കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്തതും പരമാവധി 4.04 ആർ (പത്ത് സെന്റ്) വിസ്തൃതിയുള്ളതുമായ ഭൂമിയിൽ 120 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് വേണ്ടിയുള്ള മുഴുവൻ അപേക്ഷകളും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ 28ന് മുമ്പ് തീർപ്പാക്കി അപേക്ഷകനെ അറിയിക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഇത്തരം നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ല. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഈ ആനുകൂല്യം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത 2.02 ആർ (അഞ്ച് സെന്റ്) വിസ്തൃതിയുള്ള ഭൂമിയിൽ പണിയുന്ന 40 ചതുരശ്ര മീറ്റർ വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും ബാധകമാണ്.
സെൽഫ് സർട്ടിഫിക്കേഷനോടുകൂടി അർഹതയുള്ള ലോ റിസ്ക് കെട്ടിടമായതിനാൽ കാലതാമസമില്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും, സ്ഥല പരിശോധന മുതലായവ സമയബന്ധിതമായി നിർവഹിക്കുന്നുവെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 28നുള്ളിൽ തീർപ്പാക്കും. കൂടുതൽ രേഖകൾ, അപേക്ഷക സാന്നിധ്യം എന്നിവ ആവശ്യമായ അപേക്ഷകളിൽ 27, 28 തീയതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അദാലത്തുകൾ സംഘടിപ്പിച്ച് തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമാനുസൃതമുള്ള നിർമ്മാണങ്ങൾക്ക് തടസം നിൽക്കുന്നത് അനുവദിക്കാനാവില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ആനുകൂല്യമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും തരംമാറ്റത്തിനുമായി അപേക്ഷകർ റവന്യു അധികാരികളെ ഇപ്പോഴും സമീപിക്കുന്നതും തരംമാറ്റാത്ത കേസുകളിൽ പെർമിറ്റ് നിഷേധിക്കുന്നതും പരിഗണിച്ചാണ് സർക്കാർ ഇടപെടൽ. ഈ സമീപനം മൂലം 2018ലെ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ആനുകൂല്യം ജനങ്ങൾക്ക് പലപ്പോഴും അനുഭവവേദ്യമായിരുന്നില്ല. അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ കൃത്യമായി മനസിലാക്കാതെയുമുള്ള ഉദ്യോഗസ്ഥ ഇടപെടൽ മൂലം ലൈഫ് ഗുണഭോക്താക്കളുൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിയമസഭയിൽ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെ തീരുമാനപ്രകാരമാണ് അപേക്ഷകൾ ഉടൻ തീർപ്പാക്കാനും, അദാലത്തുകൾ സംഘടിപ്പിക്കാനുമുള്ള നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.