സ്റ്റെന്‍റ് വിതരണം നിര്‍ത്തി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ലാസ്റ്റി പൂര്‍ണമായും നിലച്ചു

Web Desk
Posted on June 22, 2019, 8:51 pm

കോഴിക്കോട്: ആന്‍ജിയോപ്ലാസ്റ്റി വഴി ഘടിപ്പിക്കേണ്ട സ്റ്റെന്‍റ് വിതരണം കമ്പനികള്‍ നിര്‍ത്തിവെച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി പൂര്‍ണമായും നിലച്ചു. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്പനികള്‍ സ്റ്റെന്‍റ് വിതരണം നിര്‍ത്തിയിരിക്കുന്നത്. ഹൃദ്‌രോഗികള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴിയാണ് സ്റ്റെന്‍റ് ഘടിപ്പിക്കുന്നതെന്നിരിക്കെ ഇത്തരത്തില്‍ നൂറുകണക്കിന് ശസ്ത്രക്രിയകളാണ് ഒരു ദിവസം മെഡിക്കല്‍ കോളജുകളില്‍ നടത്താറ്. ഇക്കഴിഞ്ഞ മാസം പത്താം തീയതിയോടെ സ്റ്റെന്‍റ് വിതരണം കമ്പനികള്‍ പൂര്‍ണമായും നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ ഒന്നോ, രണ്ടോ ആന്‍ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ഇന്ന് മുതല്‍ ഈ ശസ്ത്രക്രിയ നടത്തുന്ന കാത്ലാബിന്‍റെ പ്രവര്‍ത്തനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ട രോഗികള്‍ക്ക് ദീര്‍ഘമായ ബുക്കിംഗ് തീയതി നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയാണിപ്പോള്‍.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചെയ്തു നല്‍കുന്ന ആന്‍ജിയോപ്ലാസ്റ്റി ചികിത്സക്ക് രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണിപ്പോള്‍. ഇത്തരം ആശുപത്രികളില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം ചികിത്സക്ക് ആവശ്യമായി വരും. സ്റ്റെന്‍റുകളുടെ എണ്ണത്തിനനുസരിച്ച് നിരക്കില്‍ മാറ്റവുമുണ്ടാകും.

മെഡിക്കല്‍ കോളജില്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സ്റ്റെന്‍റ് നല്‍കിയ ഇനത്തില്‍ 2018 ജൂണ്‍ മുതലുള്ള തുകയും ആര്‍ എസ് ബി വൈ ഇനത്തില്‍ 2018 ഡിസംബര്‍ മുതലുള്ള തുകയും ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സ്റ്റെന്‍റ് വിതരണം നടത്തിയ വകയില്‍ 2014 മുതലുള്ള തുകയുമടക്കം മൊത്തം 16 കോടി രൂപയാണ് സ്റ്റെന്‍റ് കമ്പനികള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ലഭിക്കാനുള്ളത്.

അതെ സമയം മരുന്ന് വിതരണം പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ടുള്ള കത്ത് മരുന്ന് കമ്പനികള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍, സ്റ്റെന്‍റ് വിതരണക്കാര്‍ എന്നിവരുടെ സംയുക്ത സംഘടന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നല്‍കി. പരിഹാരമാകുന്നതുവരെ സഹകരിക്കാന്‍ സൂപ്രണ്ട് മരുന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. എന്നാല്‍, 2019 മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക തുകയെങ്കിലും നല്‍കിയാല്‍ സഹകരിക്കാമെന്നായിരുന്നു കമ്പനികളുടെ നിലപാട്. പ്രിന്‍സിപ്പാളിന് ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന പരിഗണിക്കാനാകില്ലെന്ന് മരുന്ന് വിതരണ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

എന്നാല്‍, ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കരാറേറ്റെടുത്ത റിലയന്‍സ് പ്രസ്തുത ഇനത്തില്‍ ചികിത്സ തേടിയ രോഗികളുടെ മരുന്ന്, സ്റ്റെന്‍റ് മറ്റ് ഉപകരണങ്ങള്‍ എന്നിവയുടേതടക്കം മുപ്പത് കോടി രൂപ ആശുപത്രി വികസന സൊസൈറ്റിക്ക് നല്‍കാനുണ്ട്. ഇക്കാരണത്താലാണ് മരുന്ന് കമ്പനികള്‍ക്ക് കുടിശ്ശിക തുക നല്‍കാന്‍ കഴിയാതെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രതിസന്ധിയിലായിരിക്കുന്നത്. കൂടാതെ മരുന്ന്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം കമ്പനികള്‍ പൂര്‍ണമായും നിര്‍ത്തിയ സാഹചര്യത്തില്‍ ഐ വി സെറ്റടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടുത്ത ക്ഷാമം നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You May Also Like This: