20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024

സംഘടനാ തെരഞ്ഞെടുപ്പിനായി മുറവിളി ; ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലങ്ങളിലേക്ക്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
September 2, 2021 11:10 am

ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്‍റെ തീരുമനത്തിലുള്ള പ്രതിഷേധം ശക്തമക്കാന്‍ എ, ഐ ഗ്രൂപ്പുകളില്‍ ധാരണയായി. കെപിസിസിയുടെ അച്ചടക്ക നടപടിയിൽ എ, ഐ ഗ്രൂപ്പുകളിൽ അമർഷം പുകയുന്നു. പരസ്യവിമർശം തൽക്കാലം നിർത്തി പരാതിയുമായി ഹൈക്കമാൻഡിനെ നേരിട്ട്‌ സമീപിക്കാനാണ്‌ തീരുമാനം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ സംസ്ഥാന നേതൃത്വവുമായി ചേർന്ന്‌ ഏകപക്ഷീയ നിലപാട്‌ എടുക്കുകയാണെന്നും പരാതിയുണ്ട്‌. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരേയാണ് ഗ്രൂപ്പുകളുടെ നീക്കം. ഇതിനായി ഗ്രൂപ്പ്‌ ക്യാമ്പുകളിൽ തിരക്കിട്ട നീക്കങ്ങളും നടക്കുകയാണ്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കണ്ണൂരിൽ കൂടിക്കാഴ്‌ച നടത്തി. മുൻ എ ഗ്രൂപ്പുകാരനും കെപിസിസി വർക്കിങ്‌ പ്രസിഡന്റുമായ ടി സിദ്ദിഖ്‌ ഉമ്മൻചാണ്ടിയെ കണ്ട്‌ രഹസ്യ ചർച്ച നടത്തി. കെപിസിസി, ഡിസിസി പുനഃസംഘടനാനടപടിയിൽനിന്ന്‌ പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ വി ഡി സതീശനും കെ സുധാകരനും. പുനഃസംഘടനയിൽ പേരുകൾ നിർദേശിക്കുന്നത്‌ ആലോചിച്ച്‌ മതിയെന്ന്‌ എ, ഐ ഗ്രൂപ്പുകൾ ധാരണയായി. സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ നേരിട്ട്‌ വിളിച്ചാൽ മാത്രമേ ചർച്ചയ്‌ക്കുള്ളൂവെന്നാണ്‌ നിലപാട്‌. ഹൈക്കമാൻഡ്‌ പ്രതിനിധികൾ ഇതിനെ പരിഹാസത്തോടെയാണ്‌ തള്ളിയത്‌.

അച്ചടക്കനടപടിയിലെ ഇരട്ടനീതിയിൽ രമേശ്‌ ചെന്നിത്തല അതൃപ്‌തി പരസ്യമാക്കിയിട്ടുണ്ട്‌. എന്നാൽ, അച്ചടക്ക നടപടി അനിവാര്യമെന്ന്‌ താരിഖ്‌ അൻവർ ഹൈക്കമാൻഡിനെ അറിയിച്ചു. നടപടി എടുത്തില്ലെങ്കിൽ വൻ പൊട്ടിത്തെറി ഉണ്ടായാനേ എന്നാണ്‌ കെ സി വേണുഗോപാലും നേതൃത്വത്തെ ധരിപ്പിച്ചത്‌. ഗ്രൂപ്പ്‌ രഹിതം എന്ന്‌ പ്രഖ്യാപിച്ച നേതൃത്വം പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കുകയാണെന്നും പരാതിയുണ്ട്‌. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേര്‍ന്ന് കെ സി വേണുഗോപാലിന്‍റെ പിന്തുണയോടെയാണ് കേരളത്തില്‍ പുതിയ ഗ്രൂപ്പ് വരുന്നത്. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ .മുരളീധരന്‍ എന്നിവരുടെ പിന്തുണയും ഇവര്‍ക്കൊപ്പമാണ്. വരും ദിവസങ്ങളിലേക്കുള്ല തന്ത്രങ്ങള്‍ മെനയുകയാണ് ഗ്രൂപ്പുകള്‍. ബൂത്ത്തലം മുതല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കുവനാണ് തീരുമാനം. ഗ്രൂപ്പില്‍ നിന്നും പലരും പുതിയ ചേരിയിലേക്ക് പോകുന്നതു തടയുവാനാണ് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കി മുമ്പോട്ട് പോകുവാനുള്ള ഗ്രൂപ്പ് മാനേജര്‍ എടുത്തിട്ടുള്ളത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തലയും തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പറയേണ്ട കാര്യങ്ങള്‍ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്പാര്‍ട്ടിയില്‍ ഇരട്ടനീതിയുണ്ടോയെന്നും ഉണ്ണിത്താനെതിരെ നടപടിയെടുക്കാത്തതും ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് നോക്കാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചതോടെ ‘ വരട്ടെ, നമുക്കു നോക്കാം’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നും ചെന്നിത്തല പറഞ്ഞു.നേരത്തെ കേരളത്തിനു മാത്രമായി തെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. അഖിലേന്ത്യാ ഷെഡ്യൂളിന്റെ ഭാഗമായും തെരഞ്ഞെടുപ്പാവണം. ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതികരിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ജനം വിലയിരുത്തട്ടെയെന്ന് ചെന്നിത്തല പറയുന്നുഡി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.അതേസമയം ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയത്. പട്ടികയ്ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ഇരു നേതാക്കളും അറിയിച്ചിരുന്നു. ഇതിനിടെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിക്കാൻ എ, ഐ ഗ്രൂപ്പ് നേതൃത്വം. ദേശീയ തലത്തിൽത്തന്നെ സംഘടനാ തിരഞ്ഞെടുപ്പ് മുടങ്ങിക്കിടക്കുന്നതിനാൽ കേരളത്തിൽമാത്രമായി പെട്ടെന്ന് നടത്തുക എളുപ്പമാകില്ല. എന്നാൽ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കാനുള്ള നീക്കം ഈയാവശ്യം മുൻനിർത്തി ചെറുക്കുകയാണ് നേതൃത്വത്തിന്റെ തന്ത്രം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതിയും ഗ്രൂപ്പ് നേതൃത്വം ഹൈക്കമാൻഡിന്റെ മുമ്പിൽ ഉന്നയിക്കും. ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനിയും പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വവും.

Eng­lish Sum­ma­ry: Appeal for orga­ni­za­tion­al elec­tions; Group activ­i­ties to booth levels

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.