ഒറേക്കോവസ്ക്കയ ചെക്കോവ്

January 20, 2021, 10:17 am

അന്യദേശക്കാരൻ

Janayugom Online

ചൂട് കത്തി മേലു പൊള്ളാൻ തുടങ്ങീട്ട് നേരമൊരുപാടായി… തണലിനായി കണ്ണുയർത്തി നോക്കാൻ വയ്യ.. ഇന്നലകളിലൂടെ മങ്ങലേറ്റ കണ്ണുകൾക്കു മുന്നിൽ പൊടികളൊരുപാട് തടസ്സമായി നിൽക്കുന്നുണ്ട്. മുഖത്തും മൂക്കിലും ചെവിക്കകത്തും വരെ പൊടികൾ കട്ടിക്ക് ശരീരത്തിലുള്ളതെന്നപോലെ പതിഞ്ഞു കിടക്കുന്നു. യാത്ര തുടങ്ങീട്ട് ഇരുപത്തഞ്ചോളം ദിവസമായി… വീർഭയയുടെ കാലുകളിലുള്ള നടത്തം വരുത്തിയ മുറിവുകൾ നീരുനിറഞ്ഞ് പഴുത്തിട്ടുണ്ട്. നടക്കാൻ വയ്യെന്നും, ഇനി ഇവിടെ മരിക്കാമെന്നും പറഞ്ഞ് ചുട്ടുപൊള്ളുന്ന മണ്ണിൽ പയ്യെ വീണുകിടന്നു. ബഹേദിയയിലെത്താൻ കുറച്ചുകൂടി നടന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ, തോളിൽ കിടന്ന മുഷിഞ്ഞ സഞ്ചിയിൽ നിന്ന് ഒരു ചെറിയ തീപ്പെട്ടി കൂടെടുത്ത് കയ്യിൽ വെച്ച് തന്നിട്ട് ‘വീർഭയ്യ സുഖമായി മരിച്ചെന്ന് തൻ്റെ മകളോട് പറയണമെന്നും ഇതിനകത്ത് അവളുടെ ഫോട്ടോയും വിലാസവും ഉണ്ടെന്നും പറഞ്ഞു’. കൂടെ നടന്ന പതിനെട്ടു പേരിൽ കഴിഞ്ഞ നാലു ദിവസമായി ഞാനും വിർഭയയും മാത്രമാണ് നടത്തം തുടർന്നത്. അതിൽ ചിലർ ഹത്റാസിലെ തെരുവിൽ മരിച്ച ബന്ധുക്കളുടെ ശവശരീരത്തിന് കാവലിരിക്കുന്നുണ്ട്. വീർഭയയുടെ വലിയ ആശയായിരുന്നു തന്റെ മകളുടെ കൂടെ ഒരിക്കലെങ്കിലും ജീവിക്കുക എന്നത്. കൂടെ വന്നവർ ക്ഷീണിച്ച് വീണിട്ടും, ചെരുപ്പിടാത്ത കാലുകൾ റോഡിലുരഞ്ഞ് വിണ്ട് കീറിയപ്പോഴും വേദനമറന്ന് അയാൾ കാലുകൾ നീട്ടിവെച്ചു നടന്നു. വീർഭയയുടെ മുഖത്തെ വെളിച്ചമിപ്പോൾ ഏറെ മങ്ങിയിട്ടുണ്ട്. കണ്ണീരു വറ്റി പൊടിപിടിച്ച കണ്ണിൽ വെദനയുടെ ഉറവകൾ പൊട്ടിയൊലിക്കാൻ വെമ്പി നിന്നു. കറുത്ത പൊടി കട്ടിക്ക് , ഉണങ്ങിയ കൺപീള പോലെ കണ്ണീരിനെ തടഞ്ഞു നിർത്തി. വിശപ്പും ദാഹവും മറ്റെല്ലാ വികാരങ്ങളും മറന്നു നടന്നിട്ട് വെയിലേറ്റു വെന്ത മണ്ണിൽ വീണു കിടക്കുന്ന മനുഷ്യൻ. വീർഭയ പിന്നെ ഒന്നും മിണ്ടിയില്ല. അവശതയുടെ ശ്വസവും പിന്നെ ഞാനാ മുഖത്ത് കണ്ടില്ല… അയാളുടെ കാലുകളുടെ മുറിവിൽ ഈച്ചകൾ പൊതിഞ്ഞുകൂടുന്നുണ്ട്. ഈച്ചയെ ഓടിച്ചു വീർഭയയുടെ ശരീരത്തിന് കൂടെ നിലത്തിരുന്നു… വെയിലുമാറി തണലു വന്നിട്ടും മരിച്ച വീർഭയയേയും ആ ഈച്ചകളേയുമല്ലാതെ ഒരു ജീവനെയും ഞാൻ കണ്ടില്ല.… റോഡിനു കുറച്ചു താഴെയുള്ള മണ്ണിലേക്ക് എന്നേക്കാൾ രണ്ടിരട്ടിയേറെ ഭാരമുള്ള വീർഭയയെ ഞാൻ വലിച്ചു നടന്നു. അവശത അതിന്റെ മുർച്ചതയിൽ ശരീരമൊന്നാകെ തളർത്തി. ഒരു മനുഷ്യന് ചുരുണ്ടുകൂടി കിടക്കാൻ പാകമില്ലാത്ത കുഴി കുഴിച്ച് വീർഭയയുടെ ശരീരം മണ്ണിട്ടു മൂടി. ഒരു പൊടിപോലും പുറത്തു കാണുന്നില്ലെന്നുറപ്പിച്ച് മണ്ണിട്ടു. കാലു ക്ഷീണിച്ച് ശരീരം പിറകോട്ട് തെന്നിവീണു. മനസ്സെത്ര ശ്രമിച്ചിട്ടും ശരീരത്തിന് ഇത്തിരിപോലും എണീക്കാൻ പറ്റുന്നില്ല. വീർഭയയുടെ ചാരെ തളർന്നു കിടന്ന് ഇരുട്ട് മൂടിയ മാനത്തേക്ക് ഒരിറ്റുനോക്കി. പാതി മരിച്ച നക്ഷത്രങ്ങൾ ഇരുട്ടിൽ പതുങ്ങി നിന്നു, മരണം തൊണ്ടയിലെത്തിയ മനുഷ്യരുടെ പാതിക്കു വേണ്ടി. ഒരു പത്തു ദിവസം കൂടി നടക്കാനായെങ്കിൽ വീർഭയയുടെ വീടെത്താമായിരുന്നു. കയ്യിലെ തിപ്പെട്ടി കൂട് കീറിപ്പറഞ്ഞ സഞ്ചിയിൽ പതുക്കെ ഏന്തി തിരുകി വെച്ചു. ഉയർത്തിയ കൈകൾ പതുക്കെ തളർന്നു മണ്ണിൽ വീണു. ഇരുട്ടിൻ്റെ ഇരമ്പലുകൾക്കു മുമ്പിൽ തളർന്ന ശ്വസവുമായി ഒരു അന്യദേശക്കാരനായ മനുഷ്യൻ ആ മരണത്തിൻ്റെ മണ്ണിൽ പതിഞ്ഞുറങ്ങി.…