിട്ടുമായിരുന്നില്ല. കഥകളിയില്‍ സ്ത്രീസാന്നിധ്യം പൊരുതി നേടിയതാണ്. ആദ്യത്തെ മലയാള സിനിമയില്‍ അഭിനയിച്ച വനിതയെ പ്രഥമ പ്രദര്‍ശന വേദിയില്‍നിന്ന് ഇറക്കിവിട്ടതും ചരിത്രമാണ്. സ്ത്രീകള്‍ അകത്തളങ്ങളില്‍ കഴിയേണ്ടവരും വീടുകളുടെ നടത്തളത്തില്‍ കലാപരിപാടി അവതരിപ്പിക്കേണ്ടവരാണെന്നും ആയിരുന്ന കാഴ്ചപ്പാട്. തിരുവാതിരയും ഒപ്പനയും കുമ്മിയുമെല്ലാം നടുത്തളത്തിലാണ് അക്കാലത്ത് അവതരിപ്പിച്ചത്. നര്‍മബോധം ഏറെയുള്ള സ്ത്രീകളില്‍നിന്ന് കാര്‍ട്ടൂണിസ്റ്റ് ഇതേവരെയില്ല. കുഞ്ഞുങ്ങളെ പാടിയുറക്കുന്ന അമ്മമാരുടെ താരാട്ടുപാട്ട് പുറത്തുവന്നിട്ടില്ല. ചരിത്രരചനയിലും സ്ത്രീകളെ അവഗണിച്ചു. അതുകൊണ്ടാണ് മുലക്കരത്തിനെതിരെ മാറിടം ഛേദിച്ച് പ്രതികരിച്ച കീഴാളസ്ത്രീയായ നങ്ങേലിയുടെ ചരിത്രം രേഖപ്പെടുത്താതെ പോയത്. ഈ സംഭവത്തെ ആസ്പദമാക്കി സാഹിത്യവും ഉണ്ടായില്ല.

നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി സ്ത്രീശാക്തീകരണം വന്‍തോതില്‍ ഉണ്ടായി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനയാണ് ഇതിന് പ്രേരണയായത്. വനിതകള്‍ പഞ്ചായത്ത് മെമ്പര്‍മാരായപ്പോഴും പുരുഷമേധാവിത്വം തുടരുന്നുണ്ട്. എന്നാലും അധികാരക്കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചുവെന്നത് ശ്രദ്ധേയാണ്. പൊതുവേദിയില്‍ സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന സാഹചര്യം വളര്‍ന്നു. അടുത്തകാലത്ത് നങ്ങേലിയെക്കുറിച്ച് കേരളം ഏറെ ചര്‍ച്ചചെയ്യുന്ന അവസ്ഥയുണ്ടായി. അതിന്റെ പ്രതിഫലനം ഏറ്റവുമധികം അധഃപതിച്ച സിനിമാ മേഖലയിലും പ്രകടമായയെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല പെന്‍ഷന്‍ഭവനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷനായി. സംഘം സംസ്ഥാന സെക്രട്ടറി എം എന്‍ നടരാജന്‍ സ്വാഗതവും എസ് അഭിലാഷ് നന്ദിയും പറഞ്ഞു. ‘കേരള സ്ത്രീനങ്ങേലിക്ക് ശേഷം’ എന്ന വിഷയം സെമിനാറില്‍ മൃദുലാദേവി അവതരിപ്പിച്ചു. മനുജ മൈത്രി അധ്യക്ഷയായി. വി എസ് ജെസ്റ്റിന്‍, അഡ്വ. ഇന്ദുലേഖ ജോസഫ്, ടി കെ ശക്തിധരന്‍, എസ് അനില്‍ എന്നിവര്‍ സംസാരിച്ചു. ‘പിന്നോട്ട് പായുന്ന കേരളം’ എന്ന വിഷയം ഡോ. അജയ് ശേഖര്‍ അവതരിപ്പിച്ചു. അഡ്വ. രാജഗോപാല്‍ വാകത്താനം അധ്യക്ഷനായി. ഡോ. കെ ടി റജികുമാര്‍, ലിബിന്‍ തത്തംപള്ളി, പി ഇ സുധാകരന്‍, ശൂരനാട് ഗോപന്‍, പി പി സുമനന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് സാംസ്‌കാരികറാലിക്ക് ശേഷം മുനിസിപ്പല്‍ മൈതാനിയില്‍ സ്മൃതിസംഗമം നടന്നു. അഡ്വ. രാജഗോപാല്‍ വാകത്താനം ഉദ്ഘാടനം ചെയ്തു. ഡോ. പള്ളിപ്പുറം മുരളി, ഡി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.