നിര്‍മ്മിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി എഐയെ ഏറ്റെടുക്കാൻ ആപ്പിള്‍. എഐ ലോകത്ത് അതിവേഗത്തിൽ മുന്നേറുന്ന സെർച്ച് എന്‍ജിനായ പെർപ്ലെക്സിറ്റിയുടെ മൂല്യം 14 ബില്യൺ ഡോളറാണെന്നാണ് കണക്ക്. ആപ്പിളിന്റെ നീക്കം വിജയത്തിലെത്തിയാല്‍ ടെക് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലിനായിരിക്കും സാക്ഷ്യം വഹിക്കുക. 2014 ലെ മൂന്ന് ബില്യൺ ഡോളറിന്റെ ബീറ്റ്സ് ഏറ്റെടുക്കലിനെയാവും ഇത് മറികടക്കുക.
ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും ആപ്പിളിന്റെ എം ആന്റ് എ മേധാവി അഡ്രിയാൻ പെരിക്ക, സർവീസസ് മേധാവി എഡ്ഡി ക്യൂ, എഐ ഗവേഷണത്തിലെ പ്രധാന വ്യക്തികൾ അടക്കം ഇവയിൽ പങ്കെടുത്തിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോർട്ട് ചെയ്തു.
മുഴുവനായിട്ട് വാങ്ങുന്നതിന് പകരം പങ്കാളിത്തം ഉറപ്പാക്കാനുള്ള വഴികളും ആപ്പിൾ പരിഗണിക്കുന്നുണ്ട്. ഓപ്പൺ എഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ വമ്പന്മാരുമായുള്ള നിർമ്മിതബുദ്ധി മത്സരത്തില്‍ ആപ്പിള്‍ പിടിച്ചു നിൽക്കാനാകാതെ കഷ്ടപ്പെടുകയാണ്. പെർപ്ലെക്സിറ്റി സ്വന്തമാക്കിയാൽ ഒറ്റയടിക്ക് ആപ്പിളിന് എഐ സെർച്ച് എന്‍ജിനടക്കമുള്ള സൗകര്യങ്ങളില്‍ ഒപ്പമെത്താനാകും. ആപ്പിളിനൊപ്പം മെറ്റയും സാംസങ്ങും പെർപ്ലെക്സിറ്റിയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2022 ലാണ് പെർപ്ലെക്സിറ്റി എഐ സ്ഥാപിതമായത്. മൂന്നുവര്‍ഷംകൊണ്ട് 14 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ അരവിന്ദ് ശ്രീനിവാസനാണ് കമ്പനിയുടെ സ്ഥാപക സിഇഒ. ഡെനിസ് യാരറ്റ്സ്, ജോണി ഹോ, ആൻഡി കോൺവിൻസ്കി എന്നിവരാണ് സഹസ്ഥാപകര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.