23 April 2024, Tuesday

Related news

March 28, 2024
March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 7, 2024
December 31, 2023
December 30, 2023

പുരാവസ്തു തട്ടിപ്പുകാരന് ഉന്നത ബന്ധങ്ങള്‍

Janayugom Webdesk
കൊച്ചി
September 27, 2021 9:24 pm

പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി യുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാർ. മോൻസണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് യാക്കൂബ് എന്ന പരാതിക്കാരൻ പറഞ്ഞു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ ഇയാളുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്നും കെ സുധാകരൻ ഇയാളുടെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോൻസൺ മാവുങ്കൽ പണം തട്ടിയിരുന്നതെന്ന് പരാതിക്കാർ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 10 ദിവസത്തോളം മോൻസണിന്റെ വീട്ടിൽ താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഡൽഹിയിലെ പല കാര്യങ്ങളിലും സുധാകരനെ ഇയാൾ ഇടപെടുവിച്ചിരുന്നു.

അതിനിടെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി മോൻസൺ മാവുങ്കലിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാൻ, ബിജു കർണൻ, ജോൺ റാൽഫ്, ജോർജ് പടിക്കകുടി, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതേ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട യുവതിയുടെ പിന്തുണയിലാണ് മാവുങ്കൽ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കിയത്. 

പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാളെ പരിചയപ്പെടുത്തി കൊടുത്തത് തൃശൂരിലെ ഈ യുവതിയാണ്. ഈ യുവതിയിലേക്ക് അന്വേഷണമെത്തിയാൽ പല പ്രമുഖരും കുടുങ്ങും. പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.

മുൻ ഡിഐജി സുരേന്ദ്രനെതിരെയും ആരോപണങ്ങൾ ഉണ്ട്. ഡെർമറ്റോളജിസ്റ്റ് എന്ന പേരിലും മോൻസൺ തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ ചില നിയമതടസങ്ങളുള്ളതിനാൽ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരായ പരാതി.


ഇതുകൂടി വായിക്കൂ: ആവശ്യം പറഞ്ഞെത്തുന്നവര്‍ക്ക് പരോപകാരി, നാട്ടിലെ മാന്യൻ; മകളുടെ മനസമ്മതംപോലും മോൺസൺ രഹസ്യമാക്കി!


അന്വേഷണം നടത്തിയ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോൺസൺ മാവുങ്കൽ കാണിച്ചിരുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ടിപ്പുവിന്റെ സിംഹാസനം; മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് സൂചന. പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.
ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോൺ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും മോൺസൺ മാവുങ്കൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേർത്തലയിലെ ആശാരി വ്യാജമായി നിർമ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ പേരിൽ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

അന്വേഷണത്തിന് ഐബിയും എൻഫോഴ്സ്മെന്റും 

പുരാവസ്തുവിന്റെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പുകേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. എൻഫോഴ്സ്മെന്റും ഐബിയുമാണ് ഇതു സംബന്ധമായി പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്. 

തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്റെ മാത്രമല്ല, പരാതി നൽകിയവരുടെയും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. മുന്‍ ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ 25 ലക്ഷവും എം പിയുടെ സാന്നിധ്യത്തിൽ 25 ലക്ഷവും നൽകിയതായ പരാതിക്കാരുടെ ആരോപണവും ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഇത്രയും വലിയ തുക നിയമ വിരുദ്ധമായാണ് നൽകിയതെന്ന് തെളിഞ്ഞാൽ കേസിലെ പരാതിക്കാരും പ്രതികളാകും. 

അറുപത് കോടിയോളം രൂപ മോൻസൺ തട്ടിയെടുത്തതായാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇതിൽ പത്തു കോടി നഷ്ടപ്പെട്ടവരാണ് പരാതി നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് പത്തു കോടി മാത്രമാണോ നഷ്ടമായതെന്നതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. പരാതിക്കാരുടെയും മോൻസന്റെയും അക്കൗണ്ട് വിശദാംശങ്ങൾ, സാമ്പത്തിക സോത്രസ് എന്നിവ കേന്ദ്ര ഏജൻസികൾ കൂടി പരിശോധിക്കുന്നതോടെ, കേസിന്റെ ഗൗരവവും വർധിക്കും. 

അതേസമയം, കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥനായ ഐജി ജി ലക്ഷ്മണിന്റെ വഴിവിട്ട ഇടപാട് സംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ഐബി റിപ്പോർട്ട് നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിനും സാധ്യത ഏറെയാണ്. കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ഉൾപ്പെടെയുള്ള പരാതികളിൽ നടപടി സ്വീകരിക്കാൻ സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്, സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല.

Eng­lish Sum­ma­ry : antique mate­ri­als fraud mon­son mavun­gal have con­tacts with high pro­file people

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.