വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍

Web Desk
Posted on August 20, 2019, 7:18 pm

ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന അസഹിഷ്ണുതക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബംഗാളി ചലച്ചിത്ര‑നാടക പ്രവര്‍ത്തകര്‍. സംവിധായിക അപര്‍ണ സെന്‍ അടക്കമുള്ള 27 പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തുറന്ന കത്തയച്ചു.
സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്. നടന്‍ പരംബ്രത ചധോപാധ്യായ, നാടകരംഗത്തെ പ്രമുഖരായ സുഗാഹ് സെന്‍, കൗശിക് സെന്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ പൗരന്മാര്‍ സംസാരിക്കുന്നു എന്ന പേരിലുള്ള കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. രാജ്യത്ത് ഉയരുന്ന എല്ലാതരം വിയോജിപ്പുകളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുളളവര്‍ കത്തയച്ചിരുന്നു. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി, മണിരത്‌നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലതുപക്ഷ സംഘടനകള്‍ ആക്രമണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അനുരാഗ് കശ്യപിന് ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നത്. മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെത്തുടര്‍ന്ന് തനിക്ക് ഭയപ്പാടോടെയല്ലാതെ സംസാരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിന്‍വാങ്ങുന്നു എന്നായിരുന്നു കശ്യപിന്റെ അവസാന ട്വിറ്റര്‍ കുറിപ്പ്.