Web Desk

തിരുവനന്തപുരം

January 13, 2021, 9:40 pm

അപ്‌നാഘര്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കും: അതിഥി തൊഴിലാളികള്‍ക്ക് കേരളം തണലാകുന്നു

Janayugom Online

ഇതര സംസ്ഥാനതൊഴിലാളികള്‍ക്കായി താമസ സൗകര്യം ഉറപ്പാക്കുന്ന അപ്‌നാഘര്‍ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ‘ഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡന്‍സ് ഇന്‍ കേരള’ (ആലയ്) എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തെയാകെ ഗ്രസിച്ച കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ചികിത്സയും താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിച്ചിരുന്നു.

ഏകദേശം നാലു ലക്ഷത്തോളം അതിഥി തൊഴിലാളികളെയാണ് ഇത്തരത്തില്‍ കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള സര്‍ക്കാര്‍ സ്വന്തം ജനങ്ങളെപ്പോലെ ചേര്‍ത്തുപിടിച്ചത്. ഒരു ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം വീടുകളില്‍ എത്തുന്നതിനുള്ള ഗതാഗത സംവിധാനവും ഭക്ഷണവും ഉല്‍പ്പെടെ ഉറപ്പാക്കിയാണ് കേരള സര്‍ക്കാര്‍ യാത്രയയച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡിക്ഷണല്‍ ചീഫ് സെക്രട്ടറിയുടെയും ലേബര്‍ കമ്മീഷണറുടെയും നേതൃത്വത്തില്‍ തയാറാക്കിയ വാര്‍ റൂം സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

നിലവില്‍ കേരളത്തിലേക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ മടങ്ങിയെത്തിത്തുടങ്ങിയ സാഹചര്യത്തില്‍ ഇവര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടികല്‍ സ്വീകരിക്കുന്നത്. ഇതിനായാണ് സ്വകാര്യ കെട്ടിട ഉടമകളുടെ സഹകരണത്തോടെ ലേബര്‍ കമ്മീഷണറേറ്റിന്റെ വെബ് പോര്‍ട്ടല്‍ വഴി താമസ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ആലയ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ രഞ്ജിത് മനോഹര്‍, കെ.ശ്രീലാല്‍ എന്നിവരും പങ്കെടുത്തു.

അപ്‌നാഘറിനൊപ്പം ആലയ് പദ്ധതിയും; അതിഥി തൊഴിലാളികള്‍ക്ക് കേരളം തണലാകുന്നു

രാജ്യത്ത് ഇദംപ്രഥമമായി അതിഥി തൊഴിലാളികള്‍ക്ക് അപ്‌നാഘര്‍ എന്ന പേരില്‍ പാലക്കാട് കഞ്ചിക്കോടും കിനാലൂരിലും താമസ സൗകര്യം ഉറപ്പാക്കിയ കേരള സര്‍ക്കാര്‍ പുതുതായി ആവിഷ്‌ക്കരിച്ച ആലയ് പദ്ധതി വഴി വൃത്തിയും സുരക്ഷിതത്വവുമുള്ള വാടക വീടുകളും സജ്ജമാക്കി. ‘ഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡന്‍സ് ഇന്‍ കേരള’ (ആലയ്) എന്ന പേരില്‍ ആരംഭിച്ച പദ്ധതി തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ തന്റെ ചേംബറില്‍ ഉദ്ഘാടനം ചെയ്തതോടെ അതിഥി തൊഴിലാളികളെ സ്വന്തമായി കരുതുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. 6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്‌ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്‌ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ലേബര്‍ കമ്മീഷണറേറ്റിന്റെ www.lc.kerala.gov.in എന്ന സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിഥി തൊഴിലാളികള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രവേശിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാം.

പദ്ധതി നടത്തിപ്പിനായും മോണിറ്ററിംഗിനുമായും ആര്‍ഡിഓ/ സബ് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ലേബര്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി ത്രിതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

പോര്‍ട്ടല്‍ മുഖാന്തിരം നിലവില്‍ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 370 ഓളം കെട്ടിടങ്ങള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാള്‍ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത്.

Eng­lish sum­ma­ry: Apna Khar project for guest workers
You may also like this video: