പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. യുവതിക്ക് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.അനുരാധ പഡ്വാളുടെ മകളാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരത്ത് താമസിക്കുന്ന കര്‍മ്മല മോഡെക്സാണ് ജില്ലാ കുടുംബ കോടതിയെ സമീപിച്ചത്. അനുരാധ തന്നെ മകളായി അംഗീകരിക്കണം, 50 കോടി രൂപയും അനുരാധയുടെ സ്വത്തിന്റെ നാലിലൊന്ന് ഭാഗവും തനിക്ക് നൽകണം എന്നീ ആവശ്യങ്ങളുമായാണ് ഹർജി സമർപ്പിച്ചത്. ഇതിനെതിരെ അനുരാധ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
അനുരാധയും അരുണ്‍ പഡ്വാളും 1969 ലാണ് വിവാഹിതരായത്.1974ല്‍ കര്‍മ്മല ജനിച്ചു. സംഗീത ജീവിതത്തിലെ തിരക്കുകള്‍ കാരണം വേണ്ട ശ്രദ്ധ നല്കാന് സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്—ആഗ്നസ് ദമ്ബതികളെ ഏല്‍പ്പിച്ചുവെന്നായിരുന്നു യുവതിയുടെ അവകാശവാദം. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും ഇത്തരം ബാലിശമായ കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും നേരത്തെ അനുരാധ പറഞ്ഞിരുന്നു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗായികയുടെ പ്രതികരണം.
കൂടാതെ കർമല ഒരു മനോരോഗിയണെന്നും അനുരാധയുടെ മകൾ കവിത 1974 ൽ ജനിച്ചതിനാൽ കർമലയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും അനുരാധ പഡ്വാളിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു. ആരോപണവുമായി എത്തിയ യുവതി അനുരാധയുടെ ഭർത്താവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. എന്നാൽ അദ്ദേഹം കുറച്ചുനാൾ മുമ്പ് മരിച്ചുപോയെന്ന കാര്യം പോലും കർമലയ്ക്ക് അറിയില്ലെന്നും വക്താവ് പറഞ്ഞിരുന്നു.
English Summary: Anuradha Padwal claims to be mother: Supreme Court stays petition
You may also like this video